തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുക്കാറ്റിൽ മുന്നറിയിപ്പ് നൽകുന്നതിലെ വീഴ്‌ച്ചക്ക് പുറമേ രക്ഷാപ്രവർത്തനം അടക്കം വേണ്ടത്ര പോരെന്ന അഭിപ്രായം ശക്തമാണ്. ദുരന്ത നിവാരണ അതോരിറ്റി വേണ്ടവിധത്തിൽ ഉണർന്നു പ്രവർത്തിക്കുന്നില്ലെന്നാണ് ആക്ഷേപം. എന്നാൽ, വേണ്ട വിധത്തിൽ മുന്നറിയിപ്പു നൽകാൻ സാധിച്ചെന്ന് വിശദീകരിച്ചത് സർക്കാരും രംഗത്തുണ്ട്. ഇതിനിടെ ഉദ്യോഗസ്ഥ തലത്തിലാണ് യഥാർത്ഥ വീഴ്‌ച്ച സംഭവിച്ചതെന്ന ആരോപണവുമായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ സുരേഷ് കുമാർ രംഗത്തെത്തി.

ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് കടുത്ത വിമർശനമാണ് കടുത്ത ഭാഷയിൽ അദ്ദേഹം ഉന്നയിച്ചത്. ചീഫ് സെക്രട്ടറിയെയും റവന്യൂ സെക്രട്ടറിയെയും കടുത്ത ഭാഷയിൽ വിമർശിക്കുകയായിരുന്നു സുരേഷ് കുമാർ. ഇരുവരെയും മലയാളികൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ലെന്നതാണ് നാടിന്റെ യഥാർത്ഥ ദുരന്തമെന്ന് മൂന്നാർ പൂച്ച സുരേഷ് കുമാർ വിമർശിച്ചു. സുരേഷ് കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

ഇവരിൽ പിണറായി വിജയനും ചന്ദ്രശേഖരനും 'വെറും' രാഷ്ട്രീയക്കാർ മാത്രമാണ്. 'ജനപ്രതിനിധികൾ' എന്ന മുൻകൂർ ജാമ്യം ഇവർക്കു കിട്ടും.... എന്റെ സഹപ്രവർത്തകരായിരുന്ന കുര്യനും ഏബ്രഹാമും ഏതു മാളത്തിൽ പോയൊളിച്ചു ? ഇവന്മാരെയെങ്കിലും കഴുത്തിനു പിടിച്ചു കരണക്കുറ്റിക്കൊന്നു കൊടുക്കാൻ 'പ്രബുദ്ധ' മലയാളികൾക്കു സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥത്തിൽ നാടിന്റെ 'ദുരന്തം' ....

കേരളത്തിലെ ദുരന്ത നിവാരണ അഥോറിറ്റിയിലെ അംഗങ്ങളുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് സുരേഷ്‌കുമാറിന്റെ വിമർശനം. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കൂടാതെ ദുരന്ത നിവാരണ അതോരിറ്റിയിലെ പ്രധാനപ്പെട്ടവരാണ് ചീഫ് സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും. എന്നാൽ, സുരക്ഷാ നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ ഇവർ പിന്നിലാണെന്നാണ് അദ്ദേഹം ഉന്നയിച്ച വിമർശനവും. ഏഴംഗ സമിതിയിൽ ആകെയുള്ള വിദഗ്ധൻ സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്ററിന്റെ ഡയറക്ടർ മാത്രമാണ്. മറ്റുപല സംസ്ഥാനങ്ങളിലും ദുരന്തനിവാരണ രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ളതാണ് ഈ സമിതി.

എങ്കിലും ഒരു ദുരന്തം ഉണ്ടാകുമ്പോൾ ഉണർന്നു പ്രവർത്തിക്കേണ്ട ഇവർ വേണ്ട വിധത്തിൽ സംവിധാനം ഒരുങ്ങിയതെന്ന വിമർശനവും ഉയർന്നിരുന്നു. ഇതിനിടെയാണ് സുരേഷ് കുമാരും ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. മുന്നറിയിപ്പ് ലഭിച്ചവരുടെ കൂട്ടത്തിൽ ചീഫ് സെക്രട്ടറി ഉണ്ടെന്നുമാണ് നേരത്തെ ഉയർന്നിരുന്ന വിമർശനം. ഓഖി ചുഴലിക്കാറ്റടിച്ചപ്പോൾ മുന്നറിയിപ്പുകൾ മനസ്സിലാക്കി കേരളത്തിന് ഫലപ്രദമായി പ്രവർത്തിക്കാനാവാത്തതിനുകാരണം വൈദഗ്ധ്യമുള്ള അഥോറിറ്റിയുടെ അഭാവമാണെന്ന വിമർശനവും ശക്തമാണ്.

കേന്ദ്രസർക്കാരിന്റെ 2005-ലെ ദുരന്തനിവാരണ നിയമത്തിന്റെ ശുപാർശ പ്രകാരമാണ് സംസ്ഥാനങ്ങൾ ഈ അഥോറിറ്റി രൂപവത്കരിച്ചത്. നിയമപ്രകാരം മുഖ്യമന്ത്രിയായിരിക്കണം സമിതിയുടെ അനൗദ്യോഗിക അധ്യക്ഷൻ. എട്ട് അംഗങ്ങളെ മുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്യണം. സമിതിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് അധ്യക്ഷനും വേണം. ഇദ്ദേഹമാണ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ. ഈ നിയമത്തിലൊരിടത്തും മന്ത്രിമാരും ഉദ്യോഗസ്ഥരുമായിരിക്കണം അംഗങ്ങൾ എന്ന് പറയുന്നില്ല. കേരളത്തിലാകട്ടെ, റവന്യൂ മന്ത്രിയാണ് സമിതിയുടെ ഉപാധ്യക്ഷൻ. ദൈനംദിന ഭരണത്തിരക്കുകളിൽ വലയുന്ന ചീഫ് സെക്രട്ടറിയാണ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ. കൃഷിമന്ത്രിക്കു പുറമേ റവന്യൂ, ആഭ്യന്തര വകുപ്പുകളിലെ അഡീഷണൽ ചീഫ് സെക്രട്ടറിമാർ അംഗങ്ങളും.

മെന്പർ സെക്രട്ടറിക്കുമാത്രമാണ് ഈ രംഗത്ത് ശാസ്ത്രീയ പരിചയമുള്ളത്. ശേഖർ എൽ. കുര്യാക്കോസാണ് ഇപ്പോൾ മെന്പർ സെക്രട്ടറി. അദ്ദേഹമാണ് അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്ററിനെയും നയിക്കുന്നത്. എമർജൻസി ഓപ്പറേഷൻസ് സെന്ററിൽ ആകെയുള്ള സാങ്കേതികവിഭാഗം ജീവനക്കാർ ഒമ്പതുപേരാണ്. മറ്റ് ബിരുദാനന്തര ബിരുദങ്ങൾക്കൊപ്പം ദുരന്തനിവാരണ പ്രവർത്തനങ്ങളിലുള്ള ഡിപ്ലോമയാണ് ഇവരിൽ ഏറെപ്പേരുടെയും യോഗ്യത.