തൃശൂർ: തിരഞ്ഞെടുപ്പിൽ, ജയിച്ചാലും, തോറ്റാലും തൃശൂർ ശക്തൻ മാർക്കറ്റ് നവീകരണത്തിൽ ഇടപെടുമെന്ന് സുരേഷ് ഗോപി എംപി ഉറപ്പു നൽകിയിരുന്നു. ആ ഉറപ്പ് അദ്ദേഹം പാലിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തൻ മാർക്കറ്റിൽ എത്തിയപ്പോഴാണ് മാർക്കറ്റിന്റെ ശോചനീയാവസ്ഥ തൊഴിലാളികൾ സുരേഷ് ഗോപി എംപിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

വാക്കുപാലിച്ച എംപി തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസിനെ സന്ദർശിച്ച് ഒരു കോടി രൂപ അനുവദിച്ച വിവരം അറിയിച്ചിരുന്നു. എംപി ഫണ്ടിൽ നിന്നോ കുടുംബ ട്രസ്റ്റിൽ നിന്നോ ആവും തുക കൈമാറുക. പത്തു കോടി രൂപയുടെ ബൃഹത് പദ്ധതിയാണ് ശക്തൻ മാർക്കറ്റിനു വേണ്ടി കോർപറേഷൻ തയ്യാറാക്കിയിരിക്കുന്നത്.

മാർക്കറ്റിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് മനസ്സിലാക്കാൻ എംപി മേയർക്കൊപ്പം മാർക്കറ്റ് സന്ദർശിച്ചു. മാർക്കറ്റും പരിസരവും നടന്ന് കണ്ട സുരേഷ് ഗോപിക്ക് മാർക്കറ്റിലെ ശോച്യാവസ്ഥയിലുള്ള കുളം മേയർ കാണിച്ച് കൊടുത്തു. മാർക്കറ്റിലെ കുടിവെള്ള സ്ത്രോതസ്സായ കുളം നവീകരിക്കാനും കുടിവെള്ള ടാങ്ക് പുതുക്കിപ്പണിയാനും വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്നും സന്ദർശന ശേഷം എംപിയും മേയറും അറിയിച്ചു.

മാർക്കറ്റ് നവീകരണത്തിന് ഇപ്പോൾ അനുവദിച്ച ഒരു കോടി കൂടാതെ കൂടുതൽ തുക അനുവദിക്കാൻ സാധിക്കുമോയെന്ന് പരിശോധിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. മാർക്കറ്റ് വികസനത്തെക്കുറിച്ച് മേയറുടെ ചേംബറിൽ അടുത്ത ദിവസം എംപിയും മേയറും ചേർന്ന് ചർച്ച നടത്താനും തീരുമാനിച്ചു.

കൂടാതെ മാർക്കറ്റിൽ നിന്നും ആറരക്കിലോയോളം തൂക്കം വരുന്ന നെയ്മീനും വാങ്ങി. മീൻ വിലയോക്കാൾ കൂടുതൽ തുക കൊടുത്ത എംപി ബാക്കി പണത്തിന് എല്ലാവർക്കും ചായയും വടയും വാങ്ങി നൽകാനും പറഞ്ഞു. വ്യാപാരികൾ ഏറെ സന്തോഷത്തോടെയാണ് സുരേഷ് ഗോപിയെ യാത്രയാക്കിയത്. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാർ, സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ വർഗ്ഗീസ് കണ്ടംകുളത്തി, കോർപറേഷൻ എൻജിനീയർ, കോർപറേഷൻ കൗൺസിലർമാർ എന്നിവരും അദ്ദേഹത്തോടൊപ്പം മാർക്കറ്റ് സന്ദർശിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃശൂർ നഗരത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി ജനങ്ങൾക്ക് വാക്ക് നൽകിയിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ജില്ലയ്ക്ക് വേണ്ടി അദ്ദേഹം നിരവധി കാര്യങ്ങൾ ചെയ്തു. നഗരത്തിന്റെ വികസനത്തിന് വേണ്ടിയാണ് എംപി ഫണ്ടിൽ നിന്നും സഹായം അനുവദിച്ചത്.

ശക്തന്മാർക്കറ്റിൽ വിദേശ രാജ്യങ്ങളിലുള്ളതിനു സമാനമായ ആധുനിക സൗകര്യങ്ങളോടെയുള്ള വ്യാപാര സമുച്ചയമാണ് നിർമ്മിക്കുക. ലോറിപ്പേട്ട, വാഹന പാർക്കിങ് ഏരിയാ, ആധുനിക രീതിയിലുള്ള മത്സ്യ-മാംസ കടകൾ, പച്ചക്കറി-പഴക്കടകൾ എന്നിവയും നിർമ്മിക്കും. തെരഞ്ഞെടുപ്പു വേളയിൽ ശക്തൻ നഗർ വികസനത്തിനു പദ്ധതിയിടുമെന്നു സുരേഷ്ഗോപി വാഗ്ദാനം നൽകിയിരുന്നു. അതോടനുബന്ധിച്ചാണ് പദ്ധതികൾ.വികസന പ്രവർത്തനങ്ങൾ ഒരു കോടി രൂപയിൽ ഒതുങ്ങില്ലെന്നും തന്റെ സ്വപ്ന പദ്ധതിയായ 700 കോടി രൂപയുടെ 'ഗ്രേറ്റർ ശക്തൻ' എന്ന ബ്രഹത് പദ്ധതിക്ക് സുരേഷ് ഗോപി പരിപൂർണ പിന്തുണ നൽകിയതായും മേയർ എം കെ വർഗീസ് അറിയിച്ചിരുന്നു.