തൃശൂർ: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടറായി തൃശൂരിലെ അഡ്വ. എ. സുരേശനെ നിയമിക്കണമെന്നും സിറ്റി പൊലീസ് കമ്മിഷണർ നിശാന്തിനിയുടെ മേൽനോട്ടത്തിൽ പുതിയ സംഘം അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ ആഭ്യന്തരമന്ത്രിക്ക് കത്തു നൽകി. അനുകൂല തീരുമാനം ആഭ്യന്തരമന്ത്രി കുറിക്കുമെന്നാണ് സൂചന.

ചന്ദ്രബോസിന്റെ വീട്ടുകാർ ആവശ്യപ്പെടുന്ന സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ വച്ച് കേസ് നടത്താൻ ഒരുക്കമാണെന്ന് കഴിഞ്ഞ ദിവസം ചന്ദ്രബോസിന്റെ വീട് സന്ദർശിച്ച മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ രണ്ടു ദിവസത്തിനകം നിയമന നടപടിയുണ്ടായേക്കും. വി എസ്. സുനിൽകുമാർ എംഎ‍ൽഎ, മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ എന്നിവരുമായി ചന്ദ്രബോസിന്റെ ബന്ധുക്കൾ നടത്തിയ ചർച്ചയിലാണ് സുരേശനെ പ്രത്യേക പ്രോസിക്യൂട്ടറായി ആവശ്യപ്പെടാൻ തീരുമാനിച്ചത്.

നിരവധി പാളിച്ചകൾ അന്വേഷണത്തിലുണ്ടായെന്നാണ് കുടുംബത്തിന്റെ വിലയിരുത്തൽ. തോക്കിനായി തെരച്ചിൽ നടത്തിയ പൊലീസ് നിസാമിന് തോക്ക് ലൈസൻസ് ഉണ്ടോയെന്ന് പരിശോധിച്ചില്ല, നിസാമിന്റെ വാഹനം പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടില്ല, ചന്ദ്രബോസിനെ നിസാം ആക്രമിക്കുന്നത് സെക്യൂരിറ്റി ജീവനക്കാർ കണ്ടിരുന്നെങ്കിലും തിരിച്ചറിയൽ പരേഡ് നടത്തിയില്ല, നിസാമിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ നിയമോപദേശം തേടിയില്ല, ഇങ്ങനെ പോകുന്ന വിമർശനങ്ങൾ. ഈ സാഹചര്യത്തിലാണ് നിശാന്തിനിയുടെ മേൽനോട്ടം ആവശ്യപ്പെടുന്നത്.

ഏറെ കോളിളക്കമുണ്ടാക്കിയ സൗമ്യ വധക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടറായിരുന്നു സുരേശൻ. നിലവിൽ വരാപ്പുഴ പീഡന സംഭവത്തിലെ 28 കേസുകളിലും സ്‌പെഷ്യൽ പ്രോസിക്യൂട്ടറാണ്. ഇതുവരെ സർക്കാരിൽ നിന്ന് ഒരു രൂപ പോലും പ്രതിഫലം കൈപ്പറ്റിയിട്ടില്ല. പഴുതുകളടച്ച് സർക്കാരിനായി സുരേശൻ വാദിച്ച കേസുകളിലെല്ലാം വിജയം നേടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചന്ദ്രബോസ് കൊലക്കേസും സുരേഷന് നൽകണമെന്ന ആവശ്യം.

ചന്ദ്രബോസ് കേസിൽ തുടക്കം മുതൽ പ്രോസിക്യൂട്ടർ ഉൾപ്പെടെ നിലവിലുള്ള അന്വേഷണ സംഘത്തിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് മാറ്റത്തിനായി ബന്ധുക്കൾ ശ്രമിക്കുന്നത്. നിലവിലെ പ്രോസിക്യൂട്ടർ രണേന്ദ്രനാഥ് പ്രതി മുഹമ്മദ് നിസാമിനെ വിചാരണത്തടവുകാരനായി ആവശ്യപ്പെടാതിരുന്നത് വിമർശനത്തിനിടയാക്കിയിരുന്നു. അതിനിടെ, തൃശൂരിൽ നിസാം പുതുതായി തുറന്ന ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ രണേന്ദ്രനാഥ് പങ്കെടുത്തതിന്റെ ചിത്രം പുറത്തുവന്നു.