ന്യൂഡൽഹി: എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാലാ. 'റോബർട്ട് വധേരയ്ക്ക് നേരെ പക തീർക്കുന്നതിന്റെ ഭാഗമായാണ് റെയ്‌ഡെന്നും ഭീരുത്വം നിറഞ്ഞ അടവുകൾ കൊണ്ട് കോൺഗ്രസിന്റെ വീര്യം ചോർത്താൻ കഴിയില്ലെന്നുമാണ് സുർജേവാല ട്വീറ്റ് ചെയ്തത്. ഇത്തരം പ്രവർത്തികൾ വഴി മാധ്യമ ശ്രദ്ധ തിരിക്കുവാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോബർട്ട് വധേരയുടെ സ്ഥാപനങ്ങളിൽ എൻഫോർസ്മെന്റ് ഡയറക്ട്രേറ്റിന്റെ റെയ്ഡ് നടത്തിയ വാർത്തകൾ പുറത്ത് വന്നതിനെ തുടർന്നാണ് പ്രതികരണം. ഡൽഹിയിലും ബെംഗളൂരുമുള്ള വധേരയുടെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഡൽഹിയിൽ നിലവിൽ മൂന്ന് സ്ഥലങ്ങളിൽ തെരച്ചിൽ നടത്തുകയാണ്.

മൂന്ന് കമ്പനികളിൽ തെരച്ചിൽ നടത്താനെത്തിയ സംഘം കമ്പനി പൂട്ടി ഇടുകയും ചെയ്തിരിക്കുകയാണ് എന്ന് വധേരയുടെ അഭിഭാഷകൻ പറയുന്നു.സ്വേച്ഛാധിപതിപത്യപരമായ നയമാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഞങ്ങളുെട സ്‌കൈലൈറ്റ് ആശുപത്രിയിലെ ആളുകളെ അവർ പൂട്ടിയിട്ടിരിക്കുകയാണ്. ആരെയും ഉള്ളിലേക്കൊ പുറത്തേക്കൊ വിടുന്നില്ല. ഇവിടെ നടക്കുന്നത് നാസിസം ആണോ? ഇതെന്താ ജയിലാണോ?

തന്റെ കക്ഷിയെയും അദ്ദേഹവുമായി ബന്ധമുള്ളവരേയും നരേന്ദ്ര മോദി മനപ്പൂർവ്വം വേട്ടയാടുകയാണ്. യാതൊരു തെളിവുമില്ലാതെയാണ് ഇത് ചെയ്യുന്നത്. 4-5 വർഷമായി ഇത് തുടരുന്നു എന്നിട്ടും അവർക്ക് തെളിവുകൾ കണ്ടെത്താനായില്ല. അതുകൊണ്ട് അവർ തങ്ങളെ പുറത്ത് നിർത്തി കൃത്രിമ തെളിവുണ്ടാക്കുകയാണെന്നും അഭിഭാഷകൻ പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട ചെയ്യുന്നു.