തിരുവനന്തപുരം: സ്വവർഗ്ഗ രതി ക്രിമിനൽ കുറ്റകരമല്ലെന്ന സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി ഏറെ സന്തോഷം പകരുന്ന വാർത്തയാണെന്ന് സൂര്യഇഷാൻ. ഭരണ ഘടന അനുശാസിക്കുന്ന തുല്യ അവകാശം ഇവിടെ ഞങ്ങൾക്കുമുണ്ടെന്ന് ജനങ്ങളെ ഓർമ്മപ്പെടുത്തുവാനുള്ള ഒരു അവസരമായിട്ടാണ് കാണുന്നതെന്നും സൂര്യ പറഞ്ഞു.

ഒരു വാതിൽ മാത്രമാണ് ഈ വിധിയിലൂടെ തുറന്ന് തന്നത്. ഇനിയും ഒരുപാട് കടമ്പകൾ ഇതിനകത്തുണ്ട്.ഒരു പൗരനുള്ള മൗലികാവകാശങ്ങൾ ഇന്നും ഞങ്ങൾക്ക് ലംഘിക്കപ്പെടുകയാണ്. മുറിക്കുള്ളിൽ ഒളിച്ചിരുന്ന, തുരുത്തുകളിലക്ക് ഒളിക്കപ്പെട്ട അല്ലെങ്കിൽ മറയ്ക്കപ്പെട്ട കുറേപ്പേർ കൂടി മുഖ്യധാരയിലക്ക് വന്ന് ഒരു പ്രബല ശക്തിയാവാൻ അവസരം കൈവന്നിരിക്കുകയാണ് ഈ വിധികൊണ്ട്. അതൊക്കെ കൊണ്ട് തന്നെയാണ് ഇതൊരു ചരിത്ര വിധിയെന്ന് പറയാൻ കാരണമെന്നും സൂര്യ മറുനാടൻ മലയാളിയോട് പറഞ്ഞു.

വർഷങ്ങളായിട്ട് നടത്തി വന്ന നിയമ പോരാട്ടത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകരമാണ്. ഭരണകൂടങ്ങൾളെക്കാളുമപ്പുറം സുപ്രീം കോടതിക്ക് ഒരു നിയമം എങ്ങനെ കൊണ്ടു വരാമെന്ന് ഞങ്ങൾക്ക് കാണിച്ചു തന്നു. ഇപ്പോഴും സർക്കാർ ഞങ്ങൾക്കെതിരാണ്. പൂർണ്ണമായും അനുകൂലമാകുന്ന ഒരു വിധി വരുന്ന ദിവസം കാത്തിരിക്കുകയാണെന്നും സൂര്യ പറഞ്ഞു.

അതേ സമയം മാനവീയം വീഥിയിൽ ട്രാൻസ്ജെൻഡേഴ്സ് നടത്തിയ ആഘോഷ പരിപാടിയിൽ ബിനീഷ് കോടിയേരി പങ്കെടുത്തു. എല്ലാവരും മനുഷ്യരാണ് എന്ന തിരിച്ചറിവാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ കാരണമെന്നും താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ തത്വവും അതാണെന്നും ബിനീഷ് പറഞ്ഞു. കേക്ക് മുറിച്ചാണ് ആഘോഷ പരിപാടികൾ തുടങ്ങിയത്. പിന്നീട് പാട്ടും നൃത്ത ചുവടുകളുമായി നിരവധിപേർ എത്തി.