തൃശൂർ: രാജ്യസഭാ കാലാവധി പൂർത്തിയാക്കിയ ശേഷം തൃശ്ശൂർ മണ്ഡലത്തിൽ കൂടുതൽ സജീവമാകാനാണ് ആക്ഷൻഹീറോ സുരേഷ് ഗോപി ഉദ്ദേശിക്കുന്നത്. ഇത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടാണെന്ന ആരോപണങ്ങൾ ഉയർന്നു കഴിഞ്ഞു. എന്നാൽ സുരേഷ് ഗോപി നൽകുന്ന വിഷു കൈനീട്ടത്തെയും ഇങ്ങനെ ഭയക്കണോ എന്ന സാധാരണക്കാർ ചോദിച്ചാൽ അതിനെ കുറ്റം പറയാൻ സാധിക്കില്ല. ആ വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്.

ക്ഷേത്രത്തിൽ എത്തുന്നവർക്ക് വിഷു കൈ നീട്ടം കൊടുക്കാനെന്ന പേരിൽ സുരേഷ് ഗോപി എംപി മേൽശാന്തിമാർക്ക് പണം കൊടുത്തത് വിവാദത്തിലായിട്ടുണ്ട്. ഇത്തരത്തിൽ മേൽശാന്തിമാർ തുക സ്വീകരിക്കുന്നതുകൊച്ചിൻ ദേവസ്വം ബോർഡ് വിലക്കിയതും വിവാദങ്ങൾക്ക് വഴിവെച്ചു. വടക്കുന്നാഥ ക്ഷേത്രത്തിലെ മേൽശാന്തിക്ക് 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകളാണ് സുരേഷ് ഗോപി നൽകിയത്. കൈനീട്ട നിധി മേൽശാന്തിമാരെ ഏൽപ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.

ബോർഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ സുരേഷ് ഗോപിയുടെ പേര് പറഞ്ഞിട്ടില്ല. ചില വ്യക്തികളിൽ നിന്ന് സംഖ്യ ശേഖരിക്കുന്നതിൽ നിന്ന് മേൽശാന്തിമാരെ വിലക്കുന്നു എന്ന് മാത്രമാണുള്ളത്.കഴിഞ്ഞയാഴ്ച മുതൽ സുരേഷ് ഗോപി തൃശൂരിൽ വിഷുക്കൈനീട്ട പരിപാടികൾ നടത്തി വരികയാണ്. തിരുവമ്പാടി, പാറമേക്കാവ്, വടക്കുംനാഥ ക്ഷേത്രങ്ങളിൽ അദ്ദേഹം മേൽശാന്തിമാർക്ക് ദക്ഷിണ നൽകി. തുടർന്ന് ഇവർക്ക് കൈ നീട്ട നിധി നൽകി.

ഒരു ലക്ഷം രൂപ മൂല്യം വരുന്ന പുത്തൻ ഒരു രൂപ നോട്ടുകളാണ് അദ്ദേഹം കൈനീട്ട പരിപാടിക്കായി നൽകിയത്. റിസർവ് ബാങ്കിൽ നിന്ന് വാങ്ങിയതാണിത്.അടുത്ത് തന്നെ സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വ കാലാവധി അവസാനിക്കും. ഈ സാഹചര്യത്തിൽ തൃശൂരിലെ രാഷ്ട്രീയ പ്രവർത്തനത്തിൽ വീണ്ടും സജീവമാവുകയാണ് കൈ നീട്ട പരിപാടിക്ക് പിന്നിലെ ലക്ഷ്യമെന്നാണ് ഉയരുന്ന വിമർശനം.

ക്ഷേത്രങ്ങളും പൂരങ്ങളും വോട്ട് പിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുന്നത് തിരിച്ചറിയാൻ തൃശൂരിലെ പൊതുസമൂഹത്തിന് കഴിവുണ്ടെന്ന് സിപിഐ നേതാവ് പി ബാലചന്ദ്രൻ എംഎൽഎ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച മുതൽ സുരേഷ് ഗോപി വിഷുക്കൈനീട്ട പരിപാടിയുമായി ജില്ലയിലുണ്ട്. തിരുവമ്പാടി, പാറമേക്കാവ്, വടക്കുന്നാഥ ക്ഷേത്രങ്ങളിൽ അദ്ദേഹം മേൽശാന്തിമാർക്ക് ദക്ഷിണ നൽകി. തുടർന്നാണ് അവർക്ക് കൈനീട്ടനിധി നൽകിയത്. ഈ നിധിയിൽനിന്ന് കൈനീട്ടം കൊടുക്കുമ്പോൾ കുട്ടികളെ ഒഴിവാക്കരുതെന്ന അഭ്യർത്ഥനയും ഉണ്ടായിരുന്നു.

രാജ്യസഭാംഗത്വ കാലാവധി അടുത്ത ഞായറാഴ്ച അവസാനിക്കുമ്പോൾ തൃശ്ശൂരിലെ പ്രവർത്തനം ശക്തിപ്പെടുത്തുകയാണ് കൈനീട്ടപരിപാടിക്കു പിന്നിലെ രാഷ്ട്രീയം. ഇതാണ് വിവാദമാകുന്നതും.