തിരുവനന്തപുരം: സിൽവർ ലൈൻ പാതയ്ക്ക് ബഫർ സോൺ ഉണ്ടാവില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം തള്ളി കെ റെയിൽ എംഡി വി.അജിത് കുമാർ. സിൽവർ ലൈൻ പാതയുടെ ഇരുവശത്തും പത്ത് മീറ്റർ ബഫർ സോൺ ഉണ്ടാവുമെന്ന് കെ റെയിൽ എംഡി വ്യക്തമാക്കി. ഇതിൽ അഞ്ച് മീറ്ററിൽ യാതൊരു നിർമ്മാണവും അനുവദിക്കില്ല. ബാക്കി ഭാഗത്ത് അനുമതിയോടെ നിർമ്മാണം നടത്താം. ബഫർ സോൺ നിലവിലെ നിയമമനുസരിച്ച് തീരുമാറ്റിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കെ റെയിൽ പദ്ധതിക്കെതിരെ തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കി വിടുകയാണ് ചെയ്യുന്നത്. ഒരു കിലോമീറ്റർ അപ്പുറവും ഇപ്പറവും ബഫർ സോൺ ആണെന്നാണ് പറയുന്നത്. അങ്ങനെ ഒരു സംഭവമേ ഇല്ലെന്നായിരുന്നു മന്ത്രി സജി ചെറിയാൻ നേരത്തെ പ്രതികരിച്ചത്. കെ റെയിൽ സമരത്തിലൂടെ തിരിച്ചുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിൽവർ ലൈൻ പാതയുടെ ഇരുവശത്തും പത്ത് മീറ്റർ ബഫർ സോൺ ഉണ്ടെന്ന് എം ഡി വ്യക്തമാക്കിയത്.

സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി സാമൂഹിക ആഘാത പഠനം നടത്തുന്നതിനാണു കല്ലിടുന്നതെന്നും അല്ലാതെ ഭൂമി ഏറ്റെടുക്കാനല്ലെന്നും വി.അജിത് കുമാർ പറഞ്ഞു. കല്ലിടലുമായി മുന്നോട്ടു പോകും. ആവശ്യമെങ്കിൽ അലൈന്മെന്റിൽ മാറ്റം വരുത്തും. റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ചാലേ ഭൂമി ഏറ്റെടുക്കൂ. നഷ്ടപരിഹാരം ഉൾപ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചു മാത്രമേ പദ്ധതി നടപ്പിലാക്കൂ. നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കുമെന്ന ആശങ്ക വേണ്ടെന്നും എംഡി വ്യക്തമാക്കി.

സാമൂഹിക ആഘാത പഠനം നടത്തിയാൽ മാത്രമേ പദ്ധതിയെ പിന്തുണയ്ക്കുന്നവരെയും എതിർക്കുന്നവരെയും മനസിലാക്കാനും നഷ്ടപരിഹാരം കൊടുക്കാനും കഴിയൂ. സാമൂഹിക ആഘാത പഠനത്തെ വിലയിരുത്താൻ പബ്ലിക്ക് ഹിയറിങ് നടത്തി റിപ്പോർട്ട് തയാറാക്കും. റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിച്ചശേഷം സർക്കാരിനു നൽകും. സർക്കാർ അനുമതി നൽകിയാലേ ഭൂമി ഏറ്റെടുക്കൂ. ഭൂമി ഏറ്റെടുക്കാൻ റെയിൽവേ ബോർഡിന്റെ അനുമതിയും വേണം.

വിദഗ്ധസമിതി അലൈന്മെന്റ് മാറ്റാൻ നിർദ്ദേശിച്ചാൽ അതനുസരിച്ച് മാറ്റമുണ്ടാകും. സാമൂഹിക ആഘാതം പരമാവധി കുറച്ചാണ് നടപടികളുമായി മുന്നോട്ടു പോകുന്നത്. പദ്ധതിക്കു തത്വത്തിൽ അംഗീകാരം നൽകിയത് കേന്ദ്രമാണ്. കേന്ദ്ര നയത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി മുന്നോട്ടു പോകുന്നത്. കല്ലിടലുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്.

പ്രതിഷേധത്തിന്റെ ഭാഗമായി പിഴുതു മാറ്റിയ കല്ലുകൾക്ക് പകരം കല്ലിടും. രണ്ടുമാസം കൊണ്ട് കല്ലിടൽ പൂർത്തിയാക്കും. മൂന്നു മാസം കൊണ്ട് പാരിസ്ഥിതിക പഠനം നടത്തും. തത്വത്തിൽ അനുമതി ലഭിച്ച എല്ലാ പദ്ധതികളുടെ പ്രവർത്തനത്തിനും കല്ലിടാമെന്ന് എംഡി പറഞ്ഞു. കെ റെയിൽ പദ്ധതിക്ക് അനുമതി ലഭിച്ച സാഹചര്യത്തിലാണ് കല്ലിടുന്നത്.

പദ്ധതിക്കു കാലതാമസം നേരിട്ടാൽ ഓരോ വർഷവും 3500 കോടി അധിക ചെലവ് വരും. ഭൂ ഉടമകൾക്കു താൽപര്യം ഉണ്ടെങ്കിൽ നഷ്ടപരിഹാരമായി ബോണ്ടുകൾ നൽകുന്നതിനെക്കുറിച്ച് ആലോചിക്കും. ഭൂമിയുടെ ഒരു ഭാഗം ഏറ്റെടുക്കുമ്പോൾ ശേഷിക്കുന്ന വസ്തു ഉടമസ്ഥനു വേണ്ടെങ്കിൽ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുമെന്നും എംഡി പറഞ്ഞു.

അജിത്ത് കുമാർ പറഞ്ഞത് -

പദ്ധതിയുടെ സാമൂഹിക-സാമ്പത്തിക-പരിസ്ഥിതി ആഘാതപഠനമടക്കമുള്ള കാര്യങ്ങളറിയാനുള്ള സർവേയാണ് ഇപ്പോൾ നടക്കുന്നത്. സർവേ പൂർത്തിയാക്കി റെയിൽവേയുടെ അം?ഗീകാരം കിട്ടിയാൽ മാത്രമേ ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ നടത്താൻ പറ്റൂ. ആരുടേയെങ്കിലും ഭൂമിയേറ്റെടുക്കേണ്ടതായി വന്നാൽ മുഴുവൻ നഷ്ടപരിഹാരവും നൽകി മാത്രമേ ഭൂമിയേറ്റെടുക്കൂ. പദ്ധതിയുടെ ആവശ്യം നിർണ്ണയിക്കാനുള്ള പ്രാഥമിക നടപടിയാണ് ഇപ്പോൾ നടക്കുന്നത്. അലൈന്മെന്റ് ഫൈനലായ റൂട്ടിലാണ് കല്ലിടുന്നത് ബാധിക്കപ്പെടുന്ന കുടുംബത്തിന്റെ അഭിപ്രായം കേട്ട് വിദഗ്ദ്ധർ പഠിച്ച ശേഷം സർക്കാർ ഈ അലൈന്മെന്റ് അംഗീകരിക്കണം. അതിനു ശേഷം പഠനറിപ്പോർട്ട് റെയിൽവേക്ക് സമർപ്പിക്കും. റെയിൽവേ പദ്ധതിക്ക് അംഗീകാരം നൽകിയ ശേഷമേ സ്ഥലമേറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാനാവൂ.

കല്ലിടലുമായി മുന്നോട്ട് പോകും. കല്ലെടുക്കുന്നിടത്ത് വീണ്ടും കല്ലിടും. തടസങ്ങളുണ്ടായാൽ സാമുഹിക ആഘാത പഠനം വൈകും.പദ്ധതി വൈകും തോറും ഓരോ വർഷവം 3500 കോടി നഷ്ടം വരും. കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതിയാണിത്. കേന്ദ്ര ധനമന്ത്രി അംഗീകരിച്ചു. ഇപ്പോൾ കല്ലിട്ട അതിരുകൾ പഠനത്തിന് ശേഷം മാറും. ഡിപിആറിനൊപ്പം ഒരു സാമൂഹിക ആഘാത പഠനം പ്രാഥമിക റിപ്പോർട്ടിൽ വെച്ചിട്ടുണ്ട് പുതിയ റിപ്പോർട്ട് വന്നതിന് ശേഷം ഇതും കൂട്ടി ഉജഞന് ഒപ്പം ചേർക്കും. നഷ്ടപരിഹാരം സംബന്ധിച്ച് ഡിപിആറിൽ വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരത്തിന്റെ ഒരു ഭാഗം പിന്നെ വാങ്ങിയാൽ മതിയാവും.അത് ബോണ്ടായി നൽകും. പിന്നിട് പലിശ സഹിതം പണം നൽകും. സന്നദ്ധരായവർക്കാവും ഈ പാക്കേജ്.