തിരുവനന്തപുരം: ദമ്പതികളെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം ഹൃദയാഘാതമെന്ന് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഹൃദയാഘാതത്തിന് കാരണം കണ്ടെത്താൻ പത്തോളജി പരിശോധനാ ഫലം കൂടി വരേണ്ടതുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.തിരുവല്ലം ജഡ്ജികുന്ന് കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ഞായറാഴ്ച വൈകുന്നേരം സുരേഷ് ഉൾപ്പടെ അഞ്ചുപേർ ആക്രമിച്ചിരുന്നു. സംഭവം ഉണ്ടായയുടൻ ഇവിടെത്തി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.

രാത്രി നെഞ്ചുവേദനയുണ്ടാകുന്നതായി സുരേഷ് അറിയിച്ചതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽവച്ച് രാത്രി 11.30ഓടെ സുരേഷ് മരിച്ചു. നെഞ്ചുവേദന കാരണമാണ് സുരേഷിനെ ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് അറിയിച്ചു.എന്നാൽ പൊലീസ് മർദ്ദിച്ചത് കാരണമാണ് സുരേഷ് മരിച്ചതെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. പൊലീസ് സ്റ്റേഷൻ ഉപരോധത്തിലേക്ക് കാര്യങ്ങൾ നീങ്ങി. സബ് കളക്ടറുടെയും മജിസ്ട്രേറ്റിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. മെഡിക്കൽ കോളേജിലെ മൂന്നംഗ ഡോക്ടർമാരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തി. സുരേഷിന്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം ശാന്തികവാടത്തിൽ സംസ്‌കരിച്ചു.

അതേസമയം, സുരേഷ് സദാചാരാ പൊലീസ് ചമഞ്ഞ് ക്രൂരമായി മർദിച്ചെന്ന് പരാതിക്കാരായ ദമ്പതികൾ. ജഡ്ജിക്കുന്ന് കാണാനെത്തിയ തന്നെയും ഭാര്യയെയും സുഹൃത്തിനെയും ബന്ദിയാക്കി ആക്രമികൾ മുക്കാൽ മണിക്കൂറോളം മർദ്ദിച്ചുവെന്നും നിഖിൽ പറഞ്ഞു.

തങ്ങൾ അവിടെയത്തിയപ്പോൾ പത്തംഗസംഘം കൂടിയിരുന്ന് മദ്യപിക്കുകയായിരുന്നു. ഈ സംഘമാണ് കുന്നിലേക്ക് വഴി കാണിച്ചുനൽകിയത്. ശരിക്ക് വഴിയില്ലാത്തതിനാൽ അങ്ങോട്ട് പോകുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് ചോദിച്ചിരുന്നു. ഫാമിലിയായതുകൊണ്ട് ഇവിടെ പ്രശ്നങ്ങൾ ഒന്നുമുണ്ടാകില്ലെന്ന് ഇവർ പറഞ്ഞു. പിന്നീട് പിന്തുടർന്ന് ഇവർ മർദ്ദിക്കുകയായിരുന്നു. വിവാഹം കഴിച്ചതാണെങ്കിൽ അതിന്റെ തെളിവുകാണണമെന്നും ഇവർ പറഞ്ഞതായും നിഖിൽ പറയുന്നു. ഷാഡോ പൊലീസാണെന്ന് പറഞ്ഞായിരുന്നു ഇവരുടെ ആക്രമണം. സുരേഷായിരുന്നു ക്രൂരമായി മർദിച്ചത്. ഭാര്യ കൺട്രോൾ റൂമിൽ വിളിച്ചുപറഞ്ഞതിനെ തുടർന്ന് പൊലീസ് എത്തിയതോടെ ആക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ദമ്പതികൾ പറഞ്ഞു.

ഇവരുടെ പരാതിയിൽ ഞായറാഴ്ച രാത്രി എട്ടോടെയാണ് സുരേഷ് അടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കി, കുടുംബത്തിന് നേരേ ആക്രമണം നടത്തി തുടങ്ങിയ പരാതിയിലായിരുന്നു പൊലീസ് നടപടി.