മഞ്ചേശ്വരം: അണികളുടെ കൈയടി നേടന്ന പഞ്ച് രാഷ്ട്രീയ ഡയലോഗുകൾ പറഞ്ഞ്് നടൻ സുരേഷ് ഗോപി ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സുരേഷ് ഗോപി ഇന്ന് മുതൽ ബിജെപി സ്ഥാനാർത്ഥികൾക്കായി പ്രചരണം ആരംഭിച്ചത്. യുഡിഎഫ് സർക്കാറിനെതിരെ ആഞ്ഞടിച്ചു കൊണ്ടാണ് അദ്ദേഹം പ്രചരണത്തിന് തുടക്കമിട്ടത്. എൻഡിഎയുടെ കാസർകോട്, മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഉദ്ഘാടന ചെയ്തു കൊണ്ടാണ് അദ്ദേഹം സജീവമായത്.

കഴിഞ്ഞ നിയമസഭയിൽ ബിജെപിയുടെ അഞ്ച് എംഎൽഎ മാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ യുഡിഎഫ് സർക്കാരിന് കാലാവധി തികയ്ക്കാൻ കഴിയുമായിരുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. മന്ത്രിമാർ ഉൾപ്പെട്ട സോളാർ, ബാർ തുടങ്ങിയ അഴിമതി ഇടപാടുകളെ പ്രതിപക്ഷത്തിന് നിയമസഭയ്ക്കകത്ത് കാര്യക്ഷമതയോടെ നേരിടാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി എംഎൽഎമാരുടെ സാന്നിധ്യം ഇടപെടലും സഭയ്ക്കുള്ളിലുണ്ടായിരുന്നെങ്കിൽ മൂന്നു വർഷം കൊണ്ടു തന്നെ യുഡിഎഫ് ഭരണം അവസാനിച്ചേനെ. ഇത്തവണ നിയമസഭയിൽ ബിജെപി അംഗങ്ങളുണ്ടാവും. എത്ര എണ്ണംഎന്നല്ല, സർക്കാരിന് ആജ്ഞ നൽകുന്ന തരത്തിൽ ബിജെപി അംഗങ്ങളുടെ സാന്നിധ്യമുണ്ടാവും. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ വികസന അജണ്ടകൾ നടപ്പാക്കുന്ന ഏജന്റുമാരായി നിയമസഭയിലേക്ക് ജയിക്കുന്ന ബിജെപി അംഗങ്ങൾ മാറും.- സുരേഷ് ഗോപി പറഞ്ഞു.

വി എസ്. അച്യുതാനന്ദനെപ്പോലെ തന്നെ താൻ ആദരിച്ചിരുന്ന വ്യക്തിയായിരുന്നു വി എം. സുധീരനെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എന്നാൽ മന്ത്രിസഭയിലെ അഴിമതി ആരോപണ വിധേയരെ വീണ്ടും മൽസരിപ്പിക്കാനുള്ള ധാർഷ്ട്യം നിറഞ്ഞ തീരുമാനത്തിന് ന്യായീകരണമില്ല. ജനങ്ങളുടെ മുഖത്തടിക്കുന്ന തരത്തിലുള്ള ഭരണവും അഴിമതിയും നടത്തിയതിന് തിരഞ്ഞെടുപ്പിൽ വോട്ടർമാർ പകരം ചോദിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

നേരത്തെ ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യാറാകാതിരുന്ന സുരേഷ് ഗോപിയെ ഇപ്പോൾ ബിജെപിയുടെ മുഖ്യപ്രചാരകൻ ആക്കുകയായിരുന്നു. കേരളത്തിൽ മെയ് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പു പ്രചാരണ റാലികളിൽ സുരേഷ് ഗോപിയും ഒപ്പമുണ്ടാകും. എൻഡിഎ സ്ഥാനാർത്ഥികൾ ശക്തമായി രംഗത്തുള്ള മുപ്പതോളം മണ്ഡലങ്ങളിൽ സുരേഷ് ഗോപി പ്രചാരണം നടത്തും. ബിഡിജെഎസ് സ്ഥാനാർത്ഥികൾക്കു വേണ്ടിയും പ്രചാരണത്തിനിറങ്ങും. സംസ്ഥാന വ്യാപകമായുള്ള പഞ്ചദിനപ്രചാരണത്തിനു സുരേഷ് ഗോപിക്കു ബിജെപി ഹെലികോപ്റ്റർ നൽകിയട്ടുണ്ട്.