കൊല്ലം: കായംകുളത്തിന് സമീപം മന്ത്രി എം കെ മുനീർ സഞ്ചരിച്ചിരുന്ന ആഡംബരകാർ ഇടിച്ചു കോളേജ് അദ്ധ്യാപകൻ കൊല്ലപ്പെട്ട സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൽ പുറത്തുവന്നു. ചട്ടങ്ങൾ ലംഘിച്ച് ആഡംബര കാറിൽ ബീക്കൻ ലൈറ്റ് വച്ച് പറക്കുന്നതിനിടയിലാണ് അപകടം എന്നാണ് പ്രധാന ആരോപണം. 1. 7 കോടി രൂപ മുടക്കി ബ്രിട്ടണിൽ നിന്നും ഇറക്കുമതി ചെയ്ത മലപ്പുറം സ്വദേശിയുടെ റേഞ്ച് റോവറിൽ ആയിരുന്നു മന്ത്രിയുടെ ചീറിപായലും അദ്ധ്യാപകന്റെ കൊലപാതകവും. അപകടം നടന്ന് ഉടൻ ആഡംബര വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ സഹായിക്കാൻ പൊലീസ് നടത്തിയ ശ്രമവും വിവാദമായിരിക്കയാണ്.

മന്ത്രിയുടെ വാഹനം കോളജ് അദ്ധ്യാപകനെ കൊന്ന ഉടൻ ചില പ്രമുഖർ ചാനൽ മുതലാളിമാർക്ക് ഫോൺ ചെയ്തതായാണ് സൂചന. തുടർന്ന് ഇന്നലെ രാവിലെ ഒറ്റ ചാനൽ പോലും ഈ വാർത്ത കാര്യമാക്കിയില്ല. കൈരളി അടക്കമുള്ള ചാനലുകളിൽ ദൃശ്യങ്ങൾ ലഭിച്ചിട്ടും അവ പ്രക്ഷേപണം ചെയ്യാതെ നീട്ടുക ആയിരുന്നു. ഇതിനിടയിൽ മറുനാടൻ മലയാളി അടക്കമുള്ള നവ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയകളും ഇത് വാർത്തയാക്കുന്നത്. തുടർന്ന് മൂന്ന് മണിയോടെ ഏഷ്യനെറ്റ് വിഷയം എടുക്കുകയായിരുന്നു. ഇതോടെയാണ് ചാനലുകൾ ചെറുതായെങ്കിലും വാർത്ത കൊടുത്തു തുടങ്ങിയത്. മന്ത്രിയുടെ ചട്ടലംഘനം സൂചിപ്പിച്ച് ചില പത്രങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്‌തെങ്കിലും പ്രധാന പത്രങ്ങൾ എല്ലാം ലംഘിച്ചു. 1. 7 കോടിയുടെ കാറിൽ ബീക്കൻ ലൈറ്റ് ഉപയോഗിച്ചതിനെ കുറിച്ച് എങ്ങും പരാമർശവുമില്ല.

സ്‌റ്റേറ്റ് കാർ എന്ന് തോന്നിക്കും വിധം ചുവന്ന ബീക്കൺ ലൈറ്റ് ഘടിപ്പിച്ചായിരുന്നും മന്ത്രി മുനീറും സംഘവും യാത്ര ചെയ്തത്. കെ.എൽ 56ജെ 999 എന്ന രജിസ്‌ട്രേഷൻ നമ്പരിലുള്ള ഫ്യൂജി വൈറ്റ് റേഞ്ച് റോവർ കാർ കോഴിക്കോട് ഇരിങ്ങൽ കോട്ടയ്ക്കൽ ചെറിയകല്ലുവളപ്പിൽ ഹൗസിൽ സി.കെ.വി. യൂസഫ് എന്നയാളുടേതാണ്. ഇക്കാര്യം മോട്ടോവാഹന വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന വിവരത്തിൽ നിന്നം വ്യക്തമാണ് താനും. യുകെയിൽ നിന്ന് ഇറക്കുമതി ചെയ്ത കാർ 2014 മാർച്ച് 31ന് കൊയിലാണ്ടി ആർ.ടി ഓഫീസിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാറിന് 17.15 ലക്ഷം രൂപ ടാക്‌സ് അടച്ചതായും വെബ്‌സൈറ്റിൽ നിന്നും വ്യക്തമാണ്.

ദേശീയപാതയിൽ കായംകുളം കെഎസ്ആർടിസി ബസ് സ്‌റ്റേഷന് തെക്ക് കമലാലയം ജംഗ്ഷനിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ബീക്കൺലൈറ്റ് ഘടിപ്പിച്ച മന്ത്രിയുടെ വാഹനം അപകടത്തിൽ പെട്ടത്. അപകടത്തിൽ ചങ്ങനാശേരി എൻ.എസ്.എസ് കോളേജിലെ മലയാള വിഭാഗം അദ്ധ്യാപകൻ കായംകുളം ഗോവിന്ദമുട്ടം മൂത്തേഴത്ത് പ്രൊഫ.ആർ. ശശികുമാറാണ് (50) മരിച്ചത്. ചങ്ങനാശേരിയിൽ നിന്ന് ട്രെയിനിൽ കായംകുളം റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി കൈനറ്റിക് ഹോണ്ടയിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കിഴക്കുനിന്നുള്ള റോഡിലൂടെ ദേശീയപാതയിൽ പ്രവേശിച്ച് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ശശികുമാറിനെ ഗുരുതര പരിക്കുകളോടെയാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. ചികിത്സയിൽ ഇരിക്കെ പുലർച്ചെ രണ്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

അപകടമുണ്ടായ ഉടൻ മന്ത്രിയുടെ കാറാണെന്ന് വ്യക്തമായതോടെ നാട്ടുകാർ സംഘടിച്ചെത്തിയത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. എന്നാൽ അപ്പോഴാണ് മന്ത്രിയെ സഹായിക്കാൻ പൊലീസ് ഇടപെടൽ ഉണ്ടായത്. അപകടസ്ഥലത്ത് പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് മന്ത്രിയെ ഗസ്റ്റ് ഹൗസിലേക്കു മാറ്റിയ പൊലീസുകാർ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. തുടർന്ന് സ്വകാര്യ വാഹനത്തെ ഔദ്യോഗിക വാഹനമാക്കാൻ പൊലീസിന്റെ അതിവേഗ ഇടപെടലാണ് നടന്നത്.

ബീക്കൺ ലൈറ്റ് മാറ്റുകയും മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ നമ്പർ പതിക്കുകയും ചെയ്തു. അപകടത്തിനു ശേഷം സ്‌റ്റേഷനിലെത്തിച്ച കാറിൽ നിന്നു ബീക്കൺ നീക്കിയ പൊലീസ്, മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ നമ്പറായ 'കേരള സ്‌റ്റേറ്റ്17' എന്ന ചുവന്ന ബോർഡാണ് സ്ഥാപിച്ചത്. ഇതിനു ശേഷമാണ് വാഹനത്തിന്റെ ചിത്രമെടുക്കാൻ മാദ്ധ്യമപ്രവർത്തകരെ അനുവദിച്ചത്. എന്നാൽ, ഇതിനിടെ അപകട സ്ഥലത്തു നിന്നും മന്ത്രിയുടെ വാഹനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇത് മറുനാടൻ മലയാളി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെ വിഷയം സോഷ്യൽ മീഡിയയും ഏറ്റെടുക്കുകയായിരുന്നു.

വാഹനം ഓടിച്ച ഡ്രൈവർ മലപ്പുറം സ്വദേശി എ. സെമീറിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ ഔദ്യോഗിക വാഹനത്തിന്റെ െ്രെഡവറാണെന്നാണ് പൊലീസിന്റെ വിശദീകരണം. തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്കുള്ള യാത്രയിൽ മന്ത്രിക്കൊപ്പം ഗൺമാനും െ്രെപവറ്റ് സെക്രട്ടറിയും ഉണ്ടായിരുന്നു. ടൂറിസം വകുപ്പ് വാങ്ങി നൽകുന്ന വാഹനങ്ങളാണ് മന്ത്രിമാർ ഉപയോഗിക്കേണ്ടത്. ഇത് തെറ്റിച്ചായിരുന്നു മന്ത്രി സ്വകാര്യ വാഹനം ഉപയോഗിച്ചത്. മന്ത്രിമാരുടെ ഇഷ്ടമനുസരിച്ചുള്ള ടൂറിസം വകുപ്പ് വാഹനങ്ങളാണ് നൽകുന്നത്. ഉടമസ്ഥാവകാശം ടൂറിസം വകുപ്പിനായിരിക്കും. മന്ത്രിമാർ സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഈ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിക്കാനോ സ്‌റ്റേറ്റ് നമ്പർ എഴുതാനോ പാടില്ല. ഇക്കാര്യമെല്ലാം ലംഘിക്കുകയായിരുന്നു മന്ത്രി എം കെ മുനീർ. അതേസമയം അത്യാവശ്യ കാര്യത്തിന് കോഴിക്കോട്ടേക്കു പോകുന്നതിനിടെ കാർ കേടായതിനാലാണ് സുഹൃത്തിന്റെ കാർ കൊണ്ടുപോയതെന്ന വിശദീകരണമാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

അതേസമയം മന്ത്രിയുടെ ചീറിപ്പായലിൽ പൊലിഞ്ഞത് വിദ്യാർത്ഥികളുടെ പ്രിയങ്കരനായ അദ്ധ്യാപകനെയായിരുന്നു. പുതിയ കാർ വാങ്ങിയതിന്റെ സന്തോഷം സഹപ്രവർത്തകരോടും വിദ്യാർത്ഥികളോടും പങ്കുവച്ച് മടങ്ങുമ്പോഴാണ് റേഞ്ച് റോവർ വാഹനം ഇടിച്ച് ശശികുമാർ മരണപ്പെട്ടത്. അദ്ധ്യാപകന്റെ മരണ വാർത്ത വാർത്ത കോളേജിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും കണ്ണീരിലാഴ്‌ത്തി. രണ്ട് ദിവസം മുൻപാണ് പുതിയ സ്വിഫ്റ്റ് കാർ വാങ്ങിയത്. അപകടദിവസം കോളേജിൽ ഇക്കാര്യം പറഞ്ഞ് ഏറെ സന്തോഷവാനായിരുന്നു അദ്ദേഹം.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ചങ്ങനാശേരിയിലെ കുടുംബവീട്ടിൽ കൊണ്ടുവന്നു. പിന്നീട് സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. നാളെ രാവിലെ കോളേജിൽ പൊതുദർശനത്തിന് വച്ചശേഷം കായംകുളത്തെ വീട്ടിൽ സംസ്‌കരിക്കും.