ന്യൂഡൽഹി: പൊതുജനസേവകരായ മന്ത്രിമാർ വ്യക്തികളെ സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്യേണ്ടതുണ്ടോ? ഈ ചോദ്യമാണ് ഇപ്പോൾ സൈബർലോകത്തെ ചർച്ചാവിഷയം. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപി പ്രതാപ് സിങ് ബജ്വയെ ബ്ലോക്ക് ചെയ്തതോടെയാണ് വിഷയം ചർച്ചയായത്.

ഇറാഖിൽ കാണാതായ 29 ഇന്ത്യൻ പൗരന്മാരെ കുറിച്ച് എംപി ചോദ്യങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് മന്ത്രി ബ്ലോക്ക് ചെയ്തതെന്നാണ് ആരോപണം.ട്വിറ്ററിൽ 10.9 ദശലക്ഷം പേർ പിന്തുടരുന്ന സുഷമയ്ക്ക് ബജ്വവയുടെ ചോദ്യശൈലി ഇഷ്ടമായില്ലെന്നാണ് സൂചന.ഒരു പൊതു പ്ലാറ്റ്‌ഫോമിൽ പൊതുജനസേവകർ വ്യക്തികളെ ബ്ലോക്ക് ചെയ്യേണ്ടതുണ്ടോയെന്ന ചോദ്യം സോഷ്യൽ മീഡിയിൽ ചർച്ചയായത് ഇങ്ങനെയാണ്.

ട്വിറ്ററിൽ സജീവമായ സുഷമ സ്വരാജ് അടുത്തകാലത്തായി സോഷ്യൽ മീഡിയയിലെ വിമർശനങ്ങളോട് അസഹിഷ്ണുത പുലർത്തുന്നതായാണ് വിമർശനം.എന്നാൽ മന്ത്രിയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സുപ്രധാന ദേശീയ പ്രശ്‌നങ്ങൽ ചർച്ച ചെയ്യാനുള്ള വേദിയല്ല ട്വിറ്റർ എന്ന കാര്യം ബജ്വ മനസിലാക്കേണ്ടതായിരുന്നുവെന്നാണ് ഒരുവിഭാഗം പറയുന്നത്.