ന്യൂഡൽഹി: നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ പാർലമെന്റിലെ പ്രസംഗങ്ങളുടെ വീഡിയോകൾ ഏറെയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. കേരളത്തിലെ ആദിവാസികളുടെ ഉന്നമനത്തിനായി രാജ്യസഭയിൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപി നടത്തിയ പ്രസംഗം വൈറലായിരുന്നു.

ആദിവാസികളുടെ ഉന്നമനത്തിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഗൗരവമായി ഭരണകൂടം ഇടപെടേണ്ടത് ബോധ്യപ്പെടുത്തി സുരേഷ് ഗോപി രാജ്യസഭയിൽ നടത്തിയ പ്രസംഗം സൈബർ ഇടങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴി വെച്ചത്. എന്നാൽ രാജ്യസഭയിൽ നിന്നുള്ള മറ്റൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തി തരംഗമാകുകയാണ്.

സുരേഷ് ഗോപിയുടെ പുതിയ ലുക്കിൽ സംശയം പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അദ്ദേഹത്തോട് ചോദിച്ച ചോദ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സുരേഷ് ഗോപിയുടെ താടി കണ്ടിട്ട് ''ഇത് മാസ്‌ക് ആണോ അതോ താടിയാണോ'' എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ ചോദ്യം. ''താടിയാണ് സാർ, ഇതെന്റെ പുതിയ സിനിമയ്ക്ക് വേണ്ടി എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഉപരാഷ്ട്രപതിയുടെ ചോദ്യം കേട്ട് ഒരു നിമിഷം സഭാ അംഗങ്ങളോല്ലാം പൊട്ടിച്ചിരിച്ചു.

ഡിഫൻസ് സിവിലിയൻ പെൻഷനേഴ്‌സ് മലബാർ മേഖലയിലെ അംഗങ്ങൾ ആവശ്യപ്പെട്ടത് പ്രകാരം കേന്ദ്ര ആരോഗ്യ സ്‌കീമിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആശുപത്രികൾ മേഖലയിൽ ഇല്ലെന്നും അതിനാൽ അവർക്ക് ചികിത്സക്ക് ബുദ്ധുമുട്ട് നേരിടുന്നു എന്ന കാര്യം സുരേഷ് ഗോപി സഭയിൽ ഉന്നയിക്കുന്നതിന് മുൻപാണ് ഉപരാഷ്ട്രപതിയുടെ കുസൃതി ചോദ്യം ഉണ്ടായത്.

''താടിയാണ് സാർ, ഇതെന്റെ പുതിയ സിനിമയ്ക്ക് വേണ്ടി എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. വെങ്കയ്യ നായിഡുവിന് മറുപടി നൽകിയതിന് പിന്നാലെ താരം പ്രസംഗം ആരംഭിച്ചു.



സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയായ 'പാപ്പൻ'. വേണ്ടിയാണ് സുരേഷ് ഗോപി പുതിയ ലുക്ക് സ്വീകരിച്ചത്. ചിത്രത്തിൽ മാത്യൂസ് പാപ്പൻ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഏറെ കാലങ്ങൾക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. സൂപ്പർ ഹിറ്റായ 'പൊറിഞ്ചു മറിയം ജോസി'ന് ശേഷമുള്ള ജോഷിയുടെ ക്രൈം ത്രില്ലർ ചിത്രമാണ് പാപ്പൻ.


സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. 'കെയർ ഓഫ് സൈറാ ബാനു' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ആർ.ജെ. ഷാനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ ശ്യാം ശശിധരനാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ ഇഫാർ മീഡിയ കൂടി നിർമ്മാണ പങ്കാളിയാണ്.