ന്യൂഡൽഹി: ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദി ഐക്യരാഷ്ട്രസഭയിൽ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാക്കാനുള്ള ശ്രമത്തെ ചൊല്ലി ലോക്‌സഭയിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജും കോൺഗ്രസ് എംപി ശശി തരൂരും തമ്മിൽ വാഗ്വാദം. ലോക്‌സഭയിലെ ചോദ്യോത്തര വേളയിലാണ് ഹിന്ദിയെ ചൊല്ലി ഇരുവരും തമ്മിൽ കോർത്തത്. ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷയാക്കുന്നതുമായി ബന്ധപ്പെട്ട് പിന്തുണ തേടി 129 യുഎൻ അംഗരാജ്യങ്ങളുമായി ചർച്ച നടത്തിവരികയാണെന്ന് സുഷമ സ്വരാജ് എഴുതിത്ത്തയ്യാറാക്കി നൽകിയ മറുപടിയിൽ സഭയെ അറിയിച്ചതിനു പിന്നാലെയാണ് തരൂർ വിയോജിപ്പ് രേഖപ്പെടുത്തിയത്.

ഹിന്ദി ഔദ്യോഗിക ഭാഷയാക്കുന്നതിന് കാര്യമായ ചിലവുള്ള ഏർപ്പാടാണ്. എന്നിരിക്കേ ഇപ്പോഴത്തെ പ്രധാനമന്ത്രിയെയും വിദേശകാര്യ മന്ത്രിയെയും മാത്രം പരിഗണിച്ച് ഇത്തരമൊരു തീരുമാനമെടുക്കേണ്ടതുണ്ടോ എന്നായിരുന്നു തരൂരിന്റെ ചോദ്യം. മറ്റു പല കാര്യങ്ങളും തരൂർ ചൂണ്ടിക്കാട്ടി. ഭാവിയിൽ കേരളം, തമിഴ്‌നാട്, ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ നിന്നും ഉള്ളവർ യുഎന്നിൽ എത്തിയാൽ അവർ ഹിന്ദി സംസാരിക്കണമെന്ന് നിർബന്ധം പിടിക്കാനാകുമോ എന്നതായിരുന്നു തരൂർ ചോദിച്ചത്.

ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാണെങ്കിലും ദേശീയ ഭാഷയല്ല. ഇന്ത്യയ്ക്ക് പുറത്ത് ഹിന്ദി സംസാരിക്കുന്നവർ ഇല്ലാത്തതിനാൽ ഹിന്ദി പരിഭാഷയ്ക്കായി പണം ചെലവാക്കുന്നത് മറ്റ് രാജ്യങ്ങളെ ബോധ്യപ്പെടുത്താൻ ബുദ്ധിമുട്ടായിരിക്കുമെന്നും തരൂർ ചൂണ്ടിക്കാട്ടി. തരൂരിന്റെ ഈ കുറിക്കു കൊള്ളുന്ന ചോദ്യത്തിൽ സുഷമക്ക് ശരിക്കും ഉത്തരംമുട്ടി. ഇതോടെ ഹിന്ദി സംസാരിക്കുന്ന രാജ്യങ്ങളുടെ പേരു പറഞ്ഞായിരുന്നു സുഷമ മറുപടി പറഞ്ഞത്.

നേപ്പാൾ, ഫിജി, സൂരിനാം, ട്രിനിഡാഡ് ആൻഡ് ടുബാഗോ തുടങ്ങിയ രാജ്യങ്ങളിൽ ഹിന്ദി സംസാരിക്കുന്നുണ്ടെന്നായിരുന്നു സുഷയ ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിൽ മാത്രമാണ് ഹിന്ദി സംസാരിക്കുന്നതെന്നാണ് കരുതുന്നതെങ്കിൽ അത് തരൂരിന്റെ അറിവില്ലായ്മയാണെന്നും സുഷമ പറഞ്ഞു. ഹിന്ദി ദേശീയ ഭാഷയാകണമെങ്കിൽ അതിന് ഒരുപാട് കടമ്പകളുണ്ട്. മൂന്നിൽ രണ്ട് അംഗരാജ്യങ്ങളുടെയും പിന്തുണയും ആവശ്യമാണ്. ഹിന്ദി യുഎന്നിന്റെ ഔദ്യോഗിക ഭാഷയാക്കിയാൽ മറ്റു രാജ്യങ്ങൾക്കും ചെലവേറുമെന്നതാണ് പ്രധാന പ്രശ്‌നം. യുഎന്നിലെ പ്രസംഗങ്ങളും യുഎൻ രേഖകളുമെല്ലാം ഔദ്യോഗിക ഭാഷകളിൽ ലഭ്യമാക്കണമെന്നാണ് ചട്ടം. നിലവിൽ ആറ് ഭാഷകളാണ് യുഎൻ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്. ഇംഗ്ലിഷ്, ചൈനീസ്, അറബി, റഷ്യൻ, സ്പാനിഷ്, ഫ്രഞ്ച് എന്നിവയാണ് ഇവ്. 40 കോടിയോളം രൂപ ഭാഷ അംഗീകരിച്ചു കിട്ടാൻ ഇന്ത്യയ്ക്ക് ചെലവാകുമെന്നാണ് അറിയുന്നത്.