- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ദ്രപ്രസ്ഥത്തിൽ 'മന്നനായ' മോദി ഉള്ളപ്പോൾ ബീഹാറിൽ നിന്നുള്ള മോദി എന്തിന്? മലയാളത്തിന്റെ മരുമകൻ സുശീൽ മോദിക്ക് വിനയായത് നിതീഷുമായുള്ള ആത്മബന്ധം; ആർഎസ്എസ് പിന്തുണ ഉണ്ടായിട്ടും മതേതര പ്രതിച്ഛായയുള്ള മുതിർന്ന നേതാവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ മുഖം തിരിച്ച് പ്രധാനമന്ത്രി
പാട്ന: ബിജെപിയുടെ മുതിർന്ന നേതാവും ബീഹാറിൽ നിന്നുള്ള രാജ്യസഭാംഗവുമായ സുശീൽ കുമാർ മോദിയെ മന്ത്രിസഭാ പുനഃസംഘടനയിൽ തഴഞ്ഞതിന്റെ അന്താളിപ്പിലാണ് ബിജെപി നേതാക്കളും നിരീക്ഷകരും. ബീഹാറിൽ എൻഡിഎ സഖ്യത്തിന്റെ മുഖ്യസൂത്രധാരിൽ ഒരാളാണ് സുശീൽ കുമാർ. ഉപമുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തെ ദേശീയ നേതൃത്വത്തിലേയ്ക്ക് ഉയർത്താനെന്ന പേരിലാണ് രാജ്യസഭാംഗമാക്കിയത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ പുനഃസംഘടനിൽ അദ്ദേഹം മന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ധനമന്ത്രി നിർമല സീതാരാമൻ മാറുമെങ്കിൽ പകരം ആ സ്ഥാനത്തു വരുമെന്നു കേട്ടിരുന്ന പേരായിരുന്നു സുശീൽ കുമാർ മോദിയുടേത്. എന്നാൽ പുനഃസംഘടന കഴിഞ്ഞപ്പോൾ നരേന്ദ്ര മോദി മന്ത്രിസഭയിൽ സുശീൽ മോദിയില്ല.
ബീഹാർ ഉപമുഖ്യമന്ത്രി എന്ന നിലയിലും ധനമന്ത്രി എന്ന നിലയിലും 11 വർഷത്തെ പരിചയമുള്ളയാളാണ് സുശീൽ മോദി. രണ്ടു ടേമുകളിലായിട്ടായിരുന്നു ഇത്. ആദ്യം 2005 മുതൽ 2013 വരെ, രണ്ടാം ടേമിൽ 2017 മുതൽ 2020 വരെയും. പാർട്ടിക്ക് അതീതമായ അടുപ്പത്തിലൂടെ ബിഹാറിലെ രാമലക്ഷ്മണന്മാർ എന്നൊരു പേരും ഇക്കാലയളവിൽ ഇരുവരും സ്വന്തമാക്കിയിരുന്നു.
ബിഹാറിൽനിന്ന് നാല് കാബിനറ്റ് മന്ത്രിമാരും രണ്ട് സഹമന്ത്രിമാരും ഉൾപ്പടെ ആറുപേർ പുതിയ മന്ത്രിസഭയിൽ ഇടംപിടിച്ചതോടെയാണ് സുശീൽ മോദി പുറത്തായതെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം. എന്നാൽ നരേന്ദ്ര മോദിക്ക് അനഭിമതനായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള അടുപ്പമാണ് സുശീൽ മോദിക്ക് കേന്ദ്രമന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
2010ൽ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദി ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനു വരുന്നതിനെ നിതീഷ് കുമാർ എതിർത്തിരുന്നു. 'ഞങ്ങൾക്ക് ഇവിടെ ബിഹാറിൽ ഒരു മോദിയുള്ളപ്പോൾ എന്തിനാണു മറ്റൊരു സംസ്ഥാനത്തുനിന്ന് വേറൊരു മോദി വരുന്നത്' എന്ന് ബിജെപി കേന്ദ്ര നേതൃത്വത്തോട് നിതീഷ് കുമാർ ചോദിച്ചെന്നായിരുന്നു അന്നു റിപ്പോർട്ടുകൾ. ബിജെപിയും ജെഡിയുവും തമ്മിലുള്ള ബിഹാറിലെ സഖ്യം തകരും വിധം മോദിയും നിതീഷും തമ്മിൽ വളർന്ന തർക്കം വളരെ പണിപ്പെട്ടാണ് അന്നു പരിഹരിച്ചതും.
കേരളവുമായി അടുത്ത ബന്ധം കൂടിയുള്ള ഒരാളാണ് സുശീൽ കുമാർ മോദി. ഭാര്യ ജെസി ജോർജ് മലയാളിയാണ്. പൊൻകുന്നം അഴീക്കൽ കുടുംബാംഗം. കോളജ് കാലത്ത് സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ ആശയങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയത്തിലെത്തിയ സുശീൽ ബിഹാറിനെ ഇളക്കിമറിച്ച എഴുപതുകളിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ നേതൃത്വനിരയിലുണ്ടായിരുന്നു. അടിയന്തരാവസ്ഥാക്കാലത്ത് സുശീൽ കുമാർ ജയിലിൽ അടയ്ക്കപ്പെട്ടു. കൂടെയുണ്ടായിരുന്നവർ പിൽക്കാലത്ത് മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ആയെങ്കിലും സുശീൽ കുമാർ അധികാരസ്ഥാനങ്ങളിൽനിന്ന് ഒഴിഞ്ഞു നടന്നു. മാതൃസംഘടനയായ ആർഎസ്എസിന്റെയും എബിവിപിയുടെയും സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകി.
ഇക്കാലത്താണ് ഒരു തീവണ്ടിയാത്രയിൽ മലയാളിയായ ജെസി ജോർജിനെ പരിചയപ്പെടുന്നത്. പക്ഷി നിരീക്ഷണത്തിൽ താൽപര്യമുണ്ടായിരുന്ന ജെസി അതുമായി ബന്ധപ്പെട്ട യാത്രയിലായിരുന്നു. പരിചയം കത്തുകളിലൂടെ അടുപ്പമായി വളരുകയും പ്രണയമായി മാറുകയും ചെയ്തു. ഇരു കുടുംബങ്ങളുടെയും അനുമതിയോടെ 1986 ഏപ്രിൽ 13ന് പട്നയിലായിരുന്നു വിവാഹം. ലളിതമായിരുന്നു ചടങ്ങുകൾ. അതിഥികളെ സൽക്കരിക്കാൻ ശീതപാനീയം മാത്രം, സദ്യപോയിട്ട് ലഘു ഭക്ഷണം പോലുമില്ലായിരുന്നു!
ആദർശവും ലാളിത്യവും സ്വന്തം വിവാഹക്കാര്യത്തിൽ മാത്രമല്ല മകൻ ഉത്കർഷിന്റെ വിവാഹക്കാര്യത്തിലും നിഷ്‌കർഷയോടെ നടപ്പിലാക്കി സുശീൽ മോദി. കല്യാണച്ചടങ്ങ് നടന്ന സ്ഥലത്ത് സ്ത്രീധനം വാങ്ങിക്കില്ല എന്ന പ്രതിജ്ഞ എടുപ്പിക്കാനും, അവയവദാനം നടത്താനുള്ള സമ്മതപത്രം നൽകാനുമായി ഒരു കൗണ്ടർ പ്രവർത്തിച്ചു. അവിടെ എഴുനൂറിലധികം പേർ തങ്ങൾ സ്ത്രീധനം വാങ്ങില്ല എന്ന് പ്രഖ്യാപനം നടത്തുകയും നൂറുകണക്കിന് ആളുകൾ തങ്ങളുടെ അവയവദാന സമ്മതം രേഖാമൂലം നൽകുകയും ചെയ്തു. ഡിജിറ്റൽ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കാൻ കല്യാണക്കുറി ഒഴിവാക്കി വാട്സാപ്പിലും ഇമെയിലിലുമാണ് അതിഥികളെ ക്ഷണിച്ചത്. ഈ വിവാഹം സ്ത്രീധനം വാങ്ങിയുള്ളതല്ല എന്ന് അതിൽ പ്രസ്താവിച്ചിരുന്നു. അതിഥികൾ സമ്മാനങ്ങൾ ഒഴിവാക്കണമെന്നും ഡിജിറ്റൽ ക്ഷണക്കത്ത് വിനയപൂർവം ആവശ്യപ്പെട്ടു.
മറുനാടന് ഡെസ്ക്