തെന്നിന്ത്യൻ ആരാധകരുടെ പ്രിയപ്പെട്ട ജോഡികളാണ് സൂര്യയും ജ്യോതികയും. ഇരുവരും ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകരും അത് സന്തോഷത്തിലായി. തെന്നിന്ത്യൻ സിനിമയിലെ മാതൃകാ ദമ്പതികളാണ് ഇന്ന് സൂര്യയും ജ്യോതികയും. സൂര്യയുടെ രണ്ട് മക്കളെയും പ്രസവിച്ച ശേഷം സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ജ്യോതിക. സമയം കിട്ടുമ്പോഴൊക്കെ ഇരുവരും പരസ്പരം തങ്ങളുടെ സ്‌നേഹത്തെ കുറിച്ച് പങ്കുവയ്ക്കാറുമുണ്ട്.

തന്റെ പിന്തുണ ജ്യോതികയാണെന്നും സൂര്യ ഇല്ലാതെ താൻ ഇല്ല എന്ന് ജ്യോതികയും പല അവസരങ്ങളിലും സൂര്യ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ തന്റെ അച്ഛനും അമ്മയും എല്ലാം സൂര്യ തന്നെയാണെന്നാണ് ജ്യോതിക പറയുന്നത്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സൂര്യയെ പറ്റിയുള്ള ജ്യോതികയുടെ തുറന്ന് പറച്ചിൽ

സൂര്യയെ പറ്റി എത്ര പറഞ്ഞാലും മതിയാകില്ല. ഞാൻ വളരെ ഭാഗ്യവതിയാണ്. വളരെ കുറച്ചു പുരുഷന്മാരേ ഇങ്ങനെ ഉണ്ടാകൂ. ശരിക്കും പറഞ്ഞാൽ എന്റെ മകന് സൂര്യയുടെ പകുതി ഗുണങ്ങളെങ്കിലും ഉണ്ടായാൽ ഞാൻ വളരെ സന്തോഷവതിയായിരിക്കും. സൂര്യ എന്നെ എപ്പോഴും സന്തോഷവതിയാക്കാൻ ശ്രമിക്കാറുണ്ട്. ഞാനിതേ വരെ ഒരു കപ്പ് കാപ്പി കൂടി സൂര്യയ്ക്ക് ഉണ്ടാക്കി കൊടുത്തിട്ടില്ല. പക്ഷെ ചെയ്തു കൊടുക്കാൻ ഇതേ വരെ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടിട്ടുമില്ല. ഇങ്ങനെ എടുത്ത് പറയാൻ ചെറിയ ചെറിയ വിഷയങ്ങൾ ധാരാളമുണ്ട്.

സൂര്യ എനിക്ക് വളരെ അധികം ബഹുമാനം നൽകാറുണ്ട്. വേറെ ആരും എന്നെ പറ്റി മോശമായി ഒന്നും തന്നെ പറയാൻ പാടില്ല എന്ന രീതിയിൽ അദ്ദേഹം എന്നെ സുരക്ഷിതയാക്കാറുണ്ട്. എന്റെ അച്ഛൻ അമ്മ എല്ലാം സൂര്യയുടെ ഉള്ളിലുണ്ട്. സത്യമായും പറയുകയാണ്. എനിക്കൊരു പ്രശ്നമുണ്ടെങ്കിൽ ആദ്യം സൂര്യയോടാണ് പറയാറുള്ളത്. സന്തോഷകരമായ കാര്യമുണ്ടെങ്കിൽ അതും ആദ്യം പറയുന്നതും സൂര്യയോടു തന്നെ.

എനിക്ക് സുഖമില്ലാതാവുകയാണെങ്കിൽ സൂര്യ എന്റെ കൂടെ തന്നെ ഉണ്ടാകും. സൂര്യയെ പറ്റി പറഞ്ഞാൽ തീരില്ല. സൂര്യ ഇങ്ങനെ തന്നെയുള്ള ഭർത്താവായിരിക്കുമെന്ന് വിവാഹത്തിന് മുൻപേ അറിയാമായിരുന്നു. അതിനാലാണ് കല്യാണം കഴിച്ചത്. പ്രണയിച്ചു കൊണ്ടിരുന്നപ്പോഴും സൂര്യ ഇതേ കെയറിങ് ആയിരുന്നെന്നും ജ്യോതിക പറയുന്നു.