ന്യൂഡൽഹി: രാജ്യത്തിന്റെ അഭിനമായിരുന്ന താരമെന്ന നിലയിൽ നിന്നും കൊലപാതക കേസ് പ്രതിയെന്ന നിലയിലേക്കാണ് ഒളിംപ്യൻ സുശീൽ കുമാർ കൂപ്പുകുത്തിയിരിക്കുന്നത്. ജൂനിയർ ഗുസ്തിതാരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒളിംപ്യൻ സുശീൽകുമാറിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമ്പോൾ ഡൽഹി നിവാസികൾക്കും ഞെട്ടലാണ് ഉണ്ടാകുന്നത്.

ഡൽഹിയിലെ കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങളുമായി സുശീൽ കുമാറിന് ബന്ധമുണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ജയിലിൽ കഴിയുന്ന ചില ഗുണ്ടാത്തലവന്മാരെ ചോദ്യം ചെയ്തപ്പോഴാണു സൂചനകൾ ലഭിച്ചത്. ജൂനിയർ ഗുസ്തിതാരം സാഗർ ധൻകട് കൊല്ലപ്പെട്ട കേസിൽ ക്രിമിനൽ സംഘാംഗങ്ങളായ 4 പേരെ കൂടി പൊലീസ് പിടികൂടി. സുശീലിനൊപ്പം ഉണ്ടായിരുന്നവരാണിവർ.

ഡൽഹിഎൻസിആർ മേഖലയിൽ റിയൽ എസ്റ്റേറ്റ് ബിസിനസുള്ള ധനികരിൽ നിന്നു ഗുണ്ടാപ്പണം ആവശ്യപ്പെടുന്ന സംഭവങ്ങളിൽ സുശീൽ ഇടനിലക്കാരനായി കമ്മീഷൻ വാങ്ങിയിരുന്നുവെന്ന് പിടിയിലായ ചിലർ മൊഴി നൽകിയിട്ടുണ്ട്. സാഗർ റാണയെ മർദ്ദിക്കുമ്പോൾ പരിക്കേറ്റ സോനു മഹൽ ഉത്തരേന്ത്യയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവായ സന്ദീപ് കാലയെന്ന കാല ജതേദിയുടെ അടുത്ത ബന്ധുവാണെന്നും കാല ജതേദിയുമായി സുശീലിന് അടുത്ത ബന്ധമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. എന്നാൽ സോനുവിനെ സുശീൽ മർദ്ദിച്ചതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായതായും പൊലീസ് വ്യക്തമാക്കുന്നു. സോനുവിനെതിരേ 19 ക്രിമിനൽ കേസുകളുണ്ട്.

സാഗർ റാണയേയും സോനുവിനേയും മർദ്ദിക്കുന്നതിന് സുശീലിന് മറ്റൊരു കൊടുംകുറ്റവാളിയായ നീരജ് ബവാനയുടെ സംഘത്തിന്റെ പിന്തുണ ലഭിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച സ്‌കോർപിയോ കാർ ബവാനയുടെ ബന്ധുവിന്റേതാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ബവാനയെ കുറിച്ച് വിവരം ലഭിക്കുന്നവർക്ക് പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ മെയ്‌ നാലിനാണ് ഇരുപത്തിമൂന്നുകാരനായ സാഗർ റാണയേയും സാഗറിന്റെ രണ്ട് സുഹൃത്തുക്കളേയും സുശീൽ കുമാറും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചത്. ക്രൂരമായ മർദ്ദനത്തിനരായ മൂന്നു പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ സാഗർ മരിച്ചു.

തുടർന്ന് ഒളിവിലായ സുശീലിനേയും മറ്റൊരു പ്രതിയായ അജയ് കുമാറിനേയും വെസ്റ്റ് ഡൽഹിയിലെ മുണ്ട്ക ടൗണിൽവച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 18 ദിവസത്തോളം ഇരുവരും പൊലീസിനെ വെട്ടിച്ചുകഴിഞ്ഞു. പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ കൊലപാതകം നടക്കുമ്പോൾ താൻ ഛത്രസാൽ സ്റ്റേഡിയത്തിലുണ്ടായിരുന്നതായി സുശീൽ കുമാർ സമ്മതിച്ചിരുന്നു. അതേസമയം, ക്രിമിനൽ ബന്ധങ്ങൾ സുശീലിനെ കുടുക്കാനായി കെട്ടിച്ചമച്ചതാണെന്നാണ് അദ്ദേഹത്തിന്റെ അടുപ്പക്കാർ പറയുന്നത്. സാഗറിനെ മർദിച്ചതുകൊല്ലാനുദ്ദേശിച്ചല്ലെന്നാണു വാദം.

കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സുശീലിനെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മറ്റുള്ള ഗുസ്തി താരങ്ങളുടെ മുന്നിൽവെച്ച് സാഗർ സുശീലിനെക്കുറിച്ച് മോശമായി സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. നേരത്തെ അറസ്റ്റ് തടയണമൊവശ്യപ്പെട്ട് മെയ്‌ പതിനെട്ടിന് സുശീൽ ഡൽഹി രോഹിണിയിലെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളി.

രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ ജേതാവാണ് സുശീൽ. 2008-ലെ ബെയ്ജിങ് ഒളിമ്പിക്‌സിൽ വെങ്കലവും 2012-ലെ ലണ്ടൻ ഒളിമ്പിക്‌സിൽ വെള്ളിയും നേടി.