- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യൂടൂബിലെ സൂപ്പർ ഹിറ്റ് ന്യൂസ് പ്രസന്ററെ ഇടിച്ചു വീഴ്ത്തിയത് ലോഡുമായി പോയ ടിപ്പർ; അപകട സമയത്ത് അതു വഴി കടന്നു പോയത് മൂന്ന് ടിപ്പർ ലോറികൾ; കൊലപാതകിയെ കണ്ടെത്താനാവാതെ പൊലീസും; അഴിമതിക്കാരുടേയും രാഷ്ട്രീയക്കാരുടേയും വർഗ്ഗീയ വാദികളുടേയും ശത്രുവായ പ്രദീപിന്റേതുകൊലപാതകമോ ?
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ സൂപ്പർ ഹിറ്റ് വാർത്താ അവതാരകനായിരുന്നു എസ് വി പ്രദീപ്. എന്തു വാർത്തയും സ്വാതന്ത്ര്യത്തോടെ അവതരിപ്പിച്ച മാധ്യമ പ്രവർത്തകൻ. ജയ്ഹിന്ദ് ടിവിയിലും കൈരളി ടിവിയിലും മനോരമയിലും മീഡിയാ വണ്ണിലും ന്യൂസ് 18 കേരളയിലും ശ്രദ്ധ നേടിയ വാർത്താ അവതാരകൻ.
സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് സോഷ്യൽ മീഡിയയിലേക്ക് ചേക്കേറിയത്. മംഗളം ടിവിയിൽ നിന്ന് സ്വതന്ത്രമായൊരിടം സൃഷ്ടിച്ച വാർത്ത താരമായിരുന്നു സിവി പ്രദീപ്. എല്ലാ രാഷ്ട്രീയക്കാരേയും പ്രദീപ് വിമർശിച്ചു. ഭരണത്തിലുള്ള സിപിഎമ്മിന് പലപ്പോഴും കടന്നാക്രമണത്തിന്റെ ഭാഷയാണ് നേരിടേണ്ടിവന്നത്. വർഗ്ഗീയതയ്ക്കെതിരേയും തുറന്നു പറച്ചിൽ നടത്തി. അങ്ങനെ എല്ലാ മേഖലയിലും ശത്രുക്കളെ നേടിയ മാധ്യമ പ്രവർത്തനായിരുന്നു സി വി പ്രദീപ്.
വാർത്താവതരണത്തിൽ അതിശക്ത നിലപാട് എടുത്ത പ്രദീപിന്റെ മരണം കൊലപാതകമാണോ എന്ന സംശയം ശക്തമാകുന്നതും ഇതു കൊണ്ടാണ്. അതിശക്തരായ ശത്രുക്കൾ പ്രദീപിനുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയുമാണ്. യൂടൂബിലെ സൂപ്പർ ഹിറ്റ് ന്യൂസ് പ്രസന്ററെ ഇടിച്ചു വീഴ്ത്തിയത് ലോഡുമായി പോയ ടിപ്പർ ആണെന്നാണ് സൂചന. അപകട സമയത്ത് അതു വഴി കടന്നു പോയത് മൂന്ന് ടിപ്പർ ലോറികളും.
നാഷണൽ ഹൈവേയിൽ അപകടമുണ്ടായി അഞ്ചു മണിക്കൂറായിട്ടും കൊലപാതകിയുടെ തുമ്പു പോലുമില്ല. അതിശക്തനായ ആരോ ഈ കൊലപാതകത്തിന് പിന്നിൽ ഉണ്ടെന്നതിന്റെ സൂചനയാണ് ഇത്. ഈ ലോറിയെ പൊലീസിന് കണ്ടെത്താനായില്ലെന്നതും ദുരൂഹമായി തുടരുന്നു. അഴിമതിക്കാരുടേയും രാഷ്ട്രീയക്കാരുടേയും വർഗ്ഗീയ വാദികളുടേയും ശത്രുവായ പ്രദീപിന്റേത് കരുതി കൂട്ടിയുള്ള കൊലപാതകമായിരുന്നുവെന്ന ആശങ്കയാണ് സജീവമാകുന്നത്.
എസ്.വി. പ്രദീപിന്റെ അപകടമരണത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് പൊലീസ് ചില നടപടികൾ എടുക്കുന്നുണ്ട്. തിരുവനന്തപുരം ഫോർട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. എത്രയും വേഗം പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തുണ്ടായ വാഹനാപകടത്തിലാണ് എസ്.വി. പ്രദീപ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേദിശയിൽ വന്ന കാർ ഇടിച്ചുതെറിപ്പിച്ചെന്നും അപകടത്തിന് ശേഷം കാർ നിർത്താതെ പോയെന്നുമാണ് പൊലീസ് പറയുന്നത്. പ്രദീപിനെ പിന്തുടർന്നെത്തിയ വാഹനം ആരുമില്ലാത്ത സ്ഥലത്തു വച്ചാണ് പ്രദീപിനെ വകവരുത്തിയത്.
അപകടം നടന്ന സ്ഥലത്ത് സി.സി.ടി.വി. ക്യാമറകൾ ഉണ്ടായിരുന്നില്ല. ആളൊഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റ് കിടന്ന പ്രദീപിനെ ഏറെനേരം കഴിഞ്ഞാണ് കണ്ടെത്തിയത്. അപകടമുണ്ടാക്കിയ വാഹനം ഇതേവരെ തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല. ഇതാണ് ദുരൂഹത കൂട്ടുന്നത്. ഹൈവേയിലെ സിസിടിവികൾ മുഴുവൻ പരിശോധിച്ചാൽ പോലും വാഹനം ഏതെന്ന് കണ്ടെത്താം. എന്നാൽ അതിന് ശ്രമിക്കുന്നില്ലെന്ന പരാതി സജീവമാണ്. ജയ്ഹിന്ദ്, കൈരളി, ന്യൂസ് 18, മീഡിയവൺ, മംഗളം തുടങ്ങിയ വാർത്താ ചാനലുകളിൽ മാധ്യമപ്രവർത്തകനായിരുന്ന എസ്.വി. പ്രദീപ് നിലവിൽ ചില ഓൺലൈൻ മാധ്യമസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
എസ്വി പ്രദീപ് വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിനെതിരെ നിരന്തര വിമർശനം ഉയർത്തിയിട്ടുള്ള മാധ്യമ പ്രവർത്തകനാണ് എസ്. വി. പ്രദീപ്. പ്രദീപിനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയയെന്നാണ് പുറത്ത് വരുന്ന വിവരം. ദുരൂഹ മരണം സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണനമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പ്രദീപ് നയിക്കുന്ന യുട്യൂബ് അടുത്തിടെ സംപ്രേഷണം ചെയ്തതിൽ അധികവും സ്വർണക്കടത്തിൽ സ്വപ്ന സുരേഷും പിണറായി സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. അതും മരണത്തിന്റെ ദൂരൂഹത കൂട്ടുന്നു.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച ബന്ധുക്കൾക്കു വിട്ടുനൽകും.
മറുനാടന് മലയാളി ബ്യൂറോ