ന്യൂഡൽഹി: ഗീത എന്ന പെൺകുട്ടിയെ ഓർമ്മയില്ലേ..? എളുപ്പത്തിൽ ആരും ഈ പേര് മറക്കാൻ സാധ്യതയില്ല. ഒൻപതാം വയസ്സിൽ ട്രെയിൻ മാറികയറി പാക്കിസ്ഥാനിലെത്തിയ ബധിരയും മൂകയുമായ ഇന്ത്യൻ പെൺകുട്ടി 15 വർഷത്തിന് ശേഷം ഭാരതത്തിന്റെ മണ്ണിൽ തിരിച്ചെത്തിയത്. സുഷമ സ്വരാജ് എന്ന വിദേശകാര്യമന്ത്രിയുടെ ഉചിതമായ ഇടപെടൽ കൊണ്ടായിരുന്നു. കറാച്ചിയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയ ഗീതയെ മാതൃവാത്സല്യത്തോടെ വാരിപ്പുണർന്ന സുഷമയുടെ ചിത്രം ഇന്നും ജനതയുടെ മനസിലുണ്ട്. ബിഹാർ സ്വദേശിനിയാണ് ഗീതയെന്ന് തിരിച്ചറിഞ്ഞെങ്കിലും അവളുടെ മാതാപിതാക്കൾ ആരാണെന്ന കാര്യം കണ്ടുപിടിക്കാൻ ഇനിയും സാധിച്ചില്ല.

ഇതിനിടെ ഇന്ത്യയുടെ മകളായി മാറിയ ഈ യുവതി വിവാഹിതയാകാൻ ഒരുങ്ങുകയാണ്. വിവാഹം ആലോചനകൾ ക്ഷണിക്കാൻ അമ്മയുടെ സ്ഥാനത്തു നിന്നു കാര്യങ്ങൾ നീക്കുന്നത് രാജ്യത്തിന്റെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സ്വന്തം മകളോടെന്ന പോലെ സ്‌ന്ഹവാത്സല്യത്തോടെയാണ് സുഷമ വരനെ തിരക്കുന്നത്. ഫേസ്‌ബുക്ക് അടക്കമുള്ള സോഷിൽ മീഡിയായിലുടെയാണു സുഷമ സ്വരാജ് വരനെ അന്വേഷിക്കുന്നത്.

കുട്ടിക്കാലത്തു അബദ്ധത്തിൽ പാക്കിസ്ഥാനിലെത്തിയ ഗീതയെ പൊലീസ് പിടികൂടുകയും പിന്നീട് സർക്കാരിന്റെ കീഴിലുള്ള അഭയകേന്ദ്രത്തിൽ പാർപ്പിക്കുകയുമായിരുന്നു. തുടർന്നു കറാച്ചിയിൽ പ്രവർത്തിക്കുന്ന ഇദ്ദി ഫൗണ്ടേഷൻ ഗീതയുടെ സംരക്ഷണം ഏറ്റെടുത്തിരുന്നു. തുടർന്നു 2015 ൽ ഇന്ത്യയിൽ മടങ്ങി എത്തി എങ്കിലും ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം ഇതുവരെയും ഫലം കണ്ടെത്തിയില്ല. മാതാപിതാക്കളാണ് എന്ന് അവകാശപെട്ട് നിരവധി പേർ എത്തി എങ്കിലും ഗീത ആരേയും തിരിച്ചറിഞ്ഞില്ല. 2017 ൽ മധ്യപ്രദേശേ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനുമായി സുഷമ സ്വരാജ് നടത്തിയ കൂടി കാഴ്ചയിലാണു ഗീതയുടെ വിവാഹ കാര്യം സുഷമ പ്രഖ്യാപിച്ചത്.

ഈ മാസം എട്ടിന് ബധിരനും മൂകാനുമായ വരനെ സുഷമ ഗീതയ്ക്കു വേണ്ടി കണ്ടെത്തി എങ്കിലും ഗീത അതു നിരസിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണു വരനെ കണ്ടെത്താനുള്ള ശ്രമം വിപുലമാക്കിയത്. ഗീതയ്ക്കു വന്ന ആലോചനകളിൽ എഴുത്തുകാരും ജോതിഷിയും എഞ്ചിനിയറും സൈനികരും ഉൾപ്പെടെയുള്ളവർ ഉണ്ട്. 15 പേരുടെ ലിസ്റ്റാണു തയാറാക്കിരിക്കുന്നത്. ഇതിൽ നിന്നു ഗീതയ്ക്ക ഇഷ്ടമുള്ള ആളെ തിരഞ്ഞെടുക്കാം.

ഗീതയെ വിവാഹം കഴിക്കുന്നവർക്ക് സുഷമ വലിയ വാഗ്ദാനവും നൽകിയിട്ടുണ്ട്. വിവാഹം കഴിക്കുന്നവർക്കു വീടും സർക്കാർ ജോലിയും ലഭിക്കുമെന്നാണ് സുഷമ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇതു ലഭിക്കാൻ വേണ്ടി ആരും ഗീതയെ വിവാഹം കഴിക്കാൻ വരണ്ട എന്ന സുഷമ സ്വരാജ് പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. അവളെ പൊന്നുപോലെ നോക്കാൻ കഴിയുന്നയാൾക്ക് മാത്രമേ സുഷമ ഗീതയെ കെട്ടിച്ചു കൊടുക്കുകയുള്ളൂ.

ഏഴോ എട്ടോ വയസുള്ളപ്പോൾ സംഝോധ എക്സ്‌പ്രസിൽ ഒറ്റപ്പെട്ടുപോയ ഗീതയെ പാക്ക് റേഞ്ചേഴ്സ് ആണ് ലഹോർ സ്റ്റേഷനിൽ നിന്നു കണ്ടെത്തിയത്. ബധിരയും മൂകയുമായ പെൺകുട്ടിയെ ദത്തെടുത്ത് ഇത്രയും കാലം സംരക്ഷിച്ച ഈദി ഫൗണ്ടേഷനിലെ ബിൽക്കീസ് ഈദിയും മറ്റ് മൂന്ന് അംഗങ്ങളുമാണ്. ഹിന്ദുവായാണ് ഗീതയെ അവർ വളർത്തിയതും. ഈ സംഘടന തന്നെയാണ് കുട്ടിക്ക് ഗീത എന്ന പേരിട്ടത്.

സൽമാൻഖാൻ നായകനായ ഭജ്റംഗി ഭായ്ജാൻ ചിത്രം പുറത്തിറങ്ങിയതോടെയാണ് ഗീത വാർത്തകളിൽ ഇടംനേടിയത്. തുടർന്ന് ഗീതയെ മോചിപ്പിക്കാൻ സുഷമ സ്വരാജ് നേരിട്ട് ഇടപെടുകയായിരുന്നു. നേരത്തെ ബിഹാറിൽനിന്നുള്ള കുടുംബത്തിന്റെ ഫോട്ടോ ഗീത തിരിച്ചറിഞ്ഞങ്കിലും അവർ ബന്ധുക്കളല്ലെന്ന് പിന്നീട് ബോധ്യമായി. പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിപ്പെട്ട ബധിരയും മൂകയുമായ ബാലികയെ ഹനുമാൻ ഭക്തനായ ബ്രാഹ്മണയുവാവ് 'ബജ്രംഗി' (സൽമാൻ ഖാൻ ) ഏറെക്കാലം സംരക്ഷിക്കുന്നതും പിന്നീട് അവളുടെ നാട് പാകിസ്ഹാനിലാണെന്ന് മനസ്സിലാക്കുമ്പോൾ ബന്ധുക്കളെ കണ്ടെത്താൻ അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് കബീർ ഖാൻ സംവിധാനം ചെയ്ത സിനിമയുടെ ഇതിവൃത്തം. സിനിമയെ വെല്ലുന്ന അനുഭവങ്ങളാണ് ഗീതയുടേത്.

ഈ സിനിമ പുറത്തുവന്നതോടെയാണ് ഗീതയുടെ ദുരിതവും വാർത്തകളിൽ നിറയുന്നത്. ഈ സാഹചര്യത്തിലാണ് ഗീതയെ ഇന്ത്യയിലെത്തിക്കാൻ ശ്രമം നടത്തിയത് സുഷമയായിരുന്നു. ഒടുവിൽ ഇന്ത്യയിൽ എത്തുകയും ചെയ്തു.