ന്യൂഡൽഹി: ആർ എസ് എസിൽ നിന്ന് ബിജെപിയിലെത്തി ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി മാറിയത് സംഘപരിവാർ പിന്തുണയോടെയാണ്. എൽകെ അദ്വാനിയുടെ വിശ്വസ്തൻ തന്ത്രപരമായി കരുക്കൾ നീക്കി പ്രധാനമന്ത്രിയുമായി. ഗുരുവായ അദ്വാനിയെ വരെ വെട്ടി മാറ്റിയുള്ള മുന്നേറ്റത്തിൽ ജനഹിതം ഒരിക്കലും മോദിക്ക് എതിരായിട്ടില്ല. ഗുജറാത്തിൽ മുഖ്യമന്ത്രിയായി ദീർഘകാലം ഭരിച്ചതും പ്രധാനമന്ത്രിയായതും വലിയ വിജയങ്ങൾ സ്വന്തമാക്കിയാണ്. ബിജെപിയുടെ തുടർ ഭരണം പ്രഖ്യാപിച്ചാണ് മോദി പ്രധാനമന്ത്രിയായത്. എന്നാൽ നാല് കൊല്ലം കൊണ്ട് മോദി തരംഗം മാഞ്ഞിരിക്കുന്നു. ഹിന്ദി ഹൃദയഭൂമിയും കൈവിടുന്നു. എൻഡിഎയിലെ സഖ്യകക്ഷികൾ പോലും പിണക്കത്തിൽ. ഈ സാഹചര്യത്തിൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുമ്പിൽ നിന്ന് മോദി പട നയിച്ചാലും ബിജെപി ജയിക്കുമെന്ന് ഉറപ്പില്ല. അത് മോദിയേയും വലയ്ക്കുകയാണ്. തോൽക്കാനായി തെരഞ്ഞെടുപ്പിനെ നയിച്ച ചരിത്രം മോദിക്കില്ല. അതുകൊണ്ട് തന്നെ ഇനിയൊരു അങ്കത്തിന് മോദി തയ്യാറാകില്ലെന്നാണ് സൂചന. മോദിക്ക് പകരം പുതിയൊരു നേതാവിനെ ബിജെപി മുന്നിൽ വയ്ക്കുമെന്നാണ് സൂചന. ഇതിനുള്ള ചർച്ചകൾ പരിവാറുകാരിൽ സജീവമായെന്നാണ് സൂചന.

മോദിക്ക് പകരം യോഗി ആദിത്യനാഥിനെ ഉയർത്തിക്കാട്ടാനാണ് ആർ എസ് എസിന് താൽപ്പര്യം. ഇതിന്റെ പരീക്ഷണ വേദിയായിരുന്നു രാജസ്ഥാനിലേയും ചത്തീസ് ഗഡിലേയും മധ്യപ്രദേശിലേയും തെരഞ്ഞെടുപ്പ്. ഇവിടെ മൂന്നിടത്തും യോഗിയെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരകനാക്കിയത്. എന്നാൽ ജനമനസ്സുകളെ സ്വാധീനിക്കാൻ യുപി മുഖ്യമന്ത്രിക്കായില്ല. യുപിയിലും യോഗിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നില്ല. ജയിച്ച ശേഷം യോഗിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. അതുകൊണ്ട് തന്നെ മൂന്ന് സംസ്ഥാനങ്ങളിലെ തോൽവിയോടെ യോഗി പ്രഭാവം മങ്ങി. ഈ സാഹചര്യത്തിൽ മോദിക്ക് ബദലായി സുഷമാ സ്വരാജിനെയാണ് ആർഎസ്എസ് മനസ്സിൽ കാണുന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ ഏറെയുള്ള സുഷമാ ഇനിയൊരു മത്സരത്തിന് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാതെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി സുഷമയെ ഉയർത്തിക്കാട്ടിയുള്ള ലോക്‌സഭാ തെരഞ്ഞടുപ്പ് പോരാണ് ബിജെപി ലക്ഷ്യമിടുന്നത്.

മുന്നിൽ നിന്ന് പടനയിച്ച് തോൽക്കുന്നത് മോദിക്ക് ഇഷ്ടമില്ലാത്തതാണ് ഇതിന് കാരണം. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വീണ്ടുമെത്തി തോറ്റ് പ്രതിപക്ഷ നേതാവാകാനുള്ള മാനസികാവസ്ഥ മോദിക്കില്ല. അതുകൊണ്ട് തന്നെ പുതിയൊരു നേതാവിനായി മാറാൻ മോദിയും തയ്യാറാണ്. അതിന് ഏറ്റവും അനുയോജ്യ സുഷമായാണെന്നാണ് വിലയിരുത്തൽ. വിദേശകാര്യമന്ത്രിയെന്ന നിലയിൽ സുഷമ നടത്തിയ ഇടപെടലുകൾ രാഷ്ട്രീയത്തിന് അതീതമായി അംഗീകരിക്കപ്പെട്ടിരുന്നു. രാജ്യത്തുടനീളം എല്ലാ മത വിഭാഗങ്ങളും അംഗീകരിക്കുന്ന ബിജെപി നേതാവാണ് സുഷമാ. ജനകീയ ഇടപെടലുകളിലൂടെ സുഷമാ രാജ്യത്തെ ഏറ്റവും അംഗീകാരമുള്ള വനിതാ നേതാവായി മാറി കഴിഞ്ഞു. ഈ ഇമേജ് ഗുണകരമായി മാറുമെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ വിലയിരുത്തൽ. മോദിക്ക് ലഭിക്കാനിടയില്ലാത്ത സ്ത്രീ വോട്ടർമാരും ബിജെപിയുമായി അടുക്കും. ഇതിനുള്ള തന്ത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ആരോഗ്യ പ്രശ്‌നങ്ങളാൽ സുഷമാ മാറി നിന്നാൽ പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനേയും പരിഗണിക്കും. സുഷമയെക്കാൾ മോദിക്ക് താൽപ്പര്യം നിർമ്മലാ സീതാരാമനോടാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 225 സീറ്റാണ് ബിജെപി ലക്ഷ്യമിട്ടത്. എന്നാൽ കേവല ഭൂരിപക്ഷവും കഴിഞ്ഞ് മൂന്നോട്ട് പോയി. മോദിയുടെ തരംഗം ആഞ്ഞടിച്ചതാണ് ഇതിന് കാരണം. എന്നാൽ 2019ൽ ബിജെപിയുടെ സീറ്റ് 200ൽ താഴെ ഒതുങ്ങുമെന്നാണ് റിപ്പോർട്ട്. ഇനി മോദി തരംഗമുണ്ടെങ്കിൽ 225 സീറ്റ് വരെ കിട്ടൂവെന്നാണ് ബിജെപിയുടേയും വിലയിരുത്തൽ. അതാണ് മോദിയെ പിന്നോട്ട് അടിക്കുന്നത്. കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ ബിജെപിക്ക് അടുത്ത തവണ ഭരണമുണ്ടാകില്ല. ബിജെപിയെ പ്രതിപക്ഷത്ത് ഇരുത്താൻ എല്ലാ ചെറു കക്ഷികളും ഒന്നിക്കും. നിതീഷ് കുമാറിന്റെ ജനതാദൾ പോലും ബിജെപിയെ കൈവിടും. ശിവസേനയടക്കം പിണക്കത്തിലാണ്. അതുകൊണ്ട് തന്നെ 282 സീറ്റ് കിട്ടിയാൽ മാത്രമേ പ്രധാനമന്ത്രിയാകാൻ തനിക്ക് ആവൂവെന്ന് മോദിക്ക് അറിയാം. സുഷമയാണെങ്കിൽ ഈ ചിത്രം മാറും. എല്ലാ ചെറു പാർട്ടികൾക്കും സർവ്വ സമ്മതയാണ് അവർ. ഈ സാഹചര്യത്തെ അനുകൂലമാക്കാനാണ് സുഷമയെ ബിജെപിയും സംഘപരിവാറും ഉയർത്തിക്കാട്ടുക.

മോദി ഭരണത്തിന് തുടക്കത്തിൽ വലിയ പ്രഭാവമുണ്ടാക്കാനായി. എന്നാൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ തലതിരിഞ്ഞ നയങ്ങൾ ഭരണത്തെ വെട്ടിലാക്കി. സാമ്പത്തിക പരിഷ്‌കരണങ്ങളെല്ലാം തിരിച്ചടിച്ചു. സാധാരണ വോട്ടർമാർ പാർട്ടിയിൽ നിന്ന് അകന്നു. ഈ സാഹചര്യത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ ജെയ്റ്റ്‌ലിക്ക് പോലും വിശ്രമം അനുവദിക്കുന്ന തരത്തിലാകും ആർഎസ്എസ് ഇടപെടലുകൾ ഉണ്ടാവുക. നിഥിൻ ഗഡ്ഗരിയെ പോലുള്ളവരെ ഉയർത്തിക്കാട്ടുന്ന തന്ത്രവും പരീക്ഷിക്കും. ജനകീയരായ നേതാക്കളെ പരമാവധി മുന്നിൽ നിർത്താനാണ് തീരുമാനം. സ്ഥാനാർത്ഥി നിർണ്ണയത്തിലും മറ്റും ആർഎസ്എസ് സജീവമായി ഇടപെടും. കാര്യക്ഷ്മമായി ഇടപെടാത്ത എംപിമാരെ മാറ്റി പുതുമുഖങ്ങളെ പരീക്ഷിക്കും. ഇവരുടെ നേതാവായി സുഷമാ സ്വരാജ് എത്തുന്നതോടെ കാര്യങ്ങൾ അനുകൂലമാകുമെന്നാണ് പരിവാർ നേതാക്കളുടെ നിലപാട്. എന്നാൽ അയോധ്യ ഉൾപ്പെടെയുള്ള വിഷയങ്ങളോട് സുഷമാ എന്ത് നിലപാട് എടുക്കുമെന്ന ആശങ്കയും ചില കോണുകൾക്കുണ്ട്.

വിദേശ കാര്യമന്ത്രിയെന്ന നിലയിൽ ലോകരാജ്യങ്ങളിലും സുഷമാ താരമാണ്. സുഷമയുടെ ജനകീയ ഇടപെടലുകൾ ഏറെ ചർച്ചയായി. അതുകൊണ്ട് തന്നെ മോദിക്ക് പകരം സുഷമയെ ഉയർത്തിയാലും ആഗോളതലത്തിൽ തല ഉയർത്തി നിൽക്കുന്ന സ്ഥിതി രാജ്യത്തിനുണ്ടാകും. കാര്യക്ഷ്മതയാണ് നിർമ്മലാ സീതാരാമാനെ സുഷമയുടെ പേരിനൊപ്പം നിർത്തുന്നത്. പ്രതിരോധ മന്ത്രിയെന്ന നിലയിലും വാണിജ്യമന്ത്രിയെന്ന നിലയിലും അസാമന്യ ഇടപെടലുകൾ അവർ നടത്തിയിരുന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ള നേതാവാണ് നിർമ്മലാ സീതാരാമൻ. ഈ മേഖലയിലുള്ളവരെ കൂടുതൽ ബിജെപിയിലേക്ക് അടുപ്പിക്കാനും നിർമ്മലാ സീതാരമാനിലൂടെ കഴിയുമെന്നും വിലയിരുത്തലുണ്ട്. അതുകൊണ്ടാണ് അവരുടെ പേരും സുഷമയ്‌ക്കൊപ്പം ചർച്ചയാക്കുന്നത്. വനിതാ വോട്ടുകൾ കൂടുതലായെത്തിയാലേ അടുത്ത തവണ ബിജെപിക്ക് നേട്ടമുണ്ടാക്കാനാകൂവെന്നാണ് ഏവരുടേയും അഭിപ്രായം. ഇതിന് വേണ്ടിയാണ് മോദിക്ക് ബദലായി വനിതകളെ തേടുന്നത്.

ഇതിനൊപ്പം കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയം പൊളിച്ചടുക്കുകയും നേതൃ മാറ്റത്തിന്റെ മറ്റൊരു ലക്ഷ്യമാണ്. ആർക്കും ബിജെപിയെ പിടിച്ചെടുക്കാൻ കഴിയില്ലെന്ന സൂചനയും അതിലൂടെ നൽകും. ഇതിന് വേണ്ടിയാണ് മോദിക്ക് പകരം മറ്റൊരു മുഖത്തെ ബിജെപി തേടുന്നത്.