മുംബൈ: സീറ്റ് വിഭജനത്തെ ചൊല്ലി മഹാരാഷ്ട്രയിൽ കോൺഗ്രസ്, ബിജെപി സഖ്യങ്ങൾ തമ്മിൽ തല്ലി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചപ്പോൾ അതിന്റെ ഗുണം ലഭിക്കുക ബിജെപിക്ക് തന്നെയെന്ന് വ്യക്തമായി. ശിവസേനയുമായി സഖ്യം ഉപേക്ഷിച്ച ബിജെപി ഭരിക്കാൻ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് പുറത്തുവരുന്ന സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യാ ടുഡെ നടത്തിയ സർവെയിൽ 288 അംഗ നിയമസഭയിൽ ബിജെപി 141 സീറ്റുകൾ നേടുമെന്നാണ് പറയുന്നത്. മുംബയ്, താനെ, വിദർഭ മേഖലകളിലെ വോട്ടുകൾ നിർണായകമാകുമെന്നും സർവെ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ദ വീക്ക് നടത്തിയ സർവെയിൽ ബിജെപിക്ക് 154 സീറ്റുകൾ പ്രവചിച്ചിരുന്നു. അതേസമയം മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ മുമ്പിൽ തന്നെയാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. പൃഥ്വിരാജ് ചവാനാണ് സർവേയിൽ രണ്ടാം സാധ്യത. സർവേയിൽ പങ്കെടുത്തവരിൽ 36.50 ശതമാനം പേരും ബിജെപിയാകും അധികാരത്തിൽ എത്തുമെന്ന് പ്രവചിച്ചു. ശരദ് പവാറിന്റെ എൻ സിപിക്കാകും കനത്ത തിരിച്ചടി നേരിടേണ്ടി വരിക എന്നും പ്രവചനമുണ്ട്.

അതേസമയം സർവേ റിപ്പോർട്ടുകൾ തിരിച്ചടി പ്രവചിക്കുന്നതിനിടെ തിരഞ്ഞെടുപ്പിന് അഞ്ചുദിവസം മാത്രം ബാക്കിയിരിക്കെ, രാഷ്ട്രീയ ബദ്ധവൈരികളായ രാജ്താക്കറെയും ഉദ്ധവ് താക്കറെയും ഒരുമിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ബിജെപിയുടെ മുൻതൂക്കത്തിന് തടയിടാനാണ് രണ്ട് കൂട്ടരും ഒരുമിക്കാൻ ഒരുങ്ങുന്നത്.

ന്നു. 'മഹരാഷ്ട്രസ്വത്വം' സംരക്ഷിക്കാനായി ഭാരതീയ ജനതാപാർട്ടിക്കും മോദിക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ച രാജ്താക്കറെ, 'മഹരാഷ്ട്രസ്വത്വ'ത്തിന്റെ മുന്നിൽ വ്യക്തിപരമായ ദുരഭിമാനങ്ങൾക്ക് സ്ഥാനമില്ലെന്ന് വ്യഴാഴ്ച പ്രഖ്യാപിച്ചു. ഇത് മഹാരാഷ്ട്ര നവനിർമ്മാൺ സേനയുമായി അടുക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.

ഭാരതീയ ജനതാപാർട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന പ്രഖ്യാപനത്തോടെ മോദിയുടെ റാലികളുമായി ശക്തമായി രംഗത്തുവന്നതോടെ ഉദ്ധവും രാജും, മഹാരാഷ്ട്രയുടെ അഭിമാനം രക്ഷിക്കാനുള്ള സമയമാണിതെന്ന് വ്യക്തമാക്കി. ബിജെപി.ക്കും മോദിക്കുമെതിരെ ആക്രമണം ശക്തമാക്കി. ഇതിനിടെ ശിവസേന നേതാക്കളോ എം.എൻ.എസ്. നേതാക്കളോ പരസ്പരം ഒരിക്കലും പഴിചാരിയില്ല. ബിജെപി.യെ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് എല്ലാം മറന്ന് പിന്തുണച്ചതിൽനിന്ന് ഉദ്ധവ് ഇപ്പോൾ പാഠം പഠിച്ചിട്ടുണ്ടാകുമെന്നുമാത്രമായിരുന്നു രാജ്താക്കറെയുടെ വിമർശം.

നരേന്ദ്ര മോദി തന്നെ മുന്നിൽ നിന്നാണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നയിക്കുന്നത്. ഇത് തന്നെയാണ് ശിവസേനയെ അലോസരപ്പെടുത്തുന്നതും.