ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തല ചർച്ചകൾ അലസിപ്പിരിഞ്ഞു. ഇവിടെ ശ്രദ്ധിക്കപ്പെട്ടത് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഉറച്ച വാക്കുകളായിരുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പോലും കടന്നാക്രമിച്ച് സുഷമ നിലപാടുകൾ വിശദീകരിച്ചു. വിമർശനവുമായി കോൺഗ്രസ് എത്തിയെങ്കിലും സുഷമയുടേത് ഇന്ത്യൻ നിലപാട് കൃത്യമായി വ്യക്തമാക്കൽ ത്‌നെയാണെന്ന് വിലയിരുത്തലുകളെത്തി. പ്രധാനമന്ത്രി മോദിയ്‌ക്കൊപ്പം വിദേശകാര്യത്തിൽ മന്ത്രിക്കും സ്വന്തമായൊരിടമുണ്ടെന്ന് സുഷമ തെളിയിച്ചു. ഇനി പിന്തുണ തേടിയുള്ള യാത്രകളാണ്.

ലളിത് മോദി വിവാദത്തിൽ കുരുങ്ങി പ്രതിക്കൂട്ടിലായെങ്കിലും അതെല്ലാം മറികടക്കാൻ ഭരണപരമായ മികവ് തുടരുന്നതിലൂടെ കഴിയുമെന്നാണ് സുഷമയുടെ പ്രതീക്ഷ. വിദേശ രാജ്യങ്ങൾക്കിടയിൽ പ്രതിച്ഛായ ഉണ്ടാക്കിയെടുക്കുക. ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗത്വത്തിന് ലോക രാജ്യങ്ങളുടെ പിന്തുണ നേടുക. എല്ലാത്തിനുമപരി മെയ്ക് ഇൻ ഇന്ത്യയ്ക്ക് ആഹ്വാനം ചെയ്ത ലോകരാജ്യസന്ദർശിക്കുന്ന പ്രധാനമന്ത്രിയുടെ നീക്കങ്ങൾ ലക്ഷ്യത്തിലെത്തിക്കുക. ഇതിനെല്ലാമായി സുഷമയും ഇനി സജീവമായി വിദേശ യാത്രകൾ നടത്തും. ഇതിന്റെ ഭാഗമായുള്ള യാത്രകൾ വിദേശ കാര്യമന്ത്രി തുടങ്ങികഴിഞ്ഞു.

ഈജിപ്ത്, ജർമനി എന്നീ രാജ്യങ്ങളിൽ സന്ദർശനത്തിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പുറപ്പെട്ടു. ഇരു രാജ്യങ്ങളുമായി വ്യാപാരം, നിക്ഷേപം എന്നിവ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇജിപ്തിൽ പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി, വിദേശകാര്യമന്ത്രി സമിഷ് ഹസ്സൻ എന്നിവരുമായി കൂടിക്കാഴ്‌ച്ച നടത്തും. പ്രമുഖമായ ഡിപ്ലോമാറ്റിക് ക്ലബിൽ പൊതു സമ്മളത്തിൽ സുഷമ പ്രസംഗിക്കും. 25,26 തീയതികളിൽ നടക്കുന്ന ജർമൻ സന്ദർശനത്തിനിടെ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാൾട്ടർ സ്റ്റെയിന്മിയറും മറ്റു നേതാക്കളുമായി സുഷമ ചർച്ച നടത്തും.സാമ്പത്തിക സഹകരണം വിപുലപ്പെടുത്തുന്നതിനായിരിക്കും ഊന്നൽ.

ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമനി സന്ദർശിച്ചപ്പോൾ സാമ്പത്തിക സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർ ചർച്ചകളാകും സുഷമ നടത്തുക. മോദി സന്ദർശിച്ച രാജ്യങ്ങളിലെല്ലാം സുഷമ ഉടൻ എത്തുമെന്നാണ് സൂചന.