ന്യൂഡൽഹി: ഐഎസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാർ ഇറാഖിലെ ബാദുഷ് ജയിലിലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 2014ലാണ് ഐസിസ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഇറാഖ് സന്ദർശിക്കുന്ന വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങിന് ഇക്കാര്യത്തെക്കുറിച്ച് സൂചന ലഭിച്ചതായി സുഷമ സ്വരാജ് വ്യക്തമാക്കി. ബാദുഷ് ഗ്രാമത്തിലെ ഒരു ജയിലിലാണ് തട്ടിക്കൊണ്ടു പോയ ഇന്ത്യക്കാരുള്ളതെന്നാണ് ഇറാഖിൽ വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് വിദേശകാര്യസഹമന്ത്രി ജനറൽ വി.കെ.സിംഗിന് ലഭിച്ച വിവരം.

'തട്ടിക്കൊണ്ടുപോയവരെ ഒരു ആശുപത്രിയുടെ നിർമ്മാണത്തിന് ഇസ്ലാമിക് സ്റ്റേറ്റസ് തീവ്രവാദികൾ ആദ്യം ഉപയോഗിച്ചു. അവിടെ നിന്ന് ഫാമിലേക്ക് മാറ്റി. ഏറ്റവും ഒടുവിലാണ് ബാദുഷായിലെ ജയിലിൽ ഇവരെ എത്തിച്ചിരിക്കുന്നത്'. ഇറാഖിൽ നിന്ന് ലഭിച്ച വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് സുഷമ പറഞ്ഞു.

'തട്ടിക്കൊണ്ടുപോയവരുടെ ബന്ധുക്കളെ ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട്. ഇതിനോടകം പത്തോളം തവണ ഞാനവരെ കണ്ടിരുന്നു. പക്ഷേ ഇപ്പോൾ സാഹചര്യം വ്യത്യസ്തമാണ്. ഐഎസിൽ നിന്നും മൊസൂൾ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് തന്നെ വികെ സിംഗിനോട് ഇറാഖിലേക്ക് പോകാനും നമ്മുടെ ആളുകളെ രക്ഷിച്ചു കൊണ്ടു വരാനും ഞാൻ നിർദ്ദേശിച്ചിരുന്നു'.സുഷമ വ്യക്തമാക്കുന്നു

 ഇറാഖിലെ ബാദുഷ ഗ്രാമം ഇപ്പോഴും ഭീകരരുടെ നിയന്ത്രണത്തിലാണ്. ഈ സാഹചര്യത്തിൽ ഇവിടെ നടക്കുന്ന പോരാട്ടം അവസാനിച്ചാൽ മാത്രമേ ബന്ദികളാക്കിയവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു. എന്നാൽ കാണാതായവരുടെ ബന്ധുക്കളുമായി സുഷമ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി

വിദേശകാര്യസഹമന്ത്രി എം.ജെ.അക്‌ബറിനോട് ഇറാഖി വിദേശകാര്യമന്ത്രിയുമായും രക്ഷാപ്രവർത്തനത്തിന് സഹായിക്കാൻ സാധിക്കുന്ന രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായും ബന്ധപ്പെടുവാൻ സുഷമ സ്വരാജ് ആവശ്യപ്പെട്ടിട്ടുണ്ട്.