പത്തനംതിട്ട: തിരുനൽവേലിയിലെ ചേരൻ മഹാദേവി പോളിടെക്നിക് കോളജിൽ മലയാളി വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു. വിദ്യാർത്ഥി ആത്മഹത്യ ചെയ്തതാണെന്ന് കോളജ് അധികൃതർ പറയുമ്പോൾ അങ്ങനെയാകാൻ വഴിയില്ലെന്ന നിലപാടിലാണ് ബന്ധുക്കളും സഹപാഠികളും.

കോഴഞ്ചേരിക്ക് സമീപം തടിയൂർ കാവും മുക്ക് ആനന്ദപുരം വീട്ടിൽ രാധാകൃഷ്ണൻ നായരുടെ മകൻ അനിരുദ്ധ് ആർ. നായരുടെ (18) മൃതദേഹമാണ് വെള്ളിയാഴ് വൈകിട്ട് കോളജ് ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. കോളജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥി ആയിരുന്നു അനിരുദ്ധ്. കോളജ് കാമ്പസിന് ഉള്ളിൽ തന്നെയാണ് ഹോസ്റ്റൽ.

താൻ ഉറങ്ങാൻ പോവുകയാണെന്നും മുറി പുറത്ത് നിന്ന് പൂട്ടിക്കൊള്ളൂവെന്നും അനിരുദ്ധ് സഹപാഠികളോട് പറഞ്ഞത്രെ. മുറി പൂട്ടി പോയ സഹപാഠികൾ തിരികെ എത്തിയപ്പോൾ അനിരുദ്ധ് ഫാനിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നുവെന്ന് പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് അനിരുദ്ധ് പിതാവിനെയും വൈകിട്ട് മാതാവിനെയും വിളച്ചു സംസാരിച്ചിരുന്നു.

കോളജിൽ ഉണ്ടായിരുന്ന ചില പ്രശ്നങ്ങളുടെ പേരിൽ രക്ഷിതാവിനെ വിളിച്ചു കൊണ്ടു വരാൻ അധികൃതർ അനിരുദ്ധിനോട് ആവശ്യപ്പെട്ടിരുന്നതായും സഹപാഠികൾ പറയുന്നു. മരണകാരണത്തിൽ ദുരൂഹതയൂണ്ടെന്ന് മാത്രമാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.