ന്യുയോർക്ക്: അമേരിക്കൻ മലയാളികൾക്ക് മിഴിവുറ്റ പ്രോഗ്രാമുകൾ സമ്മാനിച്ച ഫ്രീഡിയ എന്റർടൈന്മെന്റ് ഇത്തവണ രണ്ടു പ്രോഗ്രാമുകളുമായി വീണ്ടുമെത്തുന്നു. സൂര്യ കൃഷ്ണമൂർത്തിയും പതിനാറംഗ സംഘവും അവതരിപ്പിക്കുന്ന സൂര്യ ഫെസ്റ്റിവലും ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുന്ന തൈക്കുടം ബ്രിഡ്ജിന്റെ സംഗീത ഷോയും

ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തിൽ ഫ്രീഡിയ ചെയർമാൻ ഡോ. ഫ്രീമു വർഗീസ്, മാനേജിങ് ഡയറക്ടർ ഡയസ് ദാമോദരൻ എന്നിവർ നേട്ടങ്ങളിലേക്കുള്ള ഫ്രീഡിയയുടെ മുന്നേറ്റവും ജനങ്ങൾ നൽകുന്ന സഹകരണവും വിശദീകരിച്ചു.

ഏപ്രിൽ അഞ്ചു മുതൽ 12 പ്രദർശനങ്ങളാണ് സൂര്യ കൃഷ്ണമൂർത്തിയും സംഘവും അവതരിപ്പിക്കുക. നേരത്തെ നടത്തിയ സൂര്യ ഷോ സാമ്പത്തിക നഷ്ടം വരുത്തി. എന്നാൽ മികച്ച കലാപ്രകടനത്തിനു സാമ്പത്തികവശം മാത്രമല്ല തങ്ങൾ പരിഗണിക്കുന്നത്.

മാതൃഭൂമിയുടെ കപ്പ ടിവിയിൽ അവതരിപ്പിച്ചതു മുതൽ തൈക്കുടം ബ്രിഡ്ജ് കേരളത്തിൽ തരംഗം സൃഷ്ടിക്കുകയായിരുന്നു. പുത്തൻ ഡാൻസും പാട്ടും ചേർന്നുള്ള ഹൈയ് വോൾട്ടേജ് പരിപാടിയിൽ ജനം ഒപ്പം ആടിയും പാടിയും തിമിർക്കുന്നത് പ്രോഗ്രാമുകളിൽ കണ്ടു. ഇതി കേരളത്തിൽ അപൂർവ സംഭവം തന്നെ.

അമേരിക്കൻ മലയാളികൾക്കായി വ്യത്യസ്തമായ ഗാനങ്ങളും പരിപാടികളും അവതരിപ്പിക്കും. മെയ്‌ മുതലാണ് തൈക്കുടം ബ്രിഡ്ജ് ഷോ 16 സ്റ്റേജുകളിൽ അവതരിപ്പിക്കുന്നത്.

ഫ്രീഡിയ നിർമ്മിച്ച സിനിമ 'ഹലോ നമസ്‌തേ' വിജയകരമായി കേരളത്തിൽ ഒരുമാസം പിന്നിട്ടതും സന്തോഷം പകരുന്നുവെന്നു ഡോ. ഫ്രീമു പറഞ്ഞു. ഷിക്കാഗോയിലുള്ള ജയൻ മുളങ്ങാടാണ് കൃഷ്ണ പൂജപ്പുരയുടെ തിരക്കഥ സിനിമയാക്കിയത്. ഒരു പ്രസ്‌ക്ലബ് കൺവൻഷനിലാണ് ജയൻ കഥയുമായി തന്നെ സമീപിച്ചതെന്നു ഡോ. ഫ്രീമു പറഞ്ഞു. നാലു വർഷത്തോളമെടുത്തു സിനിമ പുറത്തിറങ്ങാൻ.

പത്രസമ്മേളനത്തിൽ ട്രൈസ്റ്റേറ്റ് മേഖലയിലെ ഷോയുടെ കിക്ക് ഓഫും നടത്തി. ആനി ലിബു (മീഡിയ കണക്ട്), സജി ഏബ്രഹാം (ഹെഡ്ജ് ഫണ്ട്) സഞ്ജു ചെറിയാൻ, വിജി ജോൺ (ഇവന്റ് കാറ്റ്‌സ്) തുടങ്ങിയവർ കിക്ക് ഓഫിൽ പങ്കെടുത്തു.