- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിക്ക് പിറന്നാൾ സർപ്രൈസുമായി മകൾ സുറുമി; പ്രകൃതി ദൃശ്യങ്ങളിൽ നിന്ന് ആദ്യത്തെ ചുവട് മാറ്റം വാപ്പിച്ചിയുടെ പോർട്രെയ്റ്റ് വരച്ച്; ചിത്രം അദ്ദേഹത്തിന് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സുറുമി
തിരുവനന്തപുരം: മമ്മൂട്ടിയുടെ എഴുപതാം പിറന്നാളാണ് നാളെ. പിറന്നാൾ ആഘോഷിത്തിൽ മമ്മൂട്ടിക്കായി മകൾ സുറുമി ഒരുക്കിയ സർപ്രൈസ് ഗിഫ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മമ്മൂട്ടിയുടെ മനോഹരമായ ഒരു പോർട്രെയ്റ്റ് ചിത്രമാണ് സുറുമി ഒരുക്കിയത്.പ്രകൃതി ദൃശ്യങ്ങൾ മാത്രം ക്യാൻവാസിലേക്ക് പകർത്തിയ സുറുമി ആദ്യമായാണ് പോർട്രെയ്റ്റ് ചെയ്യുന്നത്.
ഈ ചിത്രം അദ്ദേഹത്തിനിഷ്ടപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സുറുമി പറയുന്നു.മലയാള മനോരമയ്ക്കായാണ് സുറുമി മമ്മൂട്ടിയുടെ പോർട്രെയ്റ്റ് ഒരുക്കിയത്.ചിത്രത്തിനൊപ്പം വിശദമായ കുറിപ്പും സുറിമി പങ്കുവെക്കുന്നു..
കുറിപ്പിന്റെ പൂർണ്ണരൂപം
'വാപ്പിച്ചിയെ വരയ്ക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ തെല്ലാശങ്കയുണ്ടായിരുന്നു. എത്രയോ കലാകാരന്മാർ അവരുടെ സ്നേഹം മുഴുവനെടുത്തു വരച്ച മുഖം. മാത്രമല്ല, ഞാൻ ഇന്നേവരെ ഒരു പോർട്രെയ്റ്റ് ചെയ്തിട്ടില്ല. എനിക്കേറെയിഷ്ടം കറുപ്പ്, വെളുപ്പ്, ഇലകൾ, കായ്കൾ, പൂക്കൾ, പുഴകൾ, മലകൾ... അങ്ങനെ പ്രപഞ്ചത്തിന്റെ സൂക്ഷ്മതകളിലേക്കിറങ്ങി ഒരു ധ്യാനം പോലെ അവയെ വരയ്ക്കാനാണ്. ഈ ചിത്രം അതിൽനിന്ന് അൽപം വ്യത്യസ്തമാണ്.
വാപ്പിച്ചിയുടെ ചിത്രം വരയ്ക്കണമെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ, ഇതുവരെ അതിനു മുതിർന്നിട്ടില്ല. ഇത്തവണ, അദ്ദേഹത്തിന് എന്റെ പിറന്നാൾ സമ്മാനമായി ഇതു വരയ്ക്കാനായതിൽ അങ്ങേയറ്റം സന്തോഷമുണ്ട്. ഈ പിറന്നാൾ സമ്മാനം അദ്ദേഹത്തിന് ഏറെ പ്രിയങ്കരമാകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ വരകളുടെ ചെറിയ ലോകം എനിക്ക് അത്രയേറെ വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹത്തെക്കാൾ കൂടുതൽ ആർക്കാണറിയുക?
ഈ ലോകത്തിലെ ഏതൊരു മകൾക്കും അവളുടെ പിതാവു തന്നെയാണ് ഏറ്റവും ഉജ്വലനായ വ്യക്തി; എനിക്കും. ദൈവം സമയമെടുത്ത് അങ്ങേയറ്റം സൂക്ഷ്മതയോടെ തീർത്ത മനോഹര സൃഷ്ടിയാണത്. ഈ ലോകത്തിലെ എല്ലാ നന്മകളും ഞാൻ തൊട്ടറിഞ്ഞത് അതിൽനിന്നാണ്. ഈ മഹാപ്രപഞ്ചത്തോളം അനന്തമാണ് അങ്ങയുടെ സ്നേഹം. കാൻവാസിലേക്ക് ഒരിക്കലും പൂർണമായി പകർത്താൻ കഴിയാത്ത നിറക്കൂട്ട് തന്നെയാണത്'.
സ്നേഹത്തോടെ സുറുമി
മറുനാടന് മലയാളി ബ്യൂറോ