കൊച്ചി: ആലിൻചുവട് ഗാർഡൻ കോർട്ട് അപ്പാർട്ട്‌മെന്റിൽ വീട്ടുവേലക്കാരിയായ യുവതിയെ താമസിപ്പിച്ചത് സഹോദരിയാണെന്ന വ്യാജേനയെന്ന് അപ്പാർട്ട്‌മെന്റ് കെയർ ടേക്കറുടെ മൊഴി. എറണാകുളം സ്വദേശി ഗോപകുമാർ ഒരു വർഷം മുമ്പ് പാലാരിവട്ടത്ത് ഇവന്റ്മാനേജ്‌മെന്റ് കമ്പനി നടത്തുന്ന ഷൈന്് വാടകയ്ക്ക് കൊടുത്തതാണ് 4എ ഫ്‌ലാറ്റ്.

ബ്രെയിൻ ട്യൂമർ ബാധിച്ച സഹോദരിയെ എറണാകുളം അമൃതാ ആശുപത്രിയിൽ ചികിത്സിക്കാനുള്ള എളുപ്പത്തിനാണ് ഫ്‌ലാറ്റിൽ നിർത്തിയിരിക്കുന്നതെന്നും പറവൂർ സ്വദേശിയായ ഷൈൻ തന്നെ വിശ്വസിപ്പിച്ചതായി കെയർ ടേക്കർ ഫിറോഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഒന്നോ രണ്ടോ തവണമാത്രമേ യുവതിയെ ഫ്‌ലാറ്റിന് പുറത്തുകൊണ്ടുപോയിട്ടുള്ളൂവെന്നും, എന്നാൽ ബ്രെയിൻ ട്യൂമർ ബാധിച്ച രോഗിയുടെ ലക്ഷണങ്ങളോ, ക്ഷീണമോ യുവതിയിൽ ഇല്ലായിരുന്നുവെന്നും ഫിറോഷ് പറഞ്ഞു.

ഒരു മാസം മാത്രമാണ് ഫ്‌ലാറ്റിലെ സിസിടിവി ക്യാമറകളുടെ സ്റ്റോറേജ്. കഴിഞ്ഞ മാസം 15 വരെയുള്ള ദൃശ്യങ്ങൾ മാത്രമേ ഇവിടെ സൂക്ഷിച്ചിട്ടുള്ളൂ. ഈ ദൃശ്യങ്ങളിൽ ഷൈന്റെ ചുമന്ന ഐ 20 കാർ പുറത്തേക്ക് പോകുന്നതും വരുന്നതിന്റേയും ദൃശ്യങ്ങൾ മാത്രമാണ് ലഭിക്കുക. കാറിനുള്ളിൽ ആരാണെന്നത് വ്യക്തമല്ല. ഗാർഡൻ കോർട്ടിലെ ഗേറ്റുകളിലേക്ക് ഫോക്കസ് ചെയ്യുന്ന നാല് ക്യാമറകളാണ് ഇവിടെയുള്ളത്. കാർ പാർക്കിങ് ഏരിയയിലോ ഫ്‌ലാറ്റിന്റെ മറ്റ് ഗ്രൗണ്ട് ഫ്‌ലോറിലോ ക്യാമറയില്ല.

സിസിടിവി ദൃശ്യങ്ങൾ ഇന്നലെ രാത്രിയോടെ സർവ്വീസ് മാന്റെ സഹായത്തോടെ പൊലീസ് ശേഖരിച്ചു. പരാതിയിൽ പറയുന്ന സമയങ്ങളിൽ ഷൈന്റെ കാർ വന്നുപോയിട്ടുണ്ടോയെന്ന പൊലീസ് പരിശോധിച്ച് വരുകയാണ്. ഫ്‌ലാറ്റിനകത്ത് കയറിയ മറുനാടൻ ലേഖകനും പീഡനം നടന്നു എന്ന് പരാതിയിൽ പറയുന്ന 4എ ഫ്‌ലാറ്റും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.

കെയർ ടേക്കറിൽ നിന്നും സെക്യൂരിറ്റി ഗാർഡിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. 4എ യ്ക്ക് എതിർ വശത്തെ ഫ്‌ലാറ്റിൽ താമസിക്കുന്നത് മുതിർന്ന കംസ്റ്റംസ് ഉദ്യോഗസ്ഥനാണ്. അതേസമയം, പരാതിയിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. യുവതിയുടെ മൊബൈൽ ഷൈൻ വാങ്ങിവച്ചെന്നാണ് പരാതിയിൽ പറയുന്നതെങ്കിലും, ഈ ദിവസങ്ങളിലാകെ 400 ഔട്ട്‌ഗോയിംങ്ങ് കോളുകൾ യുവതിയുടെ മൊബൈലിൽ പോയിട്ടുണ്ടെന്ന് കോൾ രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായെന്ന് അന്വേഷണ സംഘം മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ യുവതിയുടെ മൊബൈൽ മറ്റാരെങ്കിലും ഉപയോഗിച്ചതാണോയെന്ന് പരിശോധിച്ച് വരുകയാണ്.

എറണാകുളം നോർത്ത് സിഐ വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മുമ്പാകെ, പരാതിയിൽ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായിട്ടാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. ഇതേതുടർന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ യുവതിയുടെ രഹസ്യമൊഴി (164) കൊടുക്കാനുള്ള നടപടികൾ പൂർത്തിയാക്കിയതായാണ് വിവരം. യുവതിയുടെ സഹോദരിയുടേയും മൊഴി രേഖപ്പെടുത്തി. ഇവന്മാനേജ്‌മെന്റ് കമ്പനി ഉടമ ഷൈനിനേയും നോർത്ത് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വരുകയാണ്. ഷൈൻ പൊലീസ് കസ്റ്റഡിയിൽ ആണ്.

രണ്ട് മാസങ്ങൾക്ക് മുമ്പ് ഇടുക്കി ഉടുമ്പുചോല സ്റ്റേഷനിൽ യുവതിയ്‌ക്കെതിരെ ഭർത്താവ് പരാതി നൽകിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തന്നേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് മറ്റൊരാളുമായി യുവതി നാടുവിട്ടെന്നാണ് പരാതി. ഈ പരാതിയും അന്വേഷണ സംഘം പരിശോധിച്ച് വരുകയാണ്.

പറവൂർ സ്വദേശിയായ ഷൈൻ, കുക്കു എന്ന വിളിപ്പേരുള്ളയാൾ, കുമാർ, കറുകകുറ്റി അച്ചായൻ എന്ന് വിളിപ്പേരുള്ളയാൾ, ജസ്റ്റിൻ, ദിലീപ്, രഞ്ജിത്ത്, ജോസ്, കിഷോർ, ജെയ്‌സൺ, സിബി എന്നിവരടക്കം 13 പേർ തന്നെ പീഡിപ്പിച്ചതായാണ് 25ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ പറയുന്നത്. ഡിസംബർ 4 മുതൽ ജനുവരി 24 വരെ തന്നെ തടഞ്ഞ് വച്ച് പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി.