കൊച്ചി : മാധ്യമ പ്രവർത്തകൻ എസ്.വി.പ്രദീപിന്റെ ദുരൂഹ അപകട മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദീപിന്റെ അമ്മ ആർ.വസന്തകുമാരി സമർപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ട് ഇന്നലെ കോടതിയിലുണ്ടായത് നാടകീയ സംഭവങ്ങൾ. കേസ് പരിഗണിക്കുന്നതിൽ നിന്നു ഹൈക്കോടതി ജസ്റ്റിസ് കെ.ഹരിപാൽ പിന്മാറിയത് ഏവരേയും അമ്പരപ്പിച്ചാണ്. ഇനി കേസ് 22നു പുതിയ ബഞ്ച് പരിഗണിക്കും. വസന്തകുമാരിക്കു വേണ്ടി അഡ്വ. ആർ. കൃഷ്ണരാജാണ് ഹാജരായത്.

എസ്.വി.പ്രദീപിന്റെ അപകടമരണത്തിൽ 24 ന്യൂസ് ചാനൽ മേധാവി ശ്രീകണ്ഠൻ നായർക്കു പങ്കുണ്ടോയെന്നും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ആർ.വസന്തകുമാരി ഇന്നലെ സമർപ്പിച്ച സത്യവാങ്മൂലം പരിഗണിക്കവേയാണ് ജസ്റ്റിസ് കെ.ഹരിപാൽ പിന്മാറിയത്. ശ്രീകണ്ഠൻ നായരുമായുള്ള ജസ്റ്റിസിനുള്ള വ്യക്തിപരമായ ബന്ധം കണക്കിലെടുത്താണ് കേസ് പരിഗണിക്കുന്നതിൽ നിന്നു സ്വയം ഒഴിവായത്. തീർത്തും നീതിപൂർവ്വകമായ നടപടിയായിരുന്നു ജസ്റ്റീസിന്റേത്.

പ്രദീപിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നേരത്തെ തന്നെ ഹൈക്കോടതിയിൽ അമ്മ നൽകിയിരുന്നു. ഈ കേസ് പരിഗണിക്കാൻ ദിവസങ്ങളുള്ളപ്പോഴാണ് പുതിയ വെളിപ്പെടുത്തലുകൾ എത്തിയത്. ഇതോടെ കേസിന് പുതിയ മാനം വന്നു. അതുകൊണ്ട് തന്നെ ഹൈക്കോടതി എടുക്കുന്ന തീരുമാനം ഏവരും ഉറ്റുനോക്കി. ഇതിനിടെയാണ് ജസ്റ്റീസ് ഹരിപാൽ സത്യം പറഞ്ഞ് കേസ് കേൾക്കുന്നതിൽ നിന്ന് ഒഴിഞ്ഞത്.

ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനൽ ജീവനക്കാരൻ ഫസൽ അബീനിൽ നിന്നു പ്രദീപിനു വധഭീഷണി ഉണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകിയിരുന്നെങ്കിലും അതിലേക്ക് അന്വേഷണം നടന്നില്ലെന്നു സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തി. ശ്രീകണ്ഠൻ നായരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലുള്ള വിരോധത്തിലായിരുന്നു വധഭീഷണി. ഇതേക്കുറിച്ചു പ്രദീപ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നതായും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്കു സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കരമന പൊലീസ് സ്റ്റേഷനിൽ ഫസൽ അബീനെ വിളിച്ചു വരുത്തി മാപ്പെഴുതി വാങ്ങി കേസ് അവസാനിപ്പിക്കുകയായിരുന്നു. അന്ന് ശ്രീകണ്ഠൻ നായരുടെ മകനും കൂടെയുണ്ടായിരുന്നുവെന്ന സംശയവും സജീവമാണ്. ഭീഷണിയുമായി ബന്ധപ്പെട്ട് പ്രദീപ് നൽകിയ പരാതി ഉൾപ്പെടെ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട് അതിനിടെ, പ്രദീപിന്റെ മരണത്തിൽ ശ്രീകണ്ഠൻ നായർക്കു പങ്കുണ്ടെന്നു 24 ന്യൂസ് ചാനലിലെ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ സിജിയും വെളിപ്പെടുത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് പ്രദീപിന്റെ അമ്മ ഹർജിയുമായി എത്തിയത്. ശ്രീകണ്ഠൻ നായരുടെ സ്വാധീനം കണക്കിലെടുത്ത് കേസന്വേഷണം സിബിഐക്കു കൈമാറണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിനെ കൊലചെയ്തത് ശ്രീകണ്ഠൻ നായരോ മകനോ ട്വന്റി ഫോർ ചാനൽ വൈസ് പ്രസിഡന്റ് സി ഉണ്ണികൃഷ്ണനോ ആണെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്ന് മാധ്യമപ്രവർത്തകയും ഉണ്ണികൃഷ്ണന്റെ ഭാര്യയുമായ സിജി ഉണ്ണിക്കൃഷ്ണൻ പറയുന്നത്. എന്നാൽ ഇവർ എസ്. വി പ്രദീപിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നത് തനിക്ക് നേരിട്ട് അറിവുള്ളതാണ്. അതാണ് താൻ വെളിപ്പെടുത്തിയതെന്നും സിജി പറയുന്നു.

ഉണ്ണിക്കൃഷ്ണൻ എസ്.വി പ്രദീപിനെ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം തന്നെയാണ് എന്നോട് പറഞ്ഞത്. അദ്ദേഹം ചെയ്തത് തെറ്റായിരുന്നെന്ന ബോധ്യം ഉള്ളതുകൊണ്ട് താൻ എസ്.വി പ്രദീപിനെ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞിരുന്നു. ശ്രീകണ്ഠൻ നായർ പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നതായും മകൻ നേരിട്ട് കേസ് കൊടുക്കുകയും മകനും ചാനൽ മേധാവിമാരും ഭീഷണിപ്പെടുത്തിയതായും എസ്.വി പ്രദീപ് തന്നെ തന്നോട് വെളിപ്പെടുത്തിയതായി സിജി മറുനാടനോട് പറഞ്ഞിരുന്നു.

കേസിലെ ചില സംശയങ്ങൾ നേരത്തെ കൃഷ്ണരാജും ഉന്നയിച്ചിരുന്നു. 2020 ഡിസംബർ 14നാണ് പ്രദീപ് മരിക്കുന്നത്. അന്ന് രാത്രിയിൽ തന്റെ മകനെ കൊലപ്പെടുത്തിയതാണെന്നും നിരവധി ഭീഷണികളുണ്ടെന്നും കാട്ടി പൊലീസിന് അമ്മ മൊഴി നൽകിയിരുന്നു. ഇതോടെ കൊലപാതക കുറ്റത്തിന് എഫ് ഐ ആർ വന്നു. അടുത്ത ദിവസം ഉച്ചയോടെ ലോറിയുടെ ഡ്രൈവറും ഉടമയും അറസ്റ്റിലായി. മൂന്ന് മണിയോടെ കൊലപാതകമല്ലെന്നും മനപ്പൂർവ്വമല്ലാത്ത നരഹത്യ മാത്രമാണ് സംഭവിച്ചതെന്നും കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. അടുത്ത ദിവസമാണ് പ്രതികളുടെ ഫോൺ ഡീറ്റയിൽസിലോട്ടു പോലും അന്വേഷണം പോകുന്നത്-കൃഷ്ണരാജ് പറയുന്നു.

പ്രദീപിന്റെ അപകടം സിസിടിവിയിൽ ഉണ്ടായിരുന്നു. അപകടം നടന്നതിന് എതിർവശത്തെ സിസിടിവി ദൃശ്യം മാത്രമാണ് പൊലീസ് ശേഖരിച്ചത്. അപകടം നടന്ന ഭാഗത്തെ സിസിടിവി കണ്ടില്ലെന്ന് നടിച്ചു. അവിടെ ഉണ്ടായിരുന്ന പച്ചക്കറിക്കട ഒരു മാസത്തിനുള്ളിൽ അടച്ചു പോയി. ഇതെല്ലാം സംശയിക്കത്തക്ക സാഹചര്യമാണെന്ന് കൃഷ്ണരാജ് പറയുന്നു. സിജി ഉണ്ണി കൃഷ്ണന്റെ പോസ്റ്റും ഗൗരവത്തോടെ എടുക്കണമെന്ന് കൃഷ്ണരാജ് വിശദീകരിക്കുന്നുണ്ട്. ഈ വിഷയവും ഹൈക്കോടതിയുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരുമെന്നാണ് കൃഷ്ണരാജ് ഫെയ്‌സ് ബുക്ക് ലൈവിലൂടെ അറിയിക്കുന്നത്. അതിനുള്ള കാരണവും കൃഷ്ണരാജ് തന്നെ വിശദീകരിക്കുന്നുണ്ട്.

എആർ റഹ്മാൻ ഷോയുമായി ബന്ധപ്പെട്ട് പ്രദീപ് വാർത്ത നൽകി. ഇതിന് പിന്നാലെ ഫോണിൽ ഭീഷണി സന്ദേശം എത്തി. ഫസൽ ഉൾ അബീദ് ആണ് 2019 ഡിസംബർ 18ന് പ്രദീപിനെ ഭീഷണിപ്പെടുത്തിയത്. ഫോൺ നമ്പർ സഹിതം കരമന പൊലീസിൽ പ്രദീപ് പരാതി നൽകി. ഇതോടെ സ്റ്റേഷനിലെത്തിയ ഫസൽ മാപ്പ് എഴുതി നൽകി. 24 ന്യൂസിന്റെ ഔദ്യോഗിക വാഹനത്തിലാണ് കരമന പൊലീസ് സ്റ്റേഷനിൽ ഫസൽ എത്തിയതെന്ന് കൃഷ്ണരാജ് പറയുന്നു. കൂടെ ശ്രീകണ്ഠൻ നായരുടെ മകൻ ശീരാജും ഉണ്ടായിരുന്നുവെന്നാണ് അഭിഭാഷകന്റെ വെളിപ്പെടുത്തൽ. അതുകൊണ്ട് തന്നെ സിജിയുടെ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് കൃഷ്ണരാജ് പറയുന്നു.

ഉണ്ണികൃഷ്ണന്റെ ഭാര്യ എന്ന നിലയിൽ മാത്രമല്ല തന്റെ അസ്തിത്വമെന്നും മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമെന്ന നിലയിൽ എസ്.വി. പ്രദീപിന്റെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരാൻ അവസാന ശ്വാസം വരെ പോരാടുമെന്നും സിജി പറയുന്നു.കഴിഞ്ഞ വർഷം ഡിസംബർ 14ന് തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തുണ്ടായ വാഹനാപകടത്തിലാണു പ്രദീപ് മരിച്ചത്. പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിനെ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജയ്ഹിന്ദ്, മനോരമ ന്യൂസ്, മീഡിയ വൺ, ന്യൂസ് 18, കൈരളി, മംഗളം ചാനലുകളിൽ പ്രദീപ് പ്രവർത്തിച്ചിട്ടുണ്ട്. ഓൺലൈൻ മാധ്യമത്തിൽ പ്രവർത്തിച്ചുവരുമ്പോഴാണ് പ്രദീപിന്റെ കൊലപാതകം നടന്നത്.