ആലപ്പുഴ : മാനം കാക്കേണ്ട പൊലീസ് മാനം കവരുന്നത് സാംസ്കാരിക കേരളത്തിന് ഭൂഷണമോ? മറ്റൊരു സൂര്യനെല്ലി ആലപ്പുഴയിലും അരങ്ങേറി. കേസിൽ പൊലീസുക്കാരുടെ നീണ്ടനിര. ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി നെൽസൺ പിടിയിൽ. ബാംഗ്ലൂരിൽ ഇന്നലെ പിടിയിലായ ഇയാളെ കുറിച്ച് പൊലീസ് ഇനിയും വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ല. കേസിലെ പ്രതികളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ നീക്കം നടക്കുന്നതിനിടയിലാണ് മുഖ്യപ്രതി പിടിയിലായത്.

നെൽസൺ തോമസിനെ ഞായറാഴ്ച രാത്രിയിൽ ആലപ്പുഴയിൽ എത്തിച്ച് ചോദ്യംചെയ്തു. ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചതായാണ് മൊഴി. പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ ആതിരയ്ക്കെതിരേയും നെൽസൺ തോമസിനെതിരേയും പോക്സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കുടുതൽ അന്വേഷണത്തിലേക്ക് കടക്കുകയാണ് പൊലീസ്. ആതിരയെയും പൊലീസുകാരനെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. അന്വേഷണം കൂടുതൽപേരിലേക്ക് എത്തുമെന്നാണ് അറിയുന്നത്. നാട്ടുകാരുടെ കൃത്യമായ ഇടപെടൽ കൊണ്ടാണ് സംഭവം പുറംലോകമറിഞ്ഞത്. അതിനിടെ ഉന്നതരെ രക്ഷിക്കാൻ നീക്കം സജീവമാണെന്ന ആശങ്കയും സജീവമായി.

പ്രധാന പ്രതിയായ പൊലീസുക്കാരൻ പീഡന കേസുകളിലെ സ്ഥിരം സാന്നിധ്യം. സ്ത്രീ തൽപരരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് വിടുപണി ചെയ്യുന്നതും ഇയാളുടെ സ്ഥിരം പണി. വലയിലാകുന്ന ഉന്നതരെ മുതലാക്കി വീണ്ടും പീഡനത്തിന് പുത്തൻ മേച്ചിൽ പുറങ്ങൾ തേടലാണ് ഇയാളുടെ തന്ത്രം. കേസിലെ പ്രധാന കണ്ണിയായ ആതിര പൊലീസ് വലയിലായപ്പോൾ മുങ്ങിയ പൊലീസുക്കാരനെയാണ് പിടികൂടിയത്. എന്നാൽ ഇയാളെ രക്ഷിച്ചത് സുഹൃത്തായ മറ്റൊരു പൊലീസുക്കാരനും വേറൊരു സുഹൃത്തുംകൂടിയാണെന്ന് സൂചന. സുഹൃത്തിന്റെ ഇന്നോവ കാറിലാണ് പ്രതിയായ പൊലീസുക്കാരൻ രക്ഷപ്പെട്ടതെന്നും സൂചന.

രണ്ടുദിവസങ്ങൾക്ക് മുമ്പാണ് കൈനടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആലപ്പുഴ പൂങ്കാവ് സ്വദേശിയായ നെൽസൺ മുങ്ങിയത്. നിർധന കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡപ്പിച്ച കേസിലാണ് ഇയാൾ ഒളിവിൽ പോയത്. ഇയാൾക്ക് പെൺകുട്ടിയെ എത്തിച്ചു നൽകിയ പുന്നുപ്ര സ്വദേശി ആതിര എന്ന യുവതി കഴിഞ്ഞദിവസം പൊലീസ് വലയിലായിരുന്നു. ഇതോടെയാണ് നെൽസൺ മുങ്ങിയത്. ഇയാളുടെ പൂങ്കാവിലുള്ള സുഹൃത്തിന്റെ ഇന്നോവ കാറിലാണ് സുഹൃത്തായ മറ്റൊരു പൊലീസുക്കാരൻ രക്ഷപ്പെടുത്തിയതെന്ന് ചില സൂചനകൾ.

വനിത സി ഐ പെൺകുട്ടിയിൽനിന്നും മൊഴിയെടുത്തതനുസരിച്ച് ജില്ലയിലെ ഒരു ഡിവൈ എസ് പിയും ചേർത്തലയിൽ പ്രവർത്തിച്ചിരുന്ന ഒരു സി ഐയും എറണാകുളം സ്വദേശിയും അമ്പലപ്പുഴയിലും മാരാരിക്കുളത്തും സേവനം നടത്തിയിരുന്ന ജൂനിയർ എസ് ഐയും ഉൾപ്പെട്ടതായി അറിയുന്നു. ഇതിനിടെ പെൺകുട്ടിയ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും കൂടുതൽ പരിശോധനക്കായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നറിയുന്നു.കേസിൽ ഉൾപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നതായി പൊലീസിൽ തന്നെ ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

ഉന്നതെരെ ഒഴിവാക്കി നെൽസണെ മാത്രം പോക്സോ ഉൾപ്പെടുത്തി അകത്താക്കാനാണ് നീക്കം ശക്തിപ്പെടുന്നത്. അതേസമയം അറസ്റ്റിലായ പൊലീസുക്കാരൻ പീഡന കാര്യത്തിൽ കേമനാണെന്നാണ് ജനസംസാരം. നേരത്തെ ആലപ്പുഴയിലെ നോർത്ത് പൊലീസ് സ്റ്റേഷനിൽ സി ഐ ആയി പ്രവർത്തിക്കുകയും ഡി വൈ എസ് പിയായി വിരമിക്കുകയും ചെയ്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറായി പ്രവർത്തിച്ചിരുന്ന ആളാണ് നെൽസൺ. സി ഐ ആകട്ടെ സ്ത്രീ വിഷയത്തിൽ കെങ്കേമൻ. വനിത പൊലീസ് ഉദ്യോഗസ്ഥരെ ട്രാഫിക്ക് ഡ്യൂട്ടിക്കായി തെരുവിൽ ഇറക്കുന്ന പതിവ് പണിയായിരുന്നു സി ഐയ്ക്ക് .

അന്നുമുതൽ സി ഐയ്ക്കൊപ്പം സഞ്ചരിച്ച് മുഴുവൻ കാര്യങ്ങളും ചെയ്തു നൽകിയിരുന്നത് നെൽസണായിരുന്നു. പെൺവിഷയത്തിൽ തൽപരനായ മുൻ സി ഐയ്ക്കെതിരെ ആലപ്പുഴ സ്വകാര്യ ബസ് സ്റ്റാന്റിനു പിറകിൽ താമസിക്കുന്ന കൊച്ചി സ്വദേശിയായ വീട്ടമ്മ വാർത്താസമ്മേളനം നടത്തിയിരുന്നു. പുരയിടത്തിന്റെ ചുറ്റമതിൽ കെട്ടുന്ന വിഷയത്തിൽ സി ഐ അനാവശ്യമായി ഇടപ്പെട്ട് കെട്ടിയ മതിൽ പൊളിക്കുകയും ചെയ്തിരുന്നു. പിന്നീട് സി ഐ ആളെ വിട്ട് വീട്ടമ്മയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് തന്റെ കാര്യങ്ങൾ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് വീട്ടമ്മ വാർത്താസമ്മേളനം നടത്തിയത്.

ഇയാൾ റിട്ടയർ ചെയ്തശേഷം നെൽസൺ പല സ്റ്റേഷനുകളിലും പണിയെടുത്തു. ഏറ്റവും ഒടുവിൽ ആലപ്പുഴ കലവരൂരിലെ ഒരു റിസോർട്ടിൽനിന്നും അനാശാസ്യത്തിന് പിടിക്കൂടിയ യുവതിയെ അറസ്റ്റു ചെയ്തുകൊണ്ടുപോയ നെൽസൺ ചേർത്തലയിലെ മറ്റൊരു റിസോർട്ടിലെത്തിച്ച് യുവതിയെ പീഡിപ്പിച്ചത് വിവാദമായിരുന്നു. യുവതി ഇയാൾക്കെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഇയാളെ സസ്പെന്റ് ചെയ്തിരുന്നു. പിന്നീട് ആലപ്പുഴ എ ആർ ക്യാമ്പിൽ കഴിഞ്ഞുവന്ന നെൽസണെ അടുത്തസമയത്താണ് സ്റ്റേഷനിലേക്ക് മാറ്റിയത്.

മൊഴിയെടുപ്പും ഊരുചുറ്റിക്കലും മുറയ്ക്ക് നടക്കുമ്പോഴും ആശങ്കയൊഴിയാതെ കഴിയുകയാണ് നാട്ടുക്കാർ. ഉന്നതെ പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള നീക്കം ഇതിനോടകം പുറത്തായതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്.