- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രദീപിനെ ഇടിച്ചിട്ടത് അറിഞ്ഞിരുന്നുവെന്ന് ലോറി ഡ്രൈവർ; അപകട സമയത്ത് ലോറി ഉടമ മോഹനനും വാഹനത്തിൽ ഉണ്ടായിരുന്നു; പ്രദീപിന്റെ ആക്ടീവയ്ക്ക് പിന്നിൽ ഇടിച്ചത് മണലുമായി പോകുന്നതിനിടെ; ഇടിച്ചതിന് ശേഷം എന്തുകൊണ്ട് നിർത്താതെ പോയി എന്ന് ചോദ്യത്തിൽ ഡ്രൈവർ ജോയിയുടെ ഉരുണ്ടുകളി; ലോറി ഉടമയെയും വിശദമായി ചോദ്യം ചെയ്യാൻ പൊലീസ്; സംഭവത്തിൽ ദുരൂഹത തുടരുന്നു
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിന്റെ അപകട മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.ലോറിയുടെ ഡ്രൈവർ വട്ടിയൂർക്കാവ് മണികണ്ഠേശ്വരം സ്വദേശി ജോയിയേയും പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് അപകടം എങ്ങനെയെന്ന് വ്യക്തമായത്.
ഫോർട്ട് എ സി പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജോയിയെ കസ്റ്റഡിയിലെടുത്തത്. ഈഞ്ചയ്ക്കൽ വച്ച് പിടികൂടിയ ജോയിയെ ഇപ്പോൾ നേമം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്.അപകടം നടന്ന സമയത്ത് മണ്ണുമായി നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്നു ജോയി. അവിടെ മണ്ണിറക്കിയ ശേഷം വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാളെ പിടികൂടിയത്.
അപകടം അറിഞ്ഞിരുന്നുവെന്ന് ഡ്രൈവർ ജോയി പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അപകട സമയത്ത് ലോറി ഉടമ മോഹനനും വാഹനത്തിലുണ്ടായിരുന്നു. ഇയാളെയും വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
മണലുമായി പോകുന്നതിനിടെയാണ് ലോറി പ്രദീപിന്റെ സ്‌കൂട്ടറിന് പിന്നിലിടിച്ചത്. ഇടിച്ചതിന് ശേഷം എന്തുകൊണ്ട് നിർത്താതെ പോയി എന്നതിന് ഡ്രൈവർ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. സ്‌കൂട്ടറിന് പിന്നിൽ ലോറി ഇടിച്ചതോടെ പ്രദീപ് റോഡിലേക്ക് വീഴുകയും പിൻചക്രം തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഡ്രൈവർക്കെതിരേ പൊലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എം സാൻഡ് ഇറക്കിയശേഷം, അപകടം നടന്ന സ്ഥലം ഒഴിവാക്കി മറ്റൊരു വഴിയിലൂടെയാണ് പേരൂർക്കടയിലേക്കു പോയത്. ലോറി നമ്പർ വ്യക്തമല്ലെന്നു മാധ്യമങ്ങളിലൂടെ അറിഞ്ഞശേഷമാണ് രാവിലെ ലോറി വീണ്ടും എടുത്തത്. ഈ ലോറി ഈഞ്ചക്കലിലൂടെ പോകുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തത്.
ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. അപകടം നടന്ന സ്ഥലത്ത് ട്രാഫിക് സിസിടിവി ഇല്ല. എതിർവശത്തെ ഒരു കടയിലെ സിസിടിവി ദൃശ്യം മാത്രമാണ് ഇതുവരെ കിട്ടിയത്. ഇടിച്ചിട്ട വാഹനം ഏതാണെന്ന് കണ്ടെത്താൻ പോലും പൊലീസിന് കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. അതിനിടെയാണ് നാടകീയമായി ലോറി പിടികൂടുന്നത്. ജോയി എന്ന ഡ്രൈവറും അറസ്റ്റിലായി. ഈഞ്ചയ്ക്കൽ ഭാഗത്തേക്ക് മണലുമായി പോകുമ്പോഴാണ് ടിപ്പർ പിടികൂടിയത്.
പ്രദീപിന്റെ ബൈക്കിൽ ചെറുതായി മാത്രമേ ലോറി തട്ടിയിട്ടുള്ളൂ. സ്‌കൂട്ടറിന് പ്രശ്നമൊന്നും ഉണ്ടായിട്ടില്ല. ഇടിയിൽ മറിഞ്ഞു വീണ പ്രദീപിന്റെ ദേഹത്തു കൂടി വാഹനം കയറ്റി ഇറക്കി പോവുകയായിരുന്നു. പതിയെ വന്ന വാഹനം അപകടത്തിന് ശേഷം വേഗത കൂട്ടുകയും ചെയ്തു. ദേശീയ പാതയിലെ അപകടമുണ്ടാക്കിയ വണ്ടി പൊലീസിന് കണ്ടെത്താനാവാത്തത് വിവാദമായി. ഇതിനിടെയാണ് വാഹനം കസ്റ്റഡിയിൽ എടുക്കുന്നത്. എങ്ങനെയാണ് വാഹനം കണ്ടെത്തിയതെന്നത് ഇപ്പോഴും രഹസ്യമാണ്.
നേരത്തെ നടത്തിയ ഫോറൻസിക് പരിശോധനയിലും മറ്റും ടിപ്പറിന്റെ ടയറുകളാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമായിരുന്നു. പിടിച്ചെടുത്ത ലോറിയിലും ഈ പരിശോധന നടത്തും. ടയറും മറ്റും പരിശോധിച്ച് ഈ വാഹനമാണോ അപകടമുണ്ടാക്കിയതെന്നും ഉറപ്പിക്കും. ഡ്രൈവർ പ്രാഥമികമായി കുറ്റം സമ്മതിച്ചതായും സൂചനയുണ്ട്
നേമം പൊലീസ് സ്റ്റേഷനിലാണ് ലോറിയും ഡ്രൈവറെയും എത്തിച്ചത്. വിശദമായ ചോദ്യം ചെയ്യൽ ഇവിടെ പുരോഗമിക്കുകയാണ്. ഫോർട്ട് അസി. കമ്മീഷണർ പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതിപക്ഷവും ബന്ധുക്കളും ദുരൂഹതയുണ്ടെന്ന സംശയം പ്രകടിപ്പിച്ചിരിക്കുന്നതിനാൽ പൊലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്.പ്രദീപിന് നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിക്കാറുണ്ടായിരുന്നുവെന്നും വിദേശത്ത് നിന്നും ഭീഷണികൾ ഫോണിലൂടെയും മറ്റും വന്നിരുന്നുവെന്ന് കുടുംബം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ