- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോറിക്ക് തൊട്ടു മുന്നിലെ ബൈക്ക് മാർഗ തടസ്സമുണ്ടാക്കിയത് ആർക്കു വേണ്ടി? ഇടത് ട്രാക്കിലൂടെ സാധാരണ വേഗത്തിൽ പോയ മാധ്യമ പ്രവർത്തകനെ വലതു ട്രാക്കിലൂടെ പതിയെ എത്തിയ ടിപ്പർ വെട്ടി തിരിച്ച് ഇടിച്ചിട്ടതും സംശയാസ്പദം; ലോറി ഡ്രൈവറുടെ മൊഴി വിശ്വസിച്ച് എല്ലാം രാജിയാക്കാൻ അന്തർനാടകങ്ങൾ; ബഷീറിന്റെ കൊലയിലെ പ്രതികളെ രക്ഷിച്ചവർ വീണ്ടും സജീവം; എസ് വി പ്രദീപിന്റെ കൊലയാളി രക്ഷപ്പെടാൻ സാധ്യത
തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായ എസ് വി പ്രദീപിന്റെ അപകട മരണം കൊലപാതകമെന്ന ചർച്ച സജീവമാകുമ്പോഴും അന്വേഷണം അട്ടിമറിക്കാൻ നീക്കം. സിബിഐ അന്വേഷണമെന്ന ആവശ്യം കുടുംബാഗങ്ങളും സുഹൃത്തുക്കളും ആവശ്യപ്പെടുമ്പോഴും പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടത് ഐജി തലത്തിലെ അന്വേഷണമാണ്. ഫലത്തിൽ അത് അംഗീകരിച്ചു. ഇതോടെ കെ എം ബഷീറിന്റെ അപകടമരണത്തിൽ ഉണ്ടായ അട്ടിമറി സാഹചര്യം ഇവിടേയും ഒരുത്തിരിയുകയാണ്.
പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തിയിരുന്നു. ഇടിച്ചപ്പോൾ തന്നെ അറിഞ്ഞെന്നും നിർത്താതെ പോയതാണെന്നും ഡ്രൈവർ മൊഴി നൽകുകയും ചെയ്തു. ഇത് അംഗീകരിച്ച് വെറുമൊരു അപകടമാക്കി കൊലപാതകത്തെ മാറ്റാനാണ് ശ്രമം. സിസിടിവി ദൃശ്യങ്ങളിൽ ലോറി വെട്ടിത്തിരിച്ച് പ്രദീപിനെ ഇടിക്കുന്നത് വ്യക്തമാണ്. മനപ്പൂർവ്വം നടത്തിയ നീക്കമാണെന്നും സൂചനയുണ്ട്. ലോറിക്ക് തൊട്ടു മുമ്പിൽ പ്രദീപിനെ കുടുക്കാൻ വേണ്ടി ഒരു ബൈക്കും ഉണ്ടായിരുന്നു. ഈ ബൈക്ക് ആരുടേതാണെന്നത് ഇനിയും കണ്ടെത്തിയില്ലെന്നാണ് സൂചന. ലോറിയും ബൈക്കും ചേർന്ന് നടത്തിയ തിരക്കഥയായിരുന്നു അപകടമെന്ന സംശയം സജീവമാണ്. എന്നാൽ ഇത്തരത്തിലുള്ള നിഗൂഡതയിലേക്കൊന്നും അന്വേഷണം നീങ്ങില്ല.
മംഗളം ടിവിയുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ ഉയരുന്നുണ്ട. ഇതും അന്വേഷണ അട്ടിമറിക്ക് കാരണമാണെന്നാണ് സൂചന. സിബിഐ അന്വേഷണം എത്താതിരിക്കാൻ ചില മാധ്യമ കേന്ദ്രങ്ങളും കളി നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഐജി ആവശ്യമെന്നത് മുന്നോട്ട് വച്ചത്. നേരത്തെ കെഎം ബഷീർ അപകടത്തിലും കേസ് അട്ടിമറിക്കാനും അപകടമുണ്ടാക്കിയ ശ്രീറാം വെങ്കിട്ടരാമന് സുരക്ഷിത താവളം ഒരുക്കാനും ചില അട്ടിമറികൾ നടന്നിരുന്നു. സമാനമായ ഇടപെടൽ ഇവിടേയും ഉണ്ടെന്നാണ് സംശയം. തെരഞ്ഞെടുപ്പ് കാലത്ത് പ്രദീപിന്റെ വാർത്തകൾ മറ്റ് മുഖ്യധാരാ മാധ്യമങ്ങളും നൽകുന്നില്ല. ഇതോടെ പ്രദീപിന്റെ മരണം വിസ്മൃതിയിലാകുമെന്നാണ് കണക്കുകൂട്ടൽ.
ഭയം കാരണമാണ് വാഹനം നിർത്താതെ പോയതെന്നാണ് ഡ്രൈവറായ പേരൂർക്കട സ്വദേശി ജോയി നൽകിയ മൊഴി. അപകട സമയം ലോറിയുടെ ഉടമയും വാഹനത്തിലുണ്ടായിരുന്നു. എം.സാൻഡുമായി വെള്ളായണി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന് ശേഷം വെള്ളായണിയിൽ ലോഡ് ഇറക്കിയെന്നും, അവിടെനിന്ന് തൃക്കണ്ണാപുരം വഴി പേർക്കടയിലെത്തിയെന്നും ഡ്രൈവർ പറഞ്ഞു. ലോറിയുടെ ഉടമ മോഹനനെയും പൊലീസ് ചോദ്യം െചയ്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പൊലീസ് സംഘം ഈഞ്ചയ്ക്കലിൽ നിന്ന് ലോറി കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്. സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന പ്രദീപിനെ അതേദിശയിൽ വന്ന ലോറി ഇടിച്ചിടുകയായിരുന്നു.
ലോറി ഡ്രൈവറുടെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കുകയാണെന്നു ഫോർട്ട് എസി പ്രതാപചന്ദ്രൻ നായർ അറിയിച്ചിട്ടുണ്ട് അപകട സമയത്തു ലോറിയിലുണ്ടായിരുന്ന ജീവനക്കാരനെയും ചോദ്യം ചെയ്യും. അപകടത്തിനു മുൻപും ശേഷവുമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. അപകടത്തിനു തൊട്ടു മുൻപുള്ള ക്യാമറാ ദൃശ്യങ്ങളിൽ പ്രദീപിന്റെ സ്‌കൂട്ടർ ഇടതു വശത്തെ ട്രാക്കിലൂടെയും 100 മീറ്ററോളം പിന്നിലായി ലോറി വലതു വശത്തെ ട്രാക്കിലൂടെയും പോകുന്നതു കാണാം. പെട്ടെന്ന് ലോറി ഇടതു വശത്തേക്ക് വെട്ടിത്തിരിച്ചു. ഇതിന് മുന്നിൽ ഉണ്ടായിരുന്ന ബൈക്ക് അപകമുണ്ടായിട്ടും നിർത്താതെ പോയി.
ലോറിക്കു തൊട്ടു മുന്നിലായി മറ്റൊരു ബൈക്കുമുണ്ടെന്നത് സംശയം കൂട്ടുന്നു. വലതു ട്രാക്കിൽ നിന്ന് ഇടത്തേക്കു മാറിയാണ് ലോറി സ്‌കൂട്ടറിൽ ഇടിക്കുന്നത്. റോഡിന്റെ മധ്യത്തേക്കു മറിഞ്ഞു വീണ പ്രദീപിന്റെ തലയിലൂടെ ലോറി കയറുകയായിരുന്നു. അപകടം നടന്ന ശേഷം ലോറി നിർത്താതെ അതിവേഗത്തിൽ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. പല സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ലോറിയുടെ നമ്പർ തിരിച്ചറിഞ്ഞത്. എന്നാൽ ബൈക്ക് കണ്ടു പിടിക്കാൻ ആരും ഒന്നും ചെയ്യുന്നില്ല. ലോറിയിൽ മാത്രമായി അന്വേഷണം ഒതുക്കാനാണ് നീക്കം.
വീടായ പള്ളിച്ചൽ ഗോവിന്ദ ഭവനിലേക്കു കൊണ്ടു പോയ മൃതദേഹം വൈകിട്ട് തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌കരിച്ചു. പല വാർത്താ ചാനലുകളിലും അവതാരകനായിരുന്ന പ്രദീപ് ഭാരത് ലൈവ് എന്ന ഓൺലൈൻ ന്യൂസ് ചാനൽ നടത്തുകയായിരുന്നു. രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെ ഉൾപ്പെടെ നൽകിയ വാർത്തകളെ തുടർന്നു പ്രദീപിന്റെ ജീവനു ഭീഷണിയുണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. അപകടത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു.
മംഗളത്തിലെ ഹണിട്രാപ്പുമായി ബന്ധപ്പെട്ട് നൽകിയ എസ് വി പ്രദീപ് ഹർജി പിൻവലിച്ചതിൽ ദൂരൂഹത സുഹൃത്തുക്കളും കാണുന്നു. ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രനെതിരെ മംഗളം ടിവി ചാനൽ നൽകിയ ഹണിട്രാപ്പ് കേസിൽ ജയിലിലായ മാധ്യമ പ്രവർത്തകനാണ് പ്രദീപ്. പിന്നീട് ഈ കേസിലെ സത്യങ്ങൾ തുറന്നു പറഞ്ഞ് പ്രദീപ് രംഗത്തു വന്നിരുന്നു. പിന്നീട് ഈ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രദീപ് തന്നെ ഹൈക്കോടതിയിൽ ഹർജി നൽകാൻ മുൻകൈയെടുക്കുകയായിരുന്നു. മുതിർന്ന മാധ്യമ പ്രവർത്തകനായ എംബി സന്തോഷും പ്രദീപിനൊപ്പം കൂടിയിരുന്നു. എന്നാൽ സന്തോഷ് പോലും അറിയാതെ ഈ ഹർജി പിൻവലിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം നഗരത്തിൽ വഞ്ചിയൂരിന് അടുത്ത് സഹോദര സമാജത്തിന് സമീപമാണ് എസ് വി പ്രദീപ് ജോലി ചെയ്തിരുന്നത്. ഇവിടെ നിന്ന് പതിവായി മടങ്ങുന്ന സമയത്തായിരുന്നു ഇന്നലത്തേയും യാത്ര. അതുകൊണ്ട് തന്നെ പ്രദീപിന്റെ യാത്രാ വഴിയിൽ കാത്തു നിന്ന ടിപ്പർ അപകടമുണ്ടാക്കാനുള്ള സാധ്യതയും ഏറെയാണ്. അപകടത്തിന് മുമ്പ് സാവധാനം പോയ ടിപ്പർ അതിന് ശേഷം അതിവേഗം കുതിച്ചു പാഞ്ഞത് ഇതിന്റെ സൂചനയാണ്. ആസൂത്രണത്തോടെ നടന്ന കൊലയിൽ കേസ് പിൻവലിച്ചതിന് എന്തെങ്കിലും പങ്കുണ്ടോ എന്നതാണ് സംശയം ഉയർത്തുന്നത്. എൽഎൽബിക്ക് ശേഷം മാധ്യമ പ്രവർത്തകനായ വ്യക്തിയാണ് പ്രദീപ്. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കേസിൽ ജയിക്കുമെന്ന ആത്മവിശ്വാസം പ്രദീപിനുണ്ടായിരുന്നു. അത്തരത്തിലൊരു കേസാണ് സഹ ഹർജിക്കാരനായ എംബി സന്തോഷ് പോലും അറിയാതെ പിൻവലിക്കാൻ പ്രദീപ് തയ്യാറായതായി സൂചനകൾ പുറത്തു വരുന്നത്. ഇത് വിശ്വസിക്കാൻ സന്തോഷിന് പോലും കഴിയുന്നില്ല.
ബലീവേഴ്സ് ചർച്ചിന്റെ റെയ്ഡിൽ മംഗളം ടിവിയുടെ ഓഫീസിലും ആദായ നികുതി ഉദ്യോഗസ്ഥരെത്തി. ഇതിന് സഹായകകരമായ രേഖകൾ കണ്ടെത്തിയതിന് പിന്നിൽ പ്രദീപിന്റെ ഇടപെടലുണ്ടായിരുന്നുവെന്നാണ് സൂചന. ബിലീവേഴ്സ് ചർച്ചിന് മംഗളം ടിവിയിൽ നിക്ഷേപമുണ്ടെന്ന സംശയത്തിലായിരുന്നു മംഗളം ഓഫീസിലെ റെയ്ഡുകൾ. മംഗളം ടിവിയുടെ മേധാവിയായ ആർ അജിത് കുമാറിന്റെ വീട്ടിലും റെയ്ഡ് നടന്നു. ഇതിനെല്ലാം പിന്നിൽ താനാണെന്ന് പറയാനും പ്രദീപിന് മടിയുണ്ടായില്ല. ഇതോടെ ശത്രുകൾ കൂടുകയും ചെയ്തു. അപ്പോഴും പഴയ സൗഹൃദങ്ങളുമായി പ്രദീപ് ചേർന്നു പോയി. എല്ലാം എല്ലാവരോടും പറഞ്ഞു. എന്നിട്ടും ഹണിട്രാപ്പിലെ കേസ് പിൻവലിക്കുന്ന കാര്യം ആരോടും പറഞ്ഞില്ല. പ്രദീപിന്റെ മരണത്തിന് ശേഷമാണ് ഇക്കാര്യം അവർ പോലും അറിയുന്നത്.
മറുനാടന് മലയാളി ബ്യൂറോ