ന്യൂയോർക്ക്: മജ്ജയുടെ പ്രവർത്തനം തകരാറിലായി ചികിത്സയിൽ കഴിയുന്ന മുൻ സൈനികൻ ഷിബു ആർനോൾഡിനു (35) വേണ്ടി റോക്ക് ലാൻഡ് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിൽ  12നു (ഞായർ) ഒന്നു മുതൽ ബോൺ മാരോ രജിസ്‌ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. ഇടവകാംഗങ്ങൾക്കു പുറമേ ആർക്കു വേണമെങ്കിലും ഈ സദുദ്യമത്തിൽ പങ്കു ചേരാം. (5 Willow Tree Road, Wesley Hills, New York 10952)

അനുയോജ്യമായ മജ്ജ കണെ്ടത്താൻ വേണ്ടി 'ബി ദി മാച്ച്' രജിസ്‌ട്രേഷൻ സമാറിന്റെ നേതൃത്വത്തിൽ (സൗത്ത് ഏഷ്യന്മാരോ അസോസിയേഷൻ ഓഫ് റിക്രൂട്ടേഴ്‌സ്) ആണു നടത്തുന്നത്. ഒരു ഫോം പൂരിപ്പിച്ച് കൊടുത്ത് ഒരു തുള്ളി ഉമിനീരും കൊടുത്താൽ മതി. പരിശോധനയ്ക്കുശേഷം അതു ഷിബുവിനു അനുയോജ്യമെങ്കിൽ അറിയിക്കും. ഇല്ലെങ്കിൽ രജിസ്റ്ററിൽ പേരു ചേർക്കും. എപ്പോഴെങ്കിലും അനുയോജ്യരായവർ വന്നാൽ അത് ഉപകരിക്കും.

യുഎസ് വ്യോമസേനയിൽ സിവിൽ എൻജിനിയറിങ് സ്‌ക്വാഡ്രണിൽ സ്ട്രക്ചറൽ ജേർണിമാൻ ആയിരുന്ന ഷിബുവിനു രണ്ടു മാസം മുൻപാണു എംഡിഎസ് (മൈലോഡിസ് പ്ലാസ്റ്റിക് സിൻഡ്രോംസ്) കണെ്ടത്തിയത്. ബോൺ മാരോയുടെ (മജ്ജ) പ്രവർത്തനം ശരിയായി നടക്കാത്ത അവസ്ഥയാണത്. ഇതു രക്തത്തിലെ സെല്ലുകളെ ദോഷമായി ബാധിക്കുന്നു. അനുയോജ്യമായ മജ്ജ/സ്റ്റെം സെൽ മാറ്റി വച്ചാൽ തീരുന്ന പ്രശ്‌നമാണിത്. വീട്ടിലുള്ളവരുടെ മജ്ജ യോജിക്കുന്നില്ല. യോജിക്കുന്ന മജ്ജ/സ്റ്റെം സെൽ കിട്ടാൻ സാധ്യത കൂടുതൽ മലയാളികളിൽനിന്നോ ഇന്ത്യാക്കാരിൽ നിന്നോ ആണ്. പക്ഷെ മജ്ജ കൊടുക്കാൻ തയാറുള്ളവരുടെ ലിസ്റ്റിൽ അധികം മലയാളികളോ ഇന്ത്യാക്കാരോ ഇല്ലെന്നതാണു പ്രശ്‌നം. പതിനെട്ടു മുതൽ 44 വയസ് വരെയുള്ളവരുടെ മജ്ജ/സ്റ്റെം സെൽ ആണു വേണ്ടത്.

ന്യൂയോർക്കിലുള്ള പ്രശസ്ത എഴുത്തുകാരി ഡോ. എൻ.പി. ഷീലയുടെ പുത്രനാണു ഷിബു. ഒന്നോ രണ്ടാ മാസത്തിനുള്ളിൽ മജ്ജ/സ്റ്റെം സെൽ കിട്ടണമെന്നു സഹോദരി എംഐടിയിലുള്ള ഡോ. ഷീബ ജോസഫ് പറഞ്ഞു. അല്ലെങ്കിൽ അതു എഎംഎൽ (ഒരു തരം രക്താർബുദം) ആയി മാറാം.

പത്തു വർഷം മുൻപ് കാറപകടത്തിൽ നിന്നു ഷിബു രക്ഷപ്പെട്ടതാണ്. അപകടത്തിൽ ശരീരരത്തിലും തലയിലും ഗുരുതരമായ പരിക്കുകളേറ്റ് ഒരു മാസത്തോളം കോമയിൽ കിടന്നു. അത്തരം സ്ഥിതിയിൽ നിന്നു സാദാ ജീവിതത്തിലേക്കു മടങ്ങിയ ഷിബു ഈ പോരാട്ടത്തിലും വിജയിക്കും ചെറിയൊരു സഹായം കിട്ടിയാൽ. അതിനു കഴിയുന്നത്ര പേർ മുന്നോട്ടു വരണം.