- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുട്ടിൽ മരംമുറി കേസ്: സസ്പെന്റ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ച് സർക്കാർ; വനംവകുപ്പ് കേസിൽ കുറ്റപത്രം ഉടൻ
വയനാട്: മുട്ടിൽ മരംമുറി കേസിൽ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ച് സർക്കാർ. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകിയത്. ഉത്തരവ് ഇറക്കുന്നത് സംബന്ധിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ്കുമാർ മന്ത്രിയുമായി കൂടിയാലോചന നടത്തിയില്ലെന്നാണ് സൂചന.
ലക്കിടി ചെക്ക്പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത് എന്നിവരെയാണ് കഴിഞ്ഞ ദിവസം സർവ്വീസിൽ തിരിച്ചെടുത്തുകൊണ്ട് ഉത്തരവിറക്കിയത്. സസ്പെൻഷൻ പിൻവലിക്കുന്നത് തുടരന്വേഷണത്തെ ബാധിക്കില്ലെന്ന് കണ്ടെത്തിയായിരുന്നു നടപടി.
അതേസമയം മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ജാമ്യം ലഭിച്ചു. 60 ദിവസമായിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയത്. അഗസ്റ്റിൻ സഹോദരങ്ങളെ കൂടാതെ ഡ്രൈവർ വിനീഷിനും ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
എന്നാൽ വനം വകുപ്പിന്റെ കേസിൽ കൂടി ജാമ്യം ലഭിച്ചാലേ പ്രതികൾക്ക് പുറത്തിറങ്ങാനാകു. റവന്യൂ ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. അന്വേഷണം പൂർത്തിയായ വനം വകുപ്പ് കേസിൽ ഉടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
മറുനാടന് മലയാളി ബ്യൂറോ