കൽപ്പറ്റ: സോഷ്യൽ മീഡിയയിൽ വോട്ടഭ്യർത്ഥന നടത്തിയ പൊലീസുകാരൻ സസ്‌പെൻഷനിൽ. കേണിച്ചിറ പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സണ്ണി ജോസിനെയാണ് സസ്‌പെന്റ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പായ സഹപ്രവർത്തകർ എന്ന ഗ്രൂപ്പിൽ ഇടതുപക്ഷത്തിന് വോട്ടഭ്യർത്ഥിച്ച് പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥനെ വയനാട് എസ്‌പി പുഷ്‌ക്കരൻ സസ്&്വംിഷ;പെന്റ് ചെയ്തത്.

ഇടതു പക്ഷത്തിന് ഒരു വോട്ട്. ഞങ്ങൾക്ക് ജയിക്കാനല്ല. നിങ്ങൾ തോൽക്കാതിരിക്കാൻ. നാട് ഏതായാലും വാർഡ് ഏതായാലും വർഗ്ഗീയതയ്‌ക്കെതിരെ ഒരു വോട്ട് എന്നതായിരുന്നു സണ്ണി ജോസഫിന്റെ പോസ്റ്റ്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ തന്നെ നടപടി എടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ പക്ഷം പടിക്കരുതെന്നാണ് ചട്ടം. അവർക്ക് പ്രചരണത്തിൽ പങ്കെടുക്കാനും സാധിക്കില്ല. ഇതെല്ലാം ലംഘിച്ച് പൊലീസുകാരൻ തന്നെ പ്രചരണം നടത്തിയെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് സസ്‌പെൻഷൻ. ഇത്തരം നടപടികൾ ആരെടുത്താലും ശക്തമായ നടപടിയെടുക്കാനാണ് നിർദ്ദേശം.

എൽഡിഎഫ് അനുകൂല പോസ്റ്റ് ഔദ്യോഗിക നമ്പറിൽനിന്നാണ് സണ്ണി അയച്ചത്. വയനാട് ഡിസിസി പ്രസിഡന്റ് കെ.എൽ. പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സ്‌പെഷൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിനു ശേഷമാണ് സസ്‌പെൻഷൻ. എന്നാൽ തന്റെ മൊബൈൽഫോണിൽ നിന്ന് ഇത്തരമൊരു സന്ദേശം അയച്ചിട്ടില്ലെന്നും തന്റെ നമ്പർ ഉപയോഗിച്ച് കൃത്രിമം നടത്തിയതാണെന്നും സണ്ണി ജോസഫ് പറയുന്നു. പൊലീസ് അസോസിയേഷനെ ഇടതുപക്ഷ അനുകൂലികൾ നയിച്ചിരുന്ന സമയത്ത് സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗമായിരുന്നു സണ്ണി.

സർക്കാർ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കാളികളാവരുതെന്ന നിർദ്ദേശമിരിക്കെ വയനാട്ടിൽ പല സ്ഥലങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരുൾപ്പെയുള്ളവർ മുന്നണികൾക്കായി പ്രചാരണം നടത്തുന്നതായി ആരോപണമുണ്ട്.