ന്യൂഡൽഹി: പ്രൊഫഷണലുകളെ കാര്യങ്ങൾ ഏൽപ്പിച്ചാൽ ഇങ്ങനെ ഇരിക്കും. ശിവസേനയിൽ നിന്ന് അടർത്തിയെടുത്ത് സുരേഷ് പ്രഭുവിനെ റെയിൽ മന്ത്രിയാക്കിയതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. രാഷ്ട്രീയത്തിന് അതീതമായി റെയിൽവേയിൽ കാര്യങ്ങൾ നീങ്ങണമെന്ന് പ്രധാനമന്ത്രി ആഗ്രഹിച്ചിരുന്നു. അതോടൊപ്പം പ്രാദേശിക താൽപ്പര്യങ്ങൾക്കപ്പുറമുള്ള വികാരങ്ങൾ റെയിൽവേ വികസനത്തിൽ ഉണ്ടാകണമെന്നും ഉറപ്പിച്ചു. സദാനന്ദ ഗൗഡയ്ക്ക് ഇതിന് കഴിയില്ലെന്ന് ഇടക്കാല റെയിൽവേ ബജറ്റിലൂടെ പ്രധാനമന്ത്രിക്ക് ബോധ്യമായപ്പോൾ റെയിൽവേ വകുപ്പിന്റെ ബാറ്റൺ സുരേഷ് പ്രഭുവിന് ലഭിച്ചു.

ഏറെ വിവാദങ്ങളോടെ ശിവസേനയെ പിണക്കി തന്നെയാണ് സുരേഷ് പ്രഭുവിനെ റെയിൽ മന്ത്രിയാക്കിയത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ റെയിൽ ബജറ്റിലേക്ക് കണ്ണും കാതുകൂർപ്പിച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ കാത്തിരുന്നു. പ്രാദേശീക വികാരത്തിനപ്പുറമുള്ള വികസനമെന്നാൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയാത്ത കേരളം പോലുള്ളവയ്ക്ക് വാരിക്കോരിക്കൊടുക്കക എന്നതാകുമെന്ന് കരുതിയവരുമുണ്ട്. അങ്ങനെ പ്രതീക്ഷിച്ചവർക്കും തെറ്റി. ആർക്കും ഒന്നും നൽകാതെ എല്ലാം റെയിൽവേയ്ക്ക് മാത്രം നൽകി. കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ അവസാനിക്കുന്നുമില്ല. യാത്രാ-ചരക്ക് കൂലി നിരക്ക് കൂട്ടാതെ യാത്രക്കാർക്ക് സന്തോഷവും നൽകി. ഇങ്ങനെ എല്ലാവരേയും ആശ്വസിപ്പിക്കുന്ന സുരേഷ് പ്രഭു ഇഫക്ടാണ് ലോക്‌സഭയിൽ ഇന്ന് കണ്ടത്.

നിരക്ക് വർദ്ധനയില്ലാതെ അവതരിപ്പിച്ച ബജറ്റിൽ പുതിയ ട്രെയിനുകളോ പാതകളോ റെയിൽവേ മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചില്ല. പുതിയ ട്രെയിനുകൾക്കായി എല്ലാ സംസ്ഥാനങ്ങളിലും നിന്ന് ശുപാർശകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ അവ ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് മന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കി. ട്രെയിനുകൾ കൂടുതൽ ആവശ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ ഒരു സമിതിയെ മന്ത്രി നിയോഗിച്ചു. ഈ സമിതി ഇതേക്കുറിച്ച് പഠിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കും. അത് പ്രകാരമായിരിക്കും പുതിയ ട്രെയിനുകളും പാതകളും അനുവദിക്കുകയെന്നും മന്ത്രി അറിയിച്ചു. റെയിൽ ബജറ്റിന്റെ ചരിത്രത്തിലെ തന്നെ വിപ്ലവകരമായ ചുവട് വയ്‌പ്പാണ് ഇത്. ജനങ്ങളുടെ കൈയടിക്കും പ്രാദേശിക വോട്ട് രാഷ്ട്രീയവും ലക്ഷ്യമിട്ടുള്ള പതിവ് സമവാക്യം സുരേഷ് പ്രഭു മാറ്റി മറിച്ചു.

ഇതിന് റെയിൽ മന്ത്രിക്ക് കൃത്യമായ ഉത്തരവും ഉണ്ട്. അതു തന്നെയാണ് പുതിയ രീതിയെ ശ്രദ്ധേയമാക്കുന്നതും. ട്രെയിനുകൾ അനുവദിക്കില്ല എന്നല്ല ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ട്രെയിനുകൾ പ്രഖ്യാപിച്ചാൽ മാത്രം പോര. അവ ഓടിക്കുന്നതിനുള്ള സാഹചര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്. നഷ്ടം സഹിച്ച് ട്രെയിനുകൾ ഓടിക്കുന്നത് റെയിൽവേയെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലാക്കും. അത് ഇപ്പോൾ ആലോചിക്കാവുന്ന കാര്യമല്ലെന്നും സുരേഷ് പ്രഭു വ്യക്തമാക്കി. അതിനൊപ്പം പ്രഖ്യാപിച്ച പല തീവണ്ടികളും ഇതുവരെ ഓടിക്കാനാകാത്ത സാഹചര്യവും സുരേഷ് പ്രഭുവിന് മുന്നിലുണ്ടായിരുന്നു. ഇതിലൂടെ സംസ്ഥാനങ്ങളുടെ കൈയടിയും എതിർപ്പും സുരേഷ് പ്രഭു ഒഴിവാക്കി. ഈ പാർലമെന്റ് സമ്മേളനത്തിന് മുമ്പ് തന്നെ തീവണ്ടികളുടെ കാര്യത്തിൽ പ്രഖ്യാപനമുണ്ടെന്ന് റെയിൽ മന്ത്രി പറഞ്ഞു.

സഹകരണ ഫെഡറലിസം എന്ന പ്രധാനമന്ത്രിയുടെ ആശയമാണ് കരുത്ത്. അതുകൊണ്ട് തന്നെ സംസ്ഥാനങ്ങളുമായി സഹകരിച്ചാകും ഇനി റെയിൽവേയുടെ മുന്നോട്ട് പോക്ക്. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങളുമായി ആലോചിച്ച് തന്നെയാകും പുതിയ തീവണ്ടികൾ പ്രഖ്യാപിക്കുക എന്നാണ് സൂചന. എല്ലാത്തിന് ഉപരി പുതുമ നിറയ്ക്കാൻ കൂടിയാണ് ബജറ്റിൽ നിന്ന് പുതിയ തീവണ്ടികളും പാതകളും ഒഴിവാക്കിയതെന്ന് വ്യക്തം. അടിസ്ഥാന സൗകര്യത്തിന് മുൻതൂക്കം നൽകുന്നതാണ് ബജറ്റ്. സുരേഷ് പ്രഭു അവതരിപ്പിച്ച ആദ്യ ബജറ്റിൽ റെയിൽവയെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള കർമ്മപദ്ധതികൾക്ക് തന്നെയാണ് ഊന്നൽ.

സ്വച്ഛ് റെയിൽവെ സ്വച്ഛ് ഭാരത് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്ന ബജറ്റ് അഞ്ച് വർഷങ്ങൾ, നാല് ലക്ഷ്യങ്ങൾ എന്നാണ് ഉദ്‌ഘോഷിക്കുന്നത്. സുരക്ഷ, സുഖയാത്ര, നവീകരണം, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവയാണ് അഞ്ച് വർഷത്തെ ലക്ഷ്യങ്ങളായി ബജറ്റ് വിഭാവനം ചെയ്യുന്നത്. പാതഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും ഊന്നൽ നൽകി വേഗത്തിൽ സമയബന്ധിതമായി ട്രെയിൻ ഓടിക്കുകയാണ് ലക്ഷ്യമെന്നും സുരേഷ് പ്രഭു പറഞ്ഞു. പാത ഇരട്ടിപ്പിക്കലിനും ട്രാക്കുകൾ കൂട്ടുന്നതിനും ഗേജ് മാറ്റത്തിനും പുതിയ പദ്ധതികൾക്കുമായി ആകെ 96,182 കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.

രണ്ട് വർഷത്തിനുള്ളിൽ യാത്രാസമയം 20 ശതമാനം കുറയ്ക്കാനാണ് മന്ത്രി ലക്ഷ്യമിടുന്നത്. ഇന്ത്യൻ റെയിൽവെയെ നവീകരിക്കുന്നതിന് അഞ്ച് വർഷത്തെ കർമ്മപദ്ധതി തയാറാക്കുമെന്ന് അദ്ദേഹംപറഞ്ഞു. ബജറ്റിന് പിന്നാലെ കർമ്മപദ്ധതി പ്രഖ്യാപിക്കും. പൊതുസ്വകാര്യ മേഖലകളുമായി സഹകരിച്ച് പദ്ധതികൾ നടപ്പാക്കും.