ന്യൂയോർക്ക്: പാക്കിസ്ഥാനു മറുപടിയുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ യുഎൻ പ്രസംഗം. കശ്മീർ ഇന്ത്യയുടേതാണെന്നും അത് എല്ലാക്കാലവും അങ്ങനെയായിരിക്കുമെന്നും പൊതുസഭയിൽ സംസാരിക്കവെ സുഷമ വ്യക്തമാക്കി.

പാക്കിസ്ഥാനോടു സൗഹൃദം കാട്ടിയപ്പോൾ തിരികെ കിട്ടിയതു ഭീകരതയാണ്. തീവ്രവാദികളെ സംരക്ഷിക്കുന്നത് ആരെന്നു തിരിച്ചറിയണമെന്നും അയൽരാഷ്ട്രത്തെ പേരെടുത്തു പറഞ്ഞു സുഷമ വിമർശിച്ചു. നേരത്തെ ഈ വിഷയത്തിൽ സംസാരിച്ച പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനു ശക്തമായ മറുപടിയായിരിക്കുകയാണു സുഷമയുടെ പ്രസംഗം.

കശ്മീർ എന്ന സ്വപ്‌നം പാക്കിസ്ഥാൻ ഉപേക്ഷിക്കണം. ഭീകരാക്രമണത്തിലൂടെ നിരപരാധികളായ നിരവധി പേരെയാണു കൊന്നൊടുക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. മാനവികതയ്‌ക്കെതിരായ ഏറ്റവും വലിയ ഭീഷണിയാണ് ഭീകരവാദം. ഭീകരത മനുഷ്യാവകാശ ലംഘനമാണ്. ഇതിനെ ചെറുത്തു തോൽപ്പിക്കണം.

ആരാണ് ഭീകരരെ സംരക്ഷിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. ആരാണ് ഭീകരർക്ക് ധനസഹായം നൽകുന്നത്? ഇതേ ചോദ്യമാണ് അഫ്ഗാനിസ്ഥാനും ഇതേ വേദിയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഉയർത്തിയത്. സമാധാനമില്ലാതെ ലോകത്ത് സമൃദ്ധിയുണ്ടാകില്ല. ദാരിദ്ര്യമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഭീകരതയ്ക്കതിരെ ലോകം ഒന്നിച്ച് പ്രവർത്തിക്കണം.

മുൻവിധികളില്ലാതെ കഴിഞ്ഞ രണ്ട് വർഷം ഇന്ത്യ പാക്കിസ്ഥാനുമായി സൗഹാർദത്തിന് ശ്രമിച്ചു. പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് ഞങ്ങൾ ഈദ് ആശംസകൾ അയച്ചു, ക്രിക്കറ്റ് ടീമിന് വിജയാശംസകൾ നേർന്നു, അദ്ദേഹത്തിന് നല്ല ആരോഗ്യവും നന്മയും നേർന്നു. എന്നാൽ ഞങ്ങൾക്ക് എന്താണ് തിരിച്ച് കിട്ടിയത്. പഠാൻകോട്ടും ബഹാദൂർ അലിയും ഉറിയും. ഇന്ത്യയുടെ കസ്റ്റഡിയിലുള്ള തീവ്രവാദിയാണ് ബഹാദൂർ അലി. അയാളുടെ മൊഴി അതിർത്തി കടന്നുള്ള പാക് തീവ്രവാദത്തിന്റെ ജീവിക്കുന്ന തെളിവാണ്.

ഭീകരർക്ക് അഭയം നൽകുന്നവരെ നമ്മൾക്ക് തിരിച്ചറിയേണ്ടതുണ്ട്. അവർക്ക് എങ്ങനെയാണ് അതിന് സാധിക്കുന്നത്. ഭീകരതെയെ വേരോടെ പിഴുതെറിയണം.
ചില്ലുമേടകളിൽ ഇരിക്കുന്നവർ മറ്റുള്ളവർക്ക് നേരെ കല്ലെറിയരുതെന്ന് നവാസ് ഷെരീഫിനെ പേരെടുത്ത് പറയാതെ സുഷമ വിമർശിച്ചു. ഭീകരവാദത്തിന്റെ വിത്ത് വിതയ്ക്കുന്നവർക്ക് മോശം വിളവാണ് ലഭിക്കാൻ പോകുന്നത്. സാത്താന്റെ ഈ വിത്ത് ഇന്ന് ഒരു ഭീകരസത്വമായി മാറി. ഭീകരവാദികളെ ശിക്ഷിക്കാൻ അന്താരാഷ്ട്ര കൂട്ടായ്മ ആവശ്യമാണ്. ഇന്ത്യ ചർച്ചകൾക്ക് മുൻകൂട്ടി തീരുമാനിച്ച ഉപാധികളുമായാണ് വരുന്നതെന്നാണ് പാക് പ്രധാനമന്ത്രി ഇവിടെ ആരോപിച്ചത്.എന്നാൽ എന്താണ് ആ ഉപാധികളെന്ന് അദ്ദേഹം വ്യക്തമാക്കണം. മറ്റുള്ളവർ മനുഷ്യാവകാശ ധ്വംസനങ്ങൾ നടത്തുന്നവർ ബലൂചിസ്താൻ ഉൾപ്പെടെയുള്ള സ്വന്തം രാജ്യത്ത് എന്താണ് നടത്തുന്നതെന്ന് കാണണം. തീവ്രവാദത്തിന് പിന്നിൽ ആരാണെന്നും ആരാണ് അതിൽ നിന്ന് നേട്ടമുണ്ടാക്കുന്നതെന്നും അറിയേണ്ടതുണ്ട്. തീവ്രവാദികൾക്ക് ബാങ്കുകളോ ആയുധ ഫാക്ടറികളോ ഇല്ല. അപ്പോൾ ആരാണ് അവർക്ക് ആയുധങ്ങളും സങ്കേതങ്ങളും നൽകുന്നത്
വ്യക്തികളേയോ രാജ്യങ്ങളേയോ മാത്രമല്ല ഇപ്പോൾ ഭീകരവാദം ബാധിക്കുന്നത്. അത് മനുഷ്യകുലത്തിനെതിരെയുള്ള കുറ്റകൃത്യമാണ്.
കാബൂൾ, ധാക്ക, ഇസ്താംബൂൾ, മൊഗാദിഷു, ബ്രസൽസ്, ബാങ്കോക്ക്, പാരീസ്, പഠാൻകോട്ട്, ഉറി എന്നിങ്ങനെ ഈ വർഷമുണ്ടായ ഭീകരാക്രമണങ്ങളും സിറിയയിലേയും ഇറാഖിലേയും നിത്യേനയുള്ള ആക്രമണങ്ങളും ഈ ദുഷ്ട ശക്തികളെ ഇതുവരേയും നശിപ്പിക്കാനായില്ല എന്നുള്ളതിന്റെ തെളിവാണെന്നും സുഷമ സ്വരാജ് പറഞ്ഞു.

കഴിഞ്ഞ ദിവസം കശ്മീർ പ്രശ്‌നം മാത്രം ഉയർത്തി യുഎന്നിൽ ഷെരീഫ് പ്രസംഗിച്ചിരുന്നു. ഇന്ത്യ അവിടെ മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ ആരോപണം. പാക്കിസ്ഥാൻ കേന്ദ്രമായി നടക്കുന്ന ഭീകരതയാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമെന്നും ഭീകരത സർക്കാർ നയമായി സ്വീകരിച്ചു യുദ്ധക്കുറ്റങ്ങൾ നടത്തുന്ന ഭീകരരാജ്യമാണു പാക്കിസ്ഥാൻ എന്നും യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ഈനം ഗംഭീർ തിരിച്ചടിക്കുകയും ചെയ്തിരുന്നു.