ലോകത്തെ വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ, ഇന്ത്യക്കാരുടെ ജനാധിപത്യ വിശ്വാസം എത്രത്തോളമുണ്ട്? 85 ശതമാനത്തോളം ഇന്ത്യക്കാരും സർക്കാരിൽ വിശ്വാസമുള്ളവരാണെങ്കിലും, അതിലേറെയും ഏകാധിപത്യത്തെയോ പട്ടാളഭരണത്തെയോ അനുകൂലിക്കുന്നവരാണെന്നതാണ് കൗതുകരകമായ വസ്തുത. രാഷ്ട്രീയക്കാരോടുള്ള താത്പര്യക്കുറവ് പ്രകടമാക്കുന്നതാണ് പ്യൂ റിസർച്ച് സെന്റർ നടത്തിയ സർവേയിലെ കണ്ടെത്തലുകൾ.

2012 മുതൽ സമ്പദ് വ്യവസ്ഥ 6.9 ശതമാനം കണ്ട് വളർച്ച കൈവരിക്കുന്നതാണ് സർക്കാരിനോട് ഇന്ത്യക്കാർക്് ഇത്രയേറെ വിശ്വാസ്യതയ്ക്ക് കാരണമെന്ന് സർവേ വ്യക്തമാക്കുന്നു. എന്നാൽ, രാഷ്ട്രീയക്കാരോടുള്ള താത്പര്യക്കുറവും വ്യക്തമാണ്. സർവേയിൽ പങ്കെടുത്ത 27 ശതമാനം പേർ രാജ്യത്തിന് സുശക്തനായൊരു നേതാവ് വേണമെന്് ആഗ്രഹിക്കുന്നവരാണ്. ഏകാധിപത്യമോ പട്ടാളഭരണമോ വന്നാലും തരക്കേടില്ലെന്ന് വിശ്വസിക്കുന്നവർ 55 ശതമാനത്തോളം വരും.

പ്രമുഖ രാജ്യങ്ങളിലെ ഭരണനിർവഹണവും ജനങ്ങൾക്ക് ഭരണത്തോടുള്ള താത്പര്യവും കണ്ടെത്തുന്നതിനായിരുന്നു സർവേ. റഷ്യയിലെ പാതിയോളം പേർ (48ശതമാനം) കരുത്തുറ്റ നേതാവിൽ വിശ്വാസമർപ്പിക്കുന്നവരാണ്. പ്രസിഡന്റ് വഌദിമിർ പുട്ടിന്റെ ജനപ്രീതി വ്യക്തമാക്കുന്നതാണ് ഈ ഫലമെന്ന് വിലയിരുത്തപ്പെടുന്നു. പാർലമെന്റിന്റെയോ കോടതികളുടെയോ ഇടപെടൽകൂടാതെ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാൻ കഴിയുന്ന കരുത്തുറ്റ നേതാവുള്ള ഭരണസംവിധാനത്തെ 26 ശതമാനം പേർ അനുകൂലിക്കുന്നു. എന്നാൽ, 71 ശതമാനം പേരും അത്തരമൊരു ഭരണ സംവിധാനം മെച്ചമല്ലെന്ന് കരുതുന്നു.

സർക്കാരിൽ സാങ്കേതിക വിദഗ്ധരും ഓരോ വിഷയത്തിലും വൈദഗ്ധ്യമുള്ളവരും വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ത്യക്കാരെന്നും സർവേ വ്യക്തമാക്കുന്നു. ഏഷ്യ പസഫിക് മേഖലയിൽ അത്തരം സർക്കാരുകൾ വരണമെന്ന് ആഗ്രഹിക്കുന്ന മൂന്ന് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിയറ്റ്‌നാമിൽ 67 ശതമാനം പേരും ഇന്ത്യയിൽ 65 ശതമാനംപേരും ഫിലിപ്പീൻസിൽ 62 ശതമാനംപേരും ഇതിനെ അനുകൂലിക്കുന്നു. എന്നാൽ, സാങ്കേതിക വിദഗ്ധരുടെ ഭരണം അത്ര മെച്ചമായിരിക്കില്ലെന്ന് 57 ശതമാനം ഓസ്‌ട്രേലിയക്കാരും വിശ്വസിക്കുന്നു.

സൈനികഭരണമാണ് ഇന്ത്യക്ക് കൂടുതൽ ചേരുകയെന്ന് വിശ്വസിക്കുന്ന 53 ശതമാനം പേർ ഇവിടെയുണ്ട്. ദക്ഷിണാഫ്രിക്കയിൽ 52 ശതമാനം പേരും പട്ടാളഭരണത്തെ അനുകൂലിക്കുന്നു. ഇരുരാജ്യങ്ങളിലും പ്രായം ചെന്നവരാണ് സൈനിക ഭരണകൂടത്തെ അനുകൂലിക്കുന്നവരിലേറെയും. രാജ്യത്ത് ജനാധിപത്യം പുലരുന്നതിനായുള്ള സമരത്തിൽ പങ്കെടുത്തവരോ അതിന് സാക്ഷികളായവരോ ആണ് ഇതിലേറെയുമെന്നും സർവേ വ്യക്തമാക്കുന്നു.