തിരുവനന്തപുരം: കരൾ രോഗത്താൽ ദീർഘനാളായി കഷ്ടപ്പെട്ടിരുന്ന കെപിഎസി ലളിതയ്ക്ക് ചികിൽസാ സഹായം പ്രഖ്യാപിച്ചപ്പോൾ ഒരുവിഭാഗം കടുത്ത എതിർപ്പ് ഉയർത്തിയത് കലാസ്‌നേഹികളെ വിഷമിപ്പിച്ച സംഭവമായിരുന്നു. സിപിഎമ്മിനോട് അടുത്ത് നിന്ന ലളിതയ്ക്ക് രാഷ്ട്രീയ ചായ് വ് നോക്കി സാമ്പത്തിക സഹായം ചെയ്യുന്നു എന്നായിരുന്നു ചില കോൺഗ്രസ് നേതാക്കൾ അടക്കം ഉയർത്തിയ ആക്ഷേപം. ബഹുമുഖ പ്രതിഭയായിരുന്ന നടിയുടെ മരണാന്തരം ഇക്കാര്യം ഓർക്കുകയാണ് നടൻ സുരേഷ് ഗോപി. കെപിഎസി ലളിതയ്ക്ക് സംസ്ഥാന സർക്കാർ പിന്തുണ നൽകിയപ്പോൾ സോഷ്്യൽ മീഡിയയിൽ വന്ന ചില കമന്റുകൾ കണ്ടപ്പോൾ തനിക്ക് സഹിക്കാൻ പറ്റിയില്ലെന്ന് സുരേഷ് ഗോപി ഒരു ഓൺലൈൻ മാധ്യമത്തിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

'ചേച്ചിയുടെ ജീവിത ചരിത്രം ചികഞ്ഞു നോക്കിയാൽ അതത്ര സുന്ദരമൊന്നുമല്ല. എനിക്ക് വിഷമം തോന്നിയ കാര്യമുണ്ട്. ചേച്ചിക്ക് കേരള സർക്കാർ പിന്തുണ നൽകിയപ്പോൾ സോഷ്യൽ മീഡിയയിൽ വന്ന ചില കമന്റുകൾ! അതു കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. ഒരാളുടെ ഏറ്റവും നല്ല വർണശബളമായ ജീവിതത്തിൽ പെട്ടന്നൊരു ഷിഫ്റ്റ് ഉണ്ടായി. മലയാള ചലച്ചിത്രലോകത്തിന് ഇത്രയേറെ സംഭാവന നൽകിയ വ്യക്തി എന്ന നിലയ്ക്ക് ഗവൺമെന്റ് എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചപ്പോൾ, അതിനെ സമൂഹം എടുത്ത രീതി വളരെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു. ചേച്ചിയുടെ ജീവിതത്തിന്റെ അവസ്ഥ അങ്ങനെയായിരുന്നു.'

'സ്ത്രീശാക്തീകരണത്തിന്റെയൊക്കെ ഒരു ബിംബം തന്നെയാണ് ലളിതച്ചേച്ചി. ഭരതേട്ടനില്ലാതെ, ഒരച്ഛന്റെ തുണയില്ലാതെ ഒരു മോനെയും മോളെയും വളർത്തി വലുതാക്കി അവരെ എത്തിക്കേണ്ടിടത്ത് എത്തിച്ചു. ചേച്ചി അത്രയും ശക്തയായി നിന്ന് ഒരുപാട് ജോലി ചെയ്തു. പക്ഷേ, കയ്യിലെത്ര ബാക്കിയുണ്ടെന്ന് ആരും അന്വേഷിച്ചില്ല. അങ്ങനെ ആരുടെയും ദാനം കൈപ്പറ്റുന്ന ഒരു സ്ത്രീ അല്ല ചേച്ചി. ജീവിതത്തിൽ ഒരുപാട് യാതനകൾ അനുഭവിച്ചിട്ടുണ്ട്. എന്നേക്കാൾ കൂടുതൽ ലളിതശ്രീ ചേച്ചിക്കൊക്കെ അക്കാര്യം നന്നായി അറിയാം'-സുരേഷ് ഗോപി എഴുതി.

കെ പി എ സി ലളിത സർക്കാർ സഹായം വേണ്ടവരുടെ വിഭാഗത്തിൽപ്പെട്ടതാണെന്ന് സർക്കാർ നിശ്ചയിച്ചതിനാലാണ് ചികിത്സാ സഹായം നൽകുന്നതെന്നും അതിൽ സംശയമുണ്ടെങ്കിൽ മാധ്യമങ്ങൾ അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും സുരേഷ് ഗോപി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സർക്കാരിന്റെ മുന്നിൽ അപേക്ഷ എത്തിയതിനാലാകാം സാമ്പത്തിക സഹായം നൽകുന്നതെന്നും ഇതൊക്കെ സർക്കാരിന്റെ അവകാശങ്ങളിൽപ്പെട്ട കാര്യങ്ങളാണെന്നും താൻ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

സർക്കാരിന്റെ സത്യസന്ധതയിൽ നിങ്ങൾക്ക് സംശയം തോന്നുന്നുണ്ടെങ്കിൽ സത്യാവസ്ഥ അന്വേഷിച്ചു കണ്ടെത്തുകയാണ് വേണ്ടതെന്നും അല്ലാതെ അതിനെ കുറിച്ച് പുലഭ്യം പറഞ്ഞു നടക്കുന്നത് തെറ്റാണെന്നും മാധ്യമങ്ങളോട് സുരേഷ് ഗോപി പറഞ്ഞു.കേന്ദ്രസർക്കാരിന്റെ ഫണ്ടിൽ നിന്ന് കലാകാരന്മാർക്ക് ചികിത്സാ സഹായം നൽകാറുണ്ട്. തന്റെ വകയായി മാത്രം 36 പേർക്ക് വർഷം തോറും സഹായം നൽകുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലെ കണക്ക് അനുസരിച്ച് ഇതിനോടകം രണ്ട് കോടി 50 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകി കഴിഞ്ഞുവെന്നും സുരേഷ് ഗോപി പറഞ്ഞു.

ഗുരുതരമായ കരൾ രോഗം പിടിപെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കെ പി എ സി ലളിതയ്ക്ക് സർക്കാർ ചികിത്സ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനെ വിമർശിച്ചു കൊണ്ട് നിരവധി പേർ രംഗത്ത് വരികയും, പാവപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമ്പോഴും സിനിമാ നടിക്ക് ലക്ഷങ്ങൾ സർക്കാർ നൽകുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ചിലർ കരുതുന്നത് പോലെ കെ പി എ സി ലളിതയ്ക്ക് വലിയ സമ്പാദ്യമില്ലെന്നും അഭിനയത്തിലൂടെ ലഭിക്കുന്നത് തുച്ഛമായ പണം മാത്രമായിരുന്നെന്നും മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കിയിരുന്നു. നടിയുടെ ഭാഗത്ത് നിന്നും സഹായിക്കണമെന്ന് അപേക്ഷ ലഭിച്ചതിനാലാണ് സർക്കാർ നടപടി കൈക്കൊണ്ടതെന്നും മന്ത്രി വിശദീകരിച്ചിരുന്നു.

കെപിഎസി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാൻ മുന്നോട്ട് വരുന്നവർ ഒരു വട്ടം കൂടി ആലോചിക്കണമെന്ന് അന്ന് കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്ന പിടി തോമസ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. അവരുടെ രാഷ്ട്രീയ നിലപാടുകളെ ബഹുമാനിക്കണം. നടന നാടക സിനിമാ ലോകത്തിന് അവർ നൽകിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാൻ മലയാളികൾ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും പിടി മുന്നറിയിപ്പ് നൽകിയിരുന്നു. അധികം വൈകാതെ പിടിയും രോഗാതുരനായി മൺമറഞ്ഞു.