മംഗളൂരു: കക്ഷിരാഷ്ട്രീയം പന്തയമാണ്. പന്തയത്തിൽ ജയിക്കേണ്ടത് ഓടി ഒന്നാമെത്തത്തിയാണ്. അല്ലാതെ എതിരാളിയെ കൊന്നുകൊണ്ടല്ല- നടനും എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് സിപിഎമ്മിനോട് പറയാനുള്ളതാണ് ഇത്. കണ്ണൂരിൽ നടക്കുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെ മംഗളൂരു പ്രജാസഭ സംഘനികേതനിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു സുരേഷ് ഗോപി. ആർഎസ്എസുമായി ചേർന്ന് നിൽക്കുന്ന സംഘടനായാണ് ഇത്

ദേശീയ പതാകയിൽ അഹിംസയുടെ മുദ്രചാർത്തിയ രാജ്യത്താണ് കക്ഷിരാഷ്ട്രീയത്തിന്റെ പേരിൽ കൊലപാതക പരമ്പര അരങ്ങേറുന്നത്. കണ്ണൂരിൽ അക്രമങ്ങൾ ആവർത്തിക്കുമ്പോൾ പേടിയല്ല, നൊമ്പരമാണ് ആരിലും ഉണ്ടാവുക. മനുഷ്യത്വം ഉള്ളവർ തേങ്ങിപ്പോകും, പ്രകൃതി പോലും-സുരേഷ് ഗോപി വികാര ഭരിതനായി.

ജയകൃഷ്ണൻ മാസ്റ്റരുടെ കൊല നടന്നപ്പോൾ മുഖ്യമന്ത്രി നായനാരുടെ പിന്തുണയോടെ സിനിമാ പ്രവർത്തകരെ സംഘടിപ്പിച്ച് കണ്ണൂരിലെ സമാധാന പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ കാര്യം ഓർെത്തടുത്ത സുരേഷ് ഗോപി പാർട്ടി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ പിന്തുണയോടെ വീണ്ടുമൊരു സമാധാന ശ്രമത്തിന്റെ വഴിയിലാണ് താനെന്ന് വെളിപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ പിന്തുണ ഇതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി. അംഗത്വം സ്വീകരിച്ചുകൊണ്ട് പാർട്ടിക്ക് മുമ്പിൽ വച്ച തന്റെ ആദ്യ അഭ്യർത്ഥനയാണിതെന്നും സുരേഷ് ഗോപി പറഞ്ഞു.

മുമ്പ് കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിൽ പരിക്കേറ്റ കൂത്തുപറമ്പിലെ സദാനന്ദൻ മാസ്റ്റർ കണ്ണൂർ ജില്ലയിൽ 1969 മുതൽ അരങ്ങേറിയ അക്രമരാഷ്ട്രീയത്തിന്റെ ഓർമച്ചിത്രം ചുരുക്കം വാക്കുകളിൽ അവതരിപ്പിച്ചു. പൊയ്ക്കാലിലാണ് അദ്ദേഹം എത്തിയത്. ജില്ലയിലെ അക്രമത്തിൽനിന്ന് ജീവിതത്തിൽ തിരിച്ചെത്തിയ മറ്റ് ഏഴുപേർ കൂടി പരിപാടിയിൽ പങ്കെടുത്തു.

കേരളത്തിലെ ആത്മത്യാഗത്തിന്റെ ഇനിയും പറയാത്ത കഥകൾ ആഹൂതി എന്ന പേരിലായിരുന്നു പരിപാടി. കണ്ണൂരിൽ അരങ്ങേറുന്ന അക്രമപരമ്പരകൾക്കെതിരെ പൊതുജനാഭിപ്രായം സംഘടിപ്പിക്കാൻ സംഘപരിവാർ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായാണ് ഇത്. പതിവിൽ നിന്ന് വ്യത്യസ്തമായി കത്തുന്ന നിലവിളക്കിൽ എണ്ണ പകർന്നുകൊണ്ടായിരുന്നു പരിപാടിയുടെ ഉദ്ഘാടനം.