- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവം തെറ്റ് ചെയ്താലും ഞാനത് റിപ്പോർട്ട് ചെയ്യും എന്ന സ്വദേശാഭിമാനിയുടെ വാക്കുകൾ നെഞ്ചിൽ കൊണ്ടു നടന്ന ധീരൻ; മാനേജ്മെന്റുകളുമായി നിരന്തരം കലഹിച്ചത് മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി; രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായ മാധ്യമ പ്രവർത്തകന്റെ മരണത്തിൽ ദുരൂഹതകൾ മാത്രം
തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുകയും നിരന്തരം കലഹിക്കുകയും ചെയ്ത മാധ്യപ്രവർത്തകനായിരുന്നു ഇന്ന് അപകടത്തിൽ കൊല്ലപ്പെട്ട എസ് വി പ്രദീപ്. തന്റെ നീണ്ട മാധ്യമ ജീവിതത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നിയന്ത്രണത്തിലുള്ള മാധ്യമങ്ങളിൽ ജോലി ചെയ്യാൻ പ്രദീപിന് അവസരം ലഭിച്ചിരുന്നു. മാനേജ്മെന്റ് താത്പര്യങ്ങളാകരുത് മാധ്യമ പ്രവർത്തകന്റെ സ്വാതന്ത്ര്യത്തിന് അതിർവരമ്പ് നിശ്ചയിക്കുന്നത് എന്ന് പ്രഖ്യാപിച്ച് വിവിധ സ്ഥാപനങ്ങളിലെ തൊഴിൽ ഉപേക്ഷിക്കുകയും ചെയ്ത ഭയരഹിതനായ മാധ്യമ പ്രവർത്തകനായിരുന്നു എസ് വി പ്രദീപ്.
നീണ്ട വർഷക്കാലം മാധ്യമരംഗത്ത് പ്രവർത്തിച്ചുവരികയായിരുന്നു എസ്. വി പ്രദീപ്. ഓൾ ഇന്ത്യ ഡേിയോ, ദൂരദർശൻ എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷം മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിൾ, മീഡിയ വൺ, മംഗളം എന്നീ ചാനലിൽ പ്രവർത്തിച്ചിട്ടുണ്ട്. മംഗളം ചാനൽ വിട്ടതിന് ശേഷം വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുകയായിരുന്നു. മംഗളം ടെലിവിഷന്റെ ന്യൂസ് എഡിറ്ററായിരുന്നു ഇടക്കാലത്ത്. പ്രദീപ്. പിന്നീട് ഓൺലൈൻ മീഡിയകൾ തുടങ്ങുകയും അതെല്ലാം വിജയത്തിൽ എത്തിക്കുകയും ചെയ്തിരുന്നു . ഭാരത് ലൈവ് എന്ന യൂട്യൂബ് ചാനൽ നടത്തുകയായിരുന്നു പ്രദീപ്. ദൈവം തെറ്റ് ചെയ്താലും ഞാൻ അത് റിപ്പോർട്ട് ചെയ്യും എന്ന സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ വാക്കുകളായിരുന്നു പ്രദീപിനെ നയിച്ചിരുന്നത്.
എന്നും മാധ്യമ സ്വാതന്ത്ര്യമായിരുന്നു പ്രദീപ് ആവശ്യപ്പെട്ടത്. അജണ്ടയില്ലാതെയും ഭയരഹിതമായും വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ എന്നും ഇഷ്ടപ്പെട്ടിരുന്ന പ്രദീപിന് കലഹിക്കേണ്ടി വന്നത് മാനേജ്മെന്റുകളോട് തന്നെയായിരുന്നു. മംഗളം ചാനലിൽ എഡിറ്റോറിയൽ സ്വാതന്ത്ര്യം എന്ന മരുപ്പച്ച തേടിയാണ് പ്രദീപ് എത്തുന്നത്. എന്നാൽ, എ കെ ശശീന്ദ്രൻ ഹണിട്രാപ്പ് വിവാദത്തിൽ ജയിൽവാസവും പ്രദീപിനെ കാത്തിരുന്നു. അതിന് ശേഷമാണ് മംഗളം വിടുന്നതും യൂട്യൂബ് ചാനലിന്റെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താൻ തീരുമാനിക്കുന്നതും.
സ്വന്തം യൂട്യൂബ് ചാനലിലൂടെ എസ് വി പ്രദീപ് സമൂഹത്തിലെ അനീതിക്കെതിരെ ആഞ്ഞടിച്ചു. കോൺഗ്രസും സിപിഎമ്മും ബിജെപിയും പ്രദീപിന്റെ രൂക്ഷ വിമർശനത്തിന് പാത്രമായി. രാഷ്ട്രീയ നേതാക്കളുടെ പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും പൊളിച്ചുകാട്ടാൻ ധൈര്യപ്പെടുന്ന കേരളത്തിലെ ചുരുക്കം മാധ്യമ പ്രവർത്തകരുടെ പട്ടികയിൽ പ്രദീപും ഇടംപിടിച്ചു. അഥവാ, കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരുടെയും ഹിറ്റ് ലിസ്റ്റിലുള്ള മാധ്യമ പ്രവർത്തകനായിരുന്നു പ്രദീപ്. അതുകൊണ്ട് തന്നെയാണ് പ്രദീപിന്റെ അപകട മരണത്തിൽ കേരളീയ സമൂഹം അസ്വാഭാവികത കാണുന്നതും രാഷ്ട്രീയ നേതൃത്വങ്ങളെ മുഴുവൻ സംശയത്തോടെ നോക്കുന്നതും.
തിരുവനന്തപുരത്തു നേമത്തു വെച്ചുണ്ടായ അപകടത്തിലാണ് മരണം. ഇന്ന് വൈകിട്ട് 3 .30 നാണു അപകടം സംഭവിച്ചത്. സ്വരാജ് മസ്ദ ലോറി പ്രദീപിന്റെ ബൈക്കിൽ വന്നിടിക്കുകയായിരുന്നു, ഇടിച്ച ലോറി നിർത്താതെ പോയി. സ്വരാജ് മസ്ത ലോറിയാണ് ഇടിച്ചതെന്നു നേമം പൊലീസ് വ്യക്തമാക്കി.തിരുവനന്തപുരം നേമത്തിനടുത്തു വെച്ച് പ്രദീപിന്റെ വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. കാരയ്ക്കാ മണ്ഡപത്തിന് അടുത്തായിരുന്നുഅപകടം. പ്രദീപ് ആക്ടീവയിൽ സഞ്ചരിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. വൈകിട്ട് 3. 30 നാണ് അപകടമുണ്ടായത്.
അതിനിടെ, എസ്.വി.പ്രദീപിന്റെ അപകട മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുക. തിരുവനന്തപുരം ഡിസിപി അപകടസ്ഥലം സന്ദർശിച്ചു. ഇടിച്ചിട്ട വാഹനം നിർത്താതെ പോയത് ദുരൂഹത ഉണർത്തിയിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു.
മറുനാടന് ഡെസ്ക്