തിരുവനന്തപുരം: മന്ത്രി ജി. സുധാകരൻ ഇടപെട്ടപ്പോൾ സെക്രട്ടേറിയറ്റ് പരിസരത്ത് പരസ്യമായി കൈക്കൂലി വാങ്ങിയ പൊതുമരാമത്ത് വകുപ്പ് എൻജിനിയർക്കും ഡ്രൈവർക്കും പണിപോയി. തിരുവനന്തപുരം ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷഹാനാ ബീഗത്തെയും ഡ്രൈവർ എ.ജെ. പ്രവീൺ കുമാറിനെയുമാണ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.

ഈമാസം മൂന്നിന് വൈകിട്ട് അഞ്ചരയ്ക്കും ആറുമണിക്കുമിടയിലായിരുന്നു കൈക്കൂലി വാങ്ങൽ. എക്സിക്യൂട്ടീവ് എഞ്ചിനീയർ അവരുടെ ഔദ്യോഗിക വാഹനത്തിൽ സെക്രട്ടേറിയറ്റിലെ ഫയർ സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുതിന് എത്തിയപ്പോഴാണ് കോൺട്രാക്ടറിൽനിന്ന് കൈക്കൂലി വാങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.

കൈക്കൂലിക്കാര്യം പലരും പരാതിയായി ഉന്നയിച്ചോപ്പോൾ ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതോടെ ആരോപണം ശരിയാണെന്ന് കണ്ടെത്തി. കോൺട്രാക്ടർ പരസ്യമായി പണം എൻജിനീയറുടെ കാറിൽ വച്ചുകൊടുക്കുന്നതാണ് ദൃശ്യത്തിലുള്ളത്. മറ്റൊരാൾ ഡ്രൈവർക്കും കൈക്കൂലി നൽകി.

കൈക്കൂലി നൽകിയ കോൺട്രാക്ടർ ആലീസ് ഫൈറ്റിങ് സിസ്റ്റം സിജോയുടെയും ഒപ്പമുണ്ടായിരുവന്നവരുടെയും പേരിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും മന്ത്രി ജി സുധാകരൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സസ്പെന്റ് ചെയ്ത എക്സിക്യൂട്ടീവ് എൻജിനീയറുടെ അനധികൃത സ്വത്ത് സമ്പാദ്യത്തെപറ്റിയും അന്വേഷിക്കാൻ മന്ത്രി വിജിൻസിനോട് ആവശ്യപ്പെട്ടു. എൻജീയറുടെ ഓഫീസിനെ കുറിച്ചും അന്വഷിക്കാൻ മന്ത്രി നിർദ്ദേശിച്ചു.