തിരുവനന്തപുരം: പാഠപുസ്തകലോട്ടറി അച്ചടിയിൽ ക്രമക്കേട് കാട്ടിയതിന് സർക്കാർ സ്ഥാപനമായ സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ് (സി ആപ്റ്റ്) മാനേജിങ് ഡയറക്ടർ സജിത് വിജയരാഘവനെ സർക്കാർ സസ്‌പെന്റ് ചെയ്തു. സജിത് വിജയരാഘവനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് ഇടപെട്ടാണ് തീരുമാനം എടുത്തത്. വിദ്യാഭ്യാസ വകുപ്പ് സജിത്തിനെ സസ്‌പെന്റ് ചെയ്യേണ്ടന്ന് ശുപാർശ നൽകിയിരുന്നു. ഇത് അംഗീകരിക്കാതെയാണ് ചെന്നിത്തലയുടെ തീരുമാനം.

യുഡിഎഫിൽ പുതിയ ചർച്ചകൾക്ക് ഇത് വഴിവയ്ക്കും. ആഭ്യന്തരമന്ത്രിയുടെ നടപടിക്ക് എതിരെ മുസ്ലിം ലീഗ് നിലപാട് എടുക്കാൻ സാധ്യത ഏറെയാണ്. എന്നാൽ അഴിമതിയിൽ വിട്ടുവീഴ്ചയില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ ഇതിനുള്ള മറുപടി. സിആപ്റ്റിലെ നിലവിലുള്ള ഉപകരണത്തിൽ ഒരു എ 3 പേപ്പറിൽ എട്ട് ലോട്ടറി ടിക്കറ്റുകൾ അച്ചടിക്കുന്നതിന് ചെലവ് 29 പൈസയാണ്. എന്നാൽ 92 പൈസയ്ക്കാണ് കരാർ നൽകിയത്. അഴിമതിക്കേസിൽ ട്രെയിനിങ് ഓഫീസർ ജയഗോപൻ രണ്ടും ടെക്‌നിക്കൽ കമ്മിറ്റി അംഗം സി.കെ.ദിനേശൻ മൂന്നും പ്രതിയാണ്. കരാറെടുത്ത ചെന്നെയിലെ കമ്പനിയുടെ ഉദ്യോഗസ്ഥരായ പ്രസാദ്, രാംകുമാർ എന്നിവരാണ് മറ്റ് പ്രതികൾ.

എം.ഡിയെ സസ്‌പെന്റ് ചെയ്യണമെന്ന വിജിലൻസ് ശുപാർശ നേരത്തെ വിദ്യാഭ്യാസ വകുപ്പ് തള്ളിയിരുന്നു. വിദ്യാഭ്യാസ, ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരും സജിത്ത് വിജയരാഘവനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്തുനൽകിയിരുന്നു. എന്നാൽ മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് എം.ഡി കാര്യങ്ങൾ ചെയ്തതെന്നും അച്ചടക്ക നടപടിയുടെ ആവശ്യമില്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. ഈ നിലപാട് തള്ളിക്കൊണ്ടാണ് ആഭ്യന്തര മന്ത്രി നേരിട്ട് നടപടിയെടുത്തിരിക്കുന്നത്. നേരത്തെ വിജിലൻസ് കുറ്റക്കാരെന്ന് കണ്ടെത്തിയ പൊതുമരാമത്ത് വകുപ്പിലെയും ജലസേചന വകുപ്പിലെയും രണ്ട് എഞ്ചിനീയർമാരെ ആഭ്യന്തര വകുപ്പ് സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനെ വിമർശിച്ച് വകുപ്പ് കൈകാര്യം ചെയ്തിരുന്ന കേരളാ കോൺഗ്രസും ലീഗും രംഗത്ത് വന്നിരുന്നു. സമാനമായ തീരുമാനം ആണ് ഇപ്പോഴുമുള്ളത്.

കഴിഞ്ഞ ദിവസം സോണായാ ഗാന്ധി കോട്ടയത്ത് എത്തിയപ്പോൾ മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾ മുന്നണിയിലെ പ്രശ്‌നങ്ങൾക്ക് കാരണം രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പുമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് കോൺഗ്രസ് അധ്യക്ഷ ചെന്നിത്തലയ്ക്ക് താക്കീതും നൽകി. ഇതിനുള്ള പ്രതികാരം തീർക്കലായി സി ആപ്റ്റ് എംഡിക്ക് എതിരായ നടപടിയെ മുസ്ലിം ലീഗ് കാണുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ അധികാരത്തിലേക്കുള്ള കൈകടത്തലാണ് ഇത്. എംഡിയെ വിദ്യാഭ്യാസമന്ത്രിയുടെ അനുമതിയില്ലാതെ സസ്‌പെന്റ് ചെയ്തത് ശരിയല്ലെന്നും ലീഗിലെ ഒരു വിഭാഗം പറയുന്നു.

സംസ്ഥാനത്തെ പാഠപുസ്തക അച്ചടിയിലും വ്യാപക ക്രമക്കേടെന്ന് ധനകാര്യ പരിശോധനാ വിഭാഗവും കണ്ടെത്തിയിരുന്നു. സ്വകാര്യ പ്രസിന് നൽകിയ ടെണ്ടറിലാണ് ക്രമക്കേട് കണ്ടെത്തിയത്. സുതാര്യമല്ലാതെ ടെണ്ടർ നടപടികൾ സ്വീകരിച്ച സി ആപ്റ്റ് എംഡി സജിത് വിജയരാഘവനെ പുറത്താക്കണമെന്നും ഇതുസംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ധനകാര്യ പരിശോധനാ വിഭാഗം ശുപാർശ ചെയ്തു. ഈ സാഹചര്യത്തിലാണ് നടപടി. മണിപ്പാൽ ടെക്‌നാളജീസ് നൽകിയ തുകയ്ക്ക് സാധനങ്ങൾ വാങ്ങാൻ അനുമതി നൽകണമെന്ന് സജിത് വിജയരാഘവൻ ഉടൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. തുടർന്നുള്ള നടപടികളെല്ലാം സ്വകാര്യ പ്രസിന് വഴിവിട്ട സഹായം ചെയ്യലായിരുന്നു. എംഡിയെ തൽ സ്ഥാനത്തു നിന്നു പുറത്താക്കി വിജിലൻസ് അന്വേഷണം നടത്തണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യയ്തിരുന്നു.

ഒന്നു മുതൽ എട്ടുവരെ ക്ലാസുകളുടെ പാഠ പുസ്തകങ്ങൾ അച്ചടിക്കാനാണ് സർക്കാർ പൊതുമേഖലാ സ്ഥാപനമായ സിആപ്റ്റിനെ ഏല്പിച്ചത്. ഓർഡർ സ്വീകരിച്ച സിആപ്റ്റ് അച്ചടി മണിപ്പാൽ ടെക്‌നോളജീസിനെ ഏല്പിക്കുകയായിരുന്നു.കുറഞ്ഞ സമയത്തിൽ 43 ലക്ഷം പുസ്തകങ്ങൾ അച്ചടിക്കാനുള്ള സാങ്കേതിക സംവിധാനം ഇല്ലെന്ന കാര്യം മറച്ചുവച്ചായിരുന്നു സിആപ്റ്റ് കരാർ ഏറ്റെടുത്തത്.സ്വകാര്യ പ്രസിന് നൽകിയ ടെണ്ടർ നടപടികൾ സുതാര്യമായിരുന്നില്ല. സ്റ്റോക്ക് പർച്ചേസ് റൂളും മറികടന്നായിരുന്നു നടപടികൾ.

സിആപ്റ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായി ഉപകരണങ്ങൾ വാടകയ്‌ക്കെടുത്ത് ടിക്കറ്റ് അച്ചടിച്ച് ഖജനാവിന് 1.36 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് വിജിലൻസും കണ്ടെത്തിയിരുന്നു. നിലവിലുള്ളതിനെക്കാൾ വളരെ ഉയർന്ന നിരക്കിലാണ് ചെന്നെയിലെ കമ്പനിക്ക് ലോട്ടറി ബാർകോഡിങ് കരാർ നൽകിയത്. സറോക്‌സ് റ്റി 4112 എന്ന അഞ്ച് ഹെവി ഡ്യൂട്ടി ലേസർ പ്‌റിന്ററുകൾ ഉപയോഗിച്ചായിരുന്നു സിആപ്റ്റ് ലോട്ടറി അച്ചടിയും ബാർകോഡിംഗും നടത്തി വന്നത്. എന്നാൽ ലോട്ടറികളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതോടെ ഇത് തികയാതെ വന്നു.

തുടർന്ന് 2012 ജൂണിൽ ചേർന്ന സിആപ്റ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റി 'സറോക്‌സ് റ്റി 4112' എന്ന രണ്ട് മെഷീൻ കൂടി വാങ്ങാൻ തീരുമാനിച്ചു. ഈ ഉപകരണം വാങ്ങാനുള്ള പ പ്രാരംഭചർച്ചയിൽ തന്നെ നിർമ്മാതാക്കളായ സറോക്‌സ് കമ്പനി സമയബന്ധിതമായി പർച്ചേസ് ഓർഡർ നൽകണമെന്ന് അറിയിച്ചിരുന്നു. ജൂൺ 30 വരെ മാത്രമേ ഈ മോഡൽ ലഭ്യമാകുകയുള്ളൂവെന്നും കമ്പനി അറിയിച്ചു. ജൂണിൽ തന്നെ പർച്ചേസ് ഓർഡർ നൽകാൻ എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചു. എന്നാൽ മാനേജിങ് ഡയറക്ടറായ സജിത് വിജയരാഘവൻ ജൂലായ് അവസാനമാണ് ഓർഡർ നൽകിയത്. ഉപകരണം വിതരണം ചെയ്യാൻ കഴിയില്ലെന്ന് കമ്പനി അറിയിച്ചു. വാടകയ്ക്ക് ഉപകരണം എടുക്കാനായി പരസ്യം നൽകിയെങ്കിലും ചെന്നെയിലെ രണ്ട് സ്ഥാപനങ്ങളുടെ ടെൻഡർ മാത്രമാണ് ലഭിച്ചത്.

ടെക്‌നിക്കൽ ഇവാല്യുവേഷൻ റിപ്പോർട്ടിനായി രണ്ട് കമ്പനികളും ചേർന്ന് ഒരു മെഷീനായിരുന്നു ഹാജരാക്കിയത്. രണ്ട് കമ്പനികളും ഒരാളുടേത് തന്നെയാണ്. കുറഞ്ഞ തുക രേഖപ്പെടുത്തിയെന്ന കാരണത്താൽ അൻസലാ കമ്പനിക്ക് ബാർകോഡിംഗിന് കരാർ നൽകിയെന്നാണ് കണ്ടെത്തൽ.