കോഴിക്കോട്: നടക്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ എ. പി ഷാജിയുടെ ആത്മഹത്യ പൊലീസ് സേനയിൽ പുതിയ പൊട്ടിത്തെറികൾക്കിടയാക്കുന്നു. ഷാജിയെ മരണത്തിലേക്ക് നയിച്ചത് ഉന്നത ഉദ്യോഗസ്ഥരാണെന്നും ഇവരുടെ കൈയിലെ പാവകളായി ജീവിതം ഹോമിക്കാൻ വിധക്കപ്പെട്ടവരാണ് താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരുമെന്ന് ഷാജിയുടെ സഹപ്രവർത്തകർ ഉൾപ്പെടെ വ്യക്തമാക്കുന്നു. നടപടിയെ ഭയക്കാതെ ഫേസ് ബുക്കിൽ ഉൾപ്പെടെ പൊലീസുകാർ ഉന്നതോദ്യോഗസ്ഥരെ വിമർശിച്ചുകൊണ്ട് പോസ്റ്റുകളിട്ടുകഴിഞ്ഞു.

പൊലീസുകാരനെ സസ്‌പെന്റ് ചെയ്യുമ്പോൾ സ്വീകരിക്കേണ്ട നടപടികളൊന്നും ഇല്ലാതെയാണ് ഷാജിയെ സസ്‌പെന്റ് ചെയ്തതെന്ന് ഇവർ വ്യക്തമാക്കുന്നു. അബദ്ധം സംഭവിച്ചപ്പോൾ തന്നെ ഷാജി ഖേദം പ്രകടിപ്പിച്ചു. എന്നാൽ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമായ ഉന്നതോദ്യോഗസ്ഥൻ ഷാജിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗ്രൂപ്പിൽ പോസ്റ്റിട്ടു. തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് അസി. കമ്മീഷണർ ഷാജിയുടെ മൊഴിയെടുത്തു. ഷാജി എല്ലാവരെയും കണ്ട് സത്യം വെളിപ്പെടുത്തിയെങ്കിലും വൈകീട്ട് സസ്പഷൻ ഉത്തരവ് ഷാജിക്ക് കൈമാറി. പ്രാഥമികാന്വേഷണം നടത്തുന്നതിന് മുമ്പ് തന്നെയായിരുന്നു ഈ സസ്‌പെൻഷൻ. ഇതെല്ലാമാണ് സഹപ്രവർത്തകരെ വേദനിപ്പിക്കുന്നത്. ഇതേ സമയം ഷാജിയുടെ ആത്മഹത്യക്ക് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഈ ആവശ്യമുന്നയിച്ച് അഞ്ചിന് സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്താനും നടപടിയുണ്ടാവും വരെ നിയമപോരാട്ടം നടത്താനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

ഷാജി മരിച്ച ദിവസം വീട്ടിലത്തെിയ ഒരു എസ്. ഐ ഷാജിയുടെ ആത്മഹത്യാക്കുറിപ്പ് കൈക്കലാക്കാനുള്ള ശ്രമത്തിലായിരുന്നു. മരണത്തിന് കാരണക്കാരനായ ഉന്നത ഉദ്യോഗസ്ഥരിലാരുടേയോ താത്പര്യത്തിന് വഴങ്ങി തെളിവ് കൈക്കലാക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. എന്നാൽ നാട്ടുകാരുടെ ഇടപെടലിനത്തെുടർന്ന് ഈ നീക്കം ഫലിച്ചില്ല. ഫോണെടുത്ത് ആരോടെ സംസാരിക്കുന്നത് പോലെ നടിച്ചുകൊണ്ടായിരുന്നു എസ്.ഐ യുടെ പ്രകടനം. പക്ഷെ ഫോണിൽ എസ്.ഐ ആരോടും സംസാരിക്കുന്നില്ലന്നെ കാര്യം നാട്ടുകാർക്ക് മനസ്സിലായി. കത്തെടുത്ത് പുറത്ത് പോകാൻ അനുവദിക്കില്ല എന്നായിരുന്നു നാട്ടുകാരുടെ നിലപാട്. ഇതിനിടയിൽ ഡി.വൈ. എസ്. പി ആർ ശ്രീകുമാർ നാട്ടുകാരോട് തട്ടിക്കയറി. തെറ്റു ചെയ്താൽ ഇങ്ങനെയൊക്കെയുണ്ടാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതോടെ നിയന്ത്രണം വിട്ട നാട്ടുകാർ ഡി.വൈ.എസ്‌പിക്കുനേരെ തിരിഞ്ഞു.ഷാജിയുടെ മരണത്തിന് കാരണക്കാരായ സിറ്റിപൊലീസ് കമ്മിഷണർ പി എ വത്സൻ, സ്പ്യഷ്യൽ ബ്രാഞ്ച് അസി കമ്മിഷണർ പി ടി ബാലൻ, ഷാജിയ്‌ക്കെതിരെ നടപടിയെടുക്കാൻ സമ്മർദ്ദം ചലുത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ഷാജിയുടെ ആത്മഹത്യ കുറിപ്പിൽ പരമാർശിക്കുന്ന രാജീവ് പി. മേനോൻ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കഴിഞ്ഞ 17വർഷമായി ഒരു ശാസനപോലുമേറ്റുവാങ്ങാതെ സേവനം ചെയ്ത ഷാജിയോട് അങ്ങയേറ്റം ക്രൂരമായാണ് മേലുദ്യോഗസ്ഥർ പെരുമാറിയത്. ഒരു രക്ഷാകർത്താവ് പരാതിയുടെ തെളിവായി നൽകിയതാണ് വാട്ട്‌സാപ്പിൽ പോസ്റ്റ് ചെയ്ത ഫോട്ടോ. ഷാജി ഇത് അബദ്ധത്തിൽ മാറി പോസ്റ്റ് ചെയ്യകയായിരുന്നു. തൊട്ടുപിന്നാലെ, അങ്ങനെയൊരു അബദ്ധം സംഭവിച്ചതായി മേലുദ്യോഗസ്ഥരെ ഷാജി വിളിച്ചറിയിച്ചതുമാണ്. എന്നിട്ടും ആരെയൊ തൃപ്തിപെടുത്താൻ വേണ്ടി കേവലം ആറുമണിക്കൂറിനുള്ളിൽ തന്നെ ഷാജിയുടെ സസ്‌പെൻഷൻ ഓർഡർ പുറത്തിറങ്ങി. ഷാജിക്കു പറയാനുള്ള വിശദീകരണം കേൾക്കാൻ പോലും ആരും തയ്യറായില്ല. ഇത്തരമൊരു സസ്‌പെൻഷൻ കേരള പൊലീസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും. സംഭവത്തിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുംവരെ പ്രക്ഷോഭവുമായി രംഗത്തുണ്ടാകുമെന്നും ആക്ഷൻകമ്മറ്റി ഭാരവാഹികൾ വ്യക്തമാക്കി.

ഇതിനിടയിലാണ് അമർഷം തുറന്ന് പ്രകടിപ്പിച്ച് പൊലീസുകാരും രംഗത്തത്തെിയത്. നാളെ അച്ചടക്ക ലംഘകനെ തേടിയത്തെുന്ന തിട്ടൂരങ്ങളെ എനിക്കിപ്പോഴേ കാണാമെന്ന് പറഞ്ഞുകൊണ്ടാണ് ഒരു പൊലീസുകാരൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടിട്ടുള്ളത്. സർവീസ് പുസ്തകത്തിലെ ചുവപ്പുകളും, നഷ്ടപ്പെടുന്ന വാർഷിക വേതനപ്പെരുക്കങ്ങളും ,ദൂരെയേതോ ക്യാമ്പിലെ പരേഡ് ഗ്രൌണ്ടിലെ കത്തുന്ന വെയിലും, പരിഹാസങ്ങളും സഹതാപങ്ങളും ഞാൻ കാത്തിരിക്കുക തന്നെ ചെയ്യന്നു. എങ്കിലും ഇത്രയെങ്കിലും എനിക്ക് പറയാതെ വയ്യ ഏതോ നാട്ടിൽ നിന്ന് വന്ന ഏതോ മനുഷ്യർക്ക് വേണ്ടി തന്റെ പ്രാണൻ കളഞ്ഞ നൗഷാദിന്റെ നാട്ടിലാണ് ഞാൻ ജീവിക്കുന്നത്. എനിക്ക് നഷ്ടപ്പെടാനുള്ളത് ഒരിത്തിരി മാത്രം.അയാൾ അങ്ങയേറ്റം സൗമ്യനായിരുന്നു . കലാകാരനായിരുന്നു. നല്ല അച്ഛനും ഭർത്താവും മകനും സഹോദരനുമായിരുന്നു. ഏറ്റവും നല്ല പൊലീസുകാരനും മനുഷ്യനുമായിരുന്നു. എന്നിട്ടും അയാളുടെ രക്തത്തിനു വേണ്ടി ആർക്കാണ് ദാഹിച്ചതെന്ന് ഇദ്ദേഹം ചോദിക്കുന്നു. ഈ പോസ്റ്റിൽ തുടർന്ന് ഇങ്ങനെ പറയുന്നു.

ഒരു പെൺകുട്ടിയുടെ ഫോണിലേക്ക് വന്ന ഒരു പുരുഷശരീരത്തിന്റെ നഗ്‌നചിത്രം (വീഡിയോ അല്ല) രക്ഷിതാവ് ഏറ്റവും വിശ്വസ്തനായ പൊലീസുകാരന് കൈമാറുകയും അയാളത് തുടർനടപടികൾക്കായി ഗ്രൂപ്പിലെ ഒരുദ്യോഗസ്ഥന് കൈമാറുന്നതിനിടെ അബദ്ധത്തിൽ ഗ്രൂപ്പിലേക്ക് മാറിക്കയറുകയായിരുന്നു.അയാൾക്ക് പറ്റിയത് ഒരു കയ്യബദ്ധം പോലുമായിരുന്നില്ല . വിരൽത്തുമ്പാന്നു മാറിയതിനാൽ പിണഞ്ഞ തെറ്റിന് അയാൾ കാണേണ്ടവരെയൊക്കെ കണ്ട് പറഞ്ഞിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് അത് ബോധ്യപ്പെടുകയും ക്ഷമിക്കുകയും ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്.പക്ഷേ, അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും ചില കറുത്ത കൈകൾക്ക് പുതിയ ഇരയെ കിട്ടുകയായിരുന്നു. അവരുടെ അപ്രമാദിത്വും അധികാരവ്യാപ്തിയും തെളിയിക്കുന്ന നടപടികളായിരുന്നു തുടർന്ന്. ഒരു 'അധികാരി' സംഭവം അന്വേഷിച്ച് ഗുരുതരമായ വീഴ്ചയെന്ന് മേലധികാരികളെ ബോധിപ്പിച്ചു.

ഉപജീവനത്തിന് വേണ്ടി പൊലീസുകാരനായ ഒരു കലാകാരന്റെ സൗമ്യഹൃദയത്തെ കീറിമുറിച്ച് അയാൾ പറഞ്ഞ സംസ്‌കാരശൂന്യമായ പരിഹാസങ്ങളും ഭീഷണികളും തുടർന്നുള്ള സസ്‌പെൻഷൻ നടപടികളും സത്യസന്ധനായ ഒരാൾക്ക് തീർച്ചയായും താങ്ങാനായിട്ടുണ്ടാവില്ല. അതു കഴിഞ്ഞരിശം തീരാതവനാ കേമത്തം പുളിപ്പിച്ച് പത്രക്കാർക്കും വിളമ്പി. തിമിരം ബാധിച്ച അധികാരത്തിന്റെ / ഈ അധികാരിയുടെ ആദ്യത്തെ ഇരയല്ല ഇതെന്ന് പറയുന്ന പൊലീസുകാരൻ സമാനമായ പല സംഭവങ്ങളും എടുത്തുപറയുന്നുമുണ്ട്. ഷാജിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ആ മുറ്റത്ത് നിറകണ്ണുകളോടെ നിന്ന നൂറുകണക്കിന് പൊലീസുകാരോടുള്ള പരമപുച്ഛത്തോടെ നടന്നു നീങ്ങിയ അയാളെ, അച്ചടക്കനടപടികളുടെ വാൾമുനയോർത്ത് നിശബ്ദരായി നിന്ന,ഓരോ പൊലീസുകാരനും എന്താണ് ഉള്ളിൽ വിളിച്ചിട്ടുണ്ടാകുകയെന്നും എങ്ങനെയാണ് നാം അഭിമാനത്തോടെ, ആത്മ വിശ്വാസത്തോടെ ജോലി ചെയ്യകയെന്നും ചോദിച്ചുകൊണ്ടാണ് ഉമേഷ് എന്ന പൊലീസുകാരൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഷാജിയുടെ മരണത്തിന് കാരണക്കാരനായ പുരസ്‌ക്കാരങ്ങളുടെ തിളക്കത്തിൽ നിൽക്കുന്ന ഡി. ഐ. ജി ഉൾപ്പെടെയുള്ളവരോടുള്ള പ്രതിഷേധമാണ് പലയിടങ്ങളിൽ നിന്നും ഉയരുന്നത്. ഇതേ സമയം ഷാജിയുടെ സസ്‌പെൻഷന് സമ്മർദ്ദം ചെലുത്തിയ ഉന്നത ഉദ്യോഗസ്ഥൻ തനിക്കെതിരെ വാർത്തകൾ വരാതിരിക്കാൻ മാദ്ധ്യമങ്ങളെ സ്വാധീനിച്ചും തുടങ്ങിയിട്ടുമുണ്ട്.