കോഴിക്കോട്: ജില്ലാ പൊലീസ് മേധാവിയടക്കം പൊലീസ് ഉദ്യോഗസ്ഥരും ജഡ്ജിമാരുമുൾപ്പെട്ട വാട്‌സ്ആപ് ഗ്രൂപ്പിൽ അശ്ലീലചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരിൽ സസ്‌പെൻഷനിലായ പൊലീസുകാരൻ ആത്മഹത്യ ചെയ്തു.

ബാലുശ്ശേരി നിർമല്ലൂർ പാറമുക്കിനു സമീപം വളഞ്ഞത്തു താമസിക്കുന്ന, നടക്കാവ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ എ.പി. ഷാജി(42)യേയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഇന്നലെ ഉച്ചയോടെ മൂന്നു പൊലീസുകാർ വീട്ടിലെത്തി ഷാജിക്കു സസ്‌പെൻഷൻ ഉത്തരവു കൈമാറിയിരുന്നു. അതിനുശേഷം ഷാജിയെ വീടിനു പുറത്തേക്കു കണ്ടില്ല. ഭാര്യാസഹോദരൻ സംശയം തോന്നി വീടിന്റെ വാതിൽ തുറന്നുനോക്കിയപ്പോഴാണു കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തേത്തുടർന്നു നാട്ടുകാർ വീട് വളഞ്ഞു. സ്ഥലത്ത് എത്തിയ പൊലീസിനെ തടയുകയും ചെയ്തു. മാനസികപീഡനമാണു ഷാജി ജീവനൊടുക്കാൻ കാരണമെന്ന് ആരോപണമുണ്ട്. ജില്ലാ കലക്ടറും സിറ്റി പൊലീസ് കമ്മിഷണറും സ്ഥലത്തെത്താതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്നു നാട്ടുകാർ വ്യക്തമാക്കിയതോടെ സംഘർഷം ഉടലെടുത്തു. രാത്രി വൈകിയും മൃതദേഹം വീടിനുള്ളിൽനിന്നു മാറ്റാൻ നാട്ടുകാർ സമ്മതിച്ചിട്ടില്ല. ജനപ്രതിനിധികൾ സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഷാജി ആത്മഹത്യാക്കുറിപ്പ് എഴുതിയിട്ടുണ്ടെങ്കിൽ അതു നശിപ്പിക്കാൻ പൊലീസ് ശ്രമിക്കുമെന്നാണു പ്രതിഷേധക്കാരുടെ ആരോപണം. ഷാജിയുടെ ഭാര്യ മഞ്ജു നഴ്‌സാണ്. മക്കൾ: അഭിനവ്, അഭിഷേക്.

ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻസ് (വിദ്യാർത്ഥികളോടുള്ള കടമകൾ)എന്ന ഗ്രൂപ്പിലാണു കഴിഞ്ഞദിവസം അശ്ലീലചിത്രം പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ഓഫ് ഡ്യൂട്ടിയിലായിരുന്ന ഷാജിയെ കമ്മിഷണർ വിളിച്ചുവരുത്തി. എന്നാൽ, അബദ്ധത്തിലാണ് അശ്ലീലചിത്രം ഉന്നതരുൾപ്പെട്ട ഗ്രൂപ്പിലേക്കു പോസ്റ്റ് ചെയ്തതെന്നു ഷാജി കമ്മിഷണറോടു പറഞ്ഞിരുന്നു. സ്ത്രീകൾ ഉൾപ്പെടെ 90 പേരായിരുന്നു ഗ്രൂപ്പിലെ അംഗങ്ങൾ. ഗ്രൂപ്പിന്റെ അഡ്‌മിനായ കോഴിക്കോട് പാറോപ്പടി സ്വദേശി രാജു പി മേനോനാണ് പൊലീസുകാരന്റെ അശ്ലീല ചിത്ര പോസ്റ്റിനെതിരെ പരാതി നൽകിയത്. സ്‌പെഷൽ ബ്രാഞ്ച് അസി.കമ്മിഷണർ പി.ടി.ബാലൻ അന്വേഷിച്ച് പൊലീസുകാരനെതിരെ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് പ്രകാരമായിരുന്നു സസ്‌പെൻഷൻ . ഒരു കുട്ടിയുടെ വാട്‌സ് ആപ്പിലേക്ക് വന്ന അശ്ലീല ചിത്രം ഒരു രക്ഷിതാവ് തനിക്ക് അയച്ചു തന്നതാണെന്നും കൈ തെറ്റി അറിയാതെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്‌തെന്നുമാണ് പൊലീസുകാരന്റെ വിശദീകരണം. എന്നാൽ ഇത് അംഗീകരിക്കപ്പെട്ടില്ല.

ഗ്രൂപ്പ് അഡ്‌മിൻ പരാതിയിൽ ഉറച്ചു നിൽക്കുന്നതിനാൽ ഐ.ടി ആക്ട് പ്രകാരം പൊലീസുകാരനെ പ്രതിയാക്കി കേസെടുക്കാനും നീക്കമുണ്ടായിരുന്നു. അശ്ലീല ചിത്രം പോസ്റ്റ് ചെയ്തിട്ടും പൊലീസുകാരൻ ഖേദം പ്രകടിപ്പിച്ചില്ല. ഇതാണ് പ്രശ്‌നമായത്. പരാതി നൽകിയില്ലെങ്കിൽ അഡ്‌മിനും കുടുങ്ങും. ഈ സാഹചര്യത്തിലാണ് പരാതി നൽകിയത്. ഇത് ഒഴിവാക്കാനുള്ള പൊലിസിന്റെ സമ്മർദ്ദം വിജയിച്ചുമില്ല. പൊലീസുകാരനെതിരെ നടപടി ഒഴിവാക്കാൻ പൊലീസ് അസോസിയേഷനും പെടാപാടുപ്പെട്ടു. എന്നാൽ കമ്മീഷണർ വഴങ്ങിയില്ല. ഡിജിപിയും ഉറച്ച നിലപാട് എടുത്തു.ഇതോടെയാണ് സ്‌പെൻഷൻ വന്നത്. ഇതിൽ മനംനൊന്നതാണ് ആത്മഹത്യ.