തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നടൻ സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം സമ്മർദ്ദം ശക്തമാക്കി. സുരേഷ് ഗോപിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ഡൽഹിയിലെത്താൻ ദേശീയ പ്രസിഡന്റ് അമിത് ഷാ ആവശ്യപ്പെട്ടു. നാളെ സുരേഷ് ഗോപി ഡൽഹിയിലെത്തുമെന്നാണ് സൂചന. വ്യക്തമായ ഉറപ്പുകൾ നൽകി സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം. തെരഞ്ഞെടുപ്പിൽ മുഖ്യപ്രചാരകനായാൽ പോരെന്നും സ്ഥാനാർത്ഥിയാകണമെന്നുമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സുരേഷ് ഗോപി.

വിജയപ്രതീക്ഷയുള്ള മണ്ഡലത്തിൽ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ അത് ആരോഗ്യമന്ത്രി വി എസ്. ശിവകുമാറുമായുള്ള അഡ്ജസ്റ്റ്‌മെന്റായി വ്യാഖ്യാനിക്കപ്പെടുമെന്ന ചിന്തയുമുണ്ട്. ഈ സാഹചര്യത്തിലാണ് മോദിയുടെ ഇടപെടൽ. ഇന്നലെ നടന്ന കേരള നേതാക്കളുമായുള്ള ചർച്ചയിലും മോദി പങ്കെടുത്തിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പിന് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മോദി വ്യക്തമാക്കിയിട്ടുണ്ട്. സുരേഷ് ഗോപി മത്സര രംഗത്ത് നിറഞ്ഞാൽ കേരളത്തിൽ അത്ഭുതമുണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അടക്കമുള്ളവർ മോദിയോട് വിശദീകരിച്ചിട്ടുണ്ട്. സുരേഷ് ഗോപിയെ അനുനയിപ്പിച്ച് മത്സര രംഗത്ത് ഇറക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

തിരുവനന്തപുരത്ത് സുരേഷ് ഗോപി മൽസരിക്കുമെന്ന് സ്ഥാനാർത്ഥി ചർച്ചയുടെ ആദ്യഘട്ടത്തിൽ ബിജെപി. നേതാക്കളടക്കം സൂചിപ്പിച്ചിരുന്നു. എന്നാൽ മൽസരിക്കാനില്ലെന്ന അപ്രതീക്ഷിത നിലപാടാണ് സൂപ്പർസ്റ്റാറിൽ നിന്ന് ഉണ്ടായത്. ഈ അവസരം മുതലാക്കാൻ ചില സ്ഥാനാർത്ഥിമോഹികളും ബി.ഡി.ജെ.എസും ശ്രമിച്ചത് ബിജെപിക്കു തലവേദനയുമായി. സുരേഷ് ഗോപി സ്ഥാനാർത്ഥിയായാൽ കേരളത്തിൽ ബിജെപിയുടെ സാധ്യത കൂടുമെന്നാണ് പാർട്ടിയുടെയും ആർ.എസ്.എസിന്റെയും വിലയിരുത്തൽ. പാർട്ടിക്കു വലിയ പ്രതീക്ഷയുള്ള തിരുവനന്തപുരം സെൻട്രലിൽ യോജിച്ചയാളെ കണ്ടെത്താൻ കഴിയാത്തത് കേന്ദ്ര നേതൃത്വത്തിന്റെ എതിർപ്പിനും കാരണമായി.

വിജയപ്രതീക്ഷയുള്ള നേമത്തും വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും തൊട്ടടുത്ത മണ്ഡലത്തിലെ താരസാന്നിധ്യം നേട്ടമാകുമെന്നാണ് കണക്കുകൂട്ടൽ. അടുത്ത മാസം 15ന് ഡൽഹിയിൽ പ്രധാനമന്ത്രിയുമായി സുരേഷ് ഗോപിയുടെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. ഈ കൂടിക്കാഴ്ച നേരത്തേയാക്കാനാണ് ശ്രമം. മോദി നേരിട്ട് ആവശ്യപ്പെട്ടാൽ സുരേഷ് ഗോപി മത്സരിക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ആദ്യ ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടിയത്. സുരേഷ് ഗോപിക്ക്‌  മത്സരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അദ്ദേഹം ആവശ്യപ്പെടുന്ന സീറ്റ് നൽകും. ആറന്മുള, ചെങ്ങന്നൂർ, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലേത് വേണമെങ്കിലും സുരേഷ് ഗോപി ആവശ്യപ്പെടുമെന്നാണ് കണക്ക് കൂട്ടൽ.

സുരേഷ് ഗോപി ആവശ്യപ്പെടുന്നത് അനുസരിച്ച് സീറ്റ് നൽകും. ഇത് പ്രകാരം ബിജെപിയുടെ സാധ്യതാ സ്ഥാനാർത്ഥി പട്ടികയിലും മാറ്റം വരും. എന്നാൽ നേമത്ത് രാജഗോപാൽ മത്സരിക്കുമെന്ന് ഉറപ്പാണ്. അദ്ദേഹത്തോട് പ്രചരണത്തിൽ സജീവമായി തുടരാൻ ബിജെപി കേന്ദ്ര നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്.