തിരുവനന്തപുരം: പത്രസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ സ്മരണയും ഫണ്ടു വിഴുങ്ങികൾ വരുമാന മാർഗമാക്കി. ചലച്ചിത്ര താരം സുരേഷ് ഗോപി വിലയ്ക്കു വാങ്ങി തിരുവനന്തപുരം പ്രസ് ക്ലബിനു കൈമാറിയ സ്വദേശാഭിമാനിയുടെ ജന്മഗൃഹം കടുത്ത അവഗണനയിൽ ആണിപ്പോൾ.

ഏറെ പ്രതീക്ഷകളോടും അഭിമാനത്തോടുമാണു സുരേഷ് ഗോപി സ്വന്തം പോക്കറ്റിലെ തുക വിനിയോഗിച്ചു സ്വദേശാഭിമാനിയുടെ ജന്മഗൃഹ നവീകരണ പദ്ധതിയിൽ പങ്കാളിയായത്. സ്വദേശാഭിമാനിയുടെ ജീവിതം സിനിമയാക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ വേഷം പ്രതിഫലമില്ലാതെ ചെയ്യാമെന്ന വാഗ്ദാനവും ജന്മഗൃഹം ഏറ്റെടുക്കൽ ചടങ്ങിൽ സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. സ്വദേശാഭിമാനിയുടെ ജന്മഗൃഹവും പത്തു സെന്റു സ്ഥലവുമാണ് സുരേഷ് ഗോപി വാങ്ങി പ്രസ് ക്ലബിനു കൈമാറിയത്.

നെയ്യാറ്റിൻകര അതിയന്നൂരിൽ 'കൂടില്ലാവീട്' എന്നറിയപ്പെടുന്ന സ്വദേശാഭിമാനിയുടെ ജന്മഗൃഹത്തിന്റെ പുനരുദ്ധാരണത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച 20 ലക്ഷം രൂപയിൽ 16 ലക്ഷം രൂപയും ചെലവാക്കിയില്ല. സ്വദേശാഭിമാനിയുടെ ജന്മഗൃഹത്തിൽ മാധ്യമ പ്രവർത്തന പഠന ഗവേഷണ കേന്ദ്രവും മ്യൂസിയവും സ്ഥാപിക്കാനുള്ള പദ്ധതി സമർപ്പിച്ചാണ് പ്രസ് ക്ലബ് ഭാരവാഹികൾ സർക്കാരിൽ നിന്നു പിആർഡി മുഖേന 20 ലക്ഷം രൂപ ഫണ്ട് കൈപ്പറ്റിയത്. സിപിഎം അനുഭാവമുള്ള മാധ്യമ പ്രവർത്തകരായിരുന്നു അന്ന് ക്ലബ്ബിന്റെ തലപ്പത്ത്. അവർ സ്വദേശാഭിമാനിയെ മറുന്നു.

തുക കൈപ്പറ്റിയെങ്കിലും ഒന്നും ചെയ്തില്ല. പൊളിഞ്ഞു വീഴാറായ വീടിനു നാലു ലക്ഷം രൂപ ചെലവിട്ടു മേൽക്കൂര നിർമ്മിച്ചതു മാത്രമാണു കണക്കിലുള്ളത്. ബാക്കി 16 ലക്ഷം രൂപ എങ്ങോട്ടു പോയെന്നു അറിയില്ല. സർക്കാർ അനുവദിച്ച തുകയ്ക്ക് വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കാനായി പിആർഡിയിൽ നിന്നു പല തവണ നോട്ടീസ് കിട്ടിയിട്ടും പ്രസ് ക്ലബ് ഭാരവാഹികൾ മറുപടി നൽകിയിട്ടില്ല. ഇക്കഴിഞ്ഞ ജനുവരിയിൽ അക്കൗണ്ടന്റ് ജനറൽ കേരളയുടെ ഓഡിറ്റ് വിഭാഗം സെക്രട്ടേറിയറ്റിലെ പിആർഡിയിൽ നടത്തിയ പരിശോധനയിൽ വിവിധ പ്രസ് ക്ലബുകൾക്ക് അനുവദിച്ച രണ്ടര കോടി രൂപ ദുർവിനിയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു.

ഈ തുക തിരിച്ചു പിടിക്കാനും പ്രസ് ക്ലബുകളുടെ ഭാരവാഹികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനും എജി ഓഡിറ്റ് ഇൻസ്‌പെക്ഷൻ റിപ്പോർട്ടിൽ പിആർഡി ഡയറക്ടർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വദേശാഭിമാനി മീഡിയ ഹബിന്റെ പേരിലുള്ള 20 ലക്ഷം രൂപയ്ക്കു പുറമെ തിരുവനന്തപുരം പ്രസ് ക്ലബ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് വികസനത്തിന്റെ പേരിൽ കൈപ്പറ്റിയ 30 ലക്ഷം രൂപയും കാണാനില്ലെന്നാണ് എജി റിപ്പോർട്ടിൽ നിന്നു വെളിപ്പെട്ടത്.

പ്രസ് ക്ലബുകൾക്കുള്ള സർക്കാർ ധനസഹായ ദുരുപയോഗ പരാതികൾ അന്വേഷിക്കാനായി പിആർഡിയിൽ രൂപീകരിച്ച ഇൻസ്‌പെക്ഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി ഗുരുതരമായ കൃത്യവിലോപം നടത്തിയതായും എജിയുടെ റിപ്പോർട്ടിലുണ്ട്. പ്രസ് ക്ലബുകൾക്കെതിരായ പരാതികൾ പരിശോധിച്ച് നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ സമിതി അംഗങ്ങളായ പിആർഡി ഉദ്യോഗസ്ഥർ വെട്ടിലായിരിക്കുകയാണ്.

ദുരുപയോഗിച്ച സർക്കാർ ഫണ്ട് തുക പലിശ സഹിതം തിരിച്ചു പിടിക്കാത്ത പക്ഷം തുകയുടെ സാമ്പത്തിക ബാധ്യത ഇൻസ്‌പെക്ഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളുടെ ചുമലിലാകും. കമ്മിറ്റി അംഗങ്ങൾ വിരമിക്കുമ്പോൾ ആനുകൂല്യങ്ങളും പെൻഷനും ഉൾപ്പെടെ ഫണ്ടിലെ സാമ്പത്തിക ബാധ്യത അടച്ചു തീർക്കാൻ സർക്കാർ പിടിച്ചു വയ്ക്കുമെന്ന ഭയത്തിലാണ് പിആർഡി ഉദ്യോഗസ്ഥർ.