മെൽബൺ: വൂൾഗൂൾഗയിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതികൾ മൂന്നും ഇന്ത്യക്കാർ. മൂന്നു പേരിൽ ഒരാൾ അറസ്റ്റിലാകുകയും മറ്റു രണ്ടുപേർ രാജ്യം വിട്ടതായി സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. ഫേസ് ബുക്കിലൂടെ യുവാക്കളുമായി പരിചയത്തിലായ പതിനഞ്ചും പതിനാറും വയസുള്ള പെൺകുട്ടികളാണ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത്. കഴിഞ്ഞ അഞ്ചാം തിയതി ആയിരുന്നു വൂൾഗൂൾഗ ബീച്ചിനു സമീപം പീഡനം അരങ്ങേറിയത്.

സോഷ്യൽ നെറ്റ് വർക്കിലൂടെ പരിചയപ്പെട്ട രണ്ടു പെൺകുട്ടികളും യുവാക്കൾ പറഞ്ഞതനുസരിച്ച് വൂൾഗൂൾഗ ബീച്ചിനടുത്ത് എത്തുകയായിരുന്നു. എന്നാൽ യുവാക്കൾ പെൺകുട്ടികൾക്കു മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ബീച്ചിനടുത്തുള്ള സ്വകാര്യ സ്ഥലത്താണ് പീഡനം നടന്നത്. ഇരുപതിനും ഇരുപത്തിനാലിനും മധ്യേപ്രായമുള്ള യുവാക്കളാണ് പ്രതികൾ.

സംഭവത്തെത്തുടർന്ന് ഇരുപത്തിരണ്ടു വയസുള്ള യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു രണ്ടു പേർ ഓസ്‌ട്രേലിയ വിട്ടുപോയതായാണ് സൂചന. ലോക്കൽ ബ്ലൂബറി ഫാമുകളിൽ ജോലി ചെയ്തിരുന്ന ഇവർ വിദ്യാർത്ഥികളാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം പെൺകുട്ടികളെ അവരുടെ സമ്മതമില്ലാതെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് കോഫ്‌സ് ക്ലാരൻസ് ക്രൈം മാനേജർ ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ ഡാരൻ ജെയിംസൺ പറയുന്നു. ഇവിടെ നടന്ന പീഡനങ്ങൾ അക്രമസ്വഭാവമുള്ളതായിരുന്നു. ആക്രമണത്തിന് ഇരയായ പെൺകുട്ടിയെ നിലത്ത് ബലമായി പിടിച്ചിട്ടാണ് യുവാക്കൾ പീഡിപ്പിച്ചതെന്ന് തെളിവുകൾ സൂചിപ്പിക്കുന്നുവെന്ന് ഇൻസ്‌പെക്ടർ വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മദ്യം നൽകി മയക്കിയ ശേഷം നടന്ന പീഡനമായതിനാൽ കേസ് വളരെ ഗൗരവമുള്ളതായി കാണുന്നുവെന്നാണ് പൊലീസ് ഭാഷ്യം. സംഭവത്തോടനുബന്ധിച്ച് ഒരു വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത യുവാവിനെ 23ന് കേടതിയിൽ ഹാജരാക്കും. രാജ്യം വിട്ടെന്നു സംശയിക്കുന്ന രണ്ടുപേരേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം സംഭവത്തിൽ അന്വേഷണം നടത്തുന്ന പൊലീസിന് സഹായം നൽകിയതിന് വൂൾഗൂൾഗായിലുള്ള സിക്ക് കമ്യൂണിറ്റിക്ക് കോഫ്‌സ് ക്ലാരൻസ് പൊലീസ് നന്ദി അറിയിച്ചു. പ്രതികളുടെ പേരുകൾ കൃത്യമായി കണ്ടെത്തുന്നതിനും പ്രതികളെ കുറിച്ചുള്ള സൂചനകൾ പൊലീസിന് കൈമാറുന്നതിനും ഇവർ സ്തുത്യർഹമായ സേവനമാണ് നൽകിയത്. ഇവരുടെ സഹായമില്ലായിരുന്നുവെങ്കിൽ കേസ് സുഗമമായി മുന്നോട്ടു പോകാൻ സാധിക്കില്ലായിരുന്നുവെന്നാണ് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ ജെയിംസൺ പറയുന്നത്.