വർക്കല; ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് മുൻ ട്രഷറർ സ്വാമി അമൃതാനന്ദ(79) സമാധിയായി. അസുഖങ്ങളെ തുടർന്നു ചികിൽസയിലായിരുന്നു. ട്രസ്റ്റ് ട്രഷററായി രണ്ടുതവണ സേവനം അനുഷ്ഠിച്ച അദ്ദേഹം മൂന്നര പതിറ്റാണ്ടോളം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ സെക്രട്ടറിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്. സമാധിയിരുത്തൽ ഇന്നു 10നു ശിവഗിരിയിൽ നടക്കും.

കോട്ടയം വൈക്കം കുലശേഖരമംഗലത്ത് ചാരുതറ വീട്ടിൽ 1939ൽ കൃഷ്ണൻ- ജാനകി ദമ്പതികളുടെ മകനായാണു ജനനം. പുരുഷോത്തമൻ എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. 1967ൽ സ്വാമി ശങ്കരാനന്ദ മഠാധിപതിയായിരിക്കെ ശ്രീനാരായണ ധർമമീമാംസാ പരിഷത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന ഇദ്ദേഹം പിന്നീട് അന്തേവാസിയാവുകയായിരുന്നു.

മഠം മുൻ പ്രസിഡന്റ് സ്വാമി ബ്രഹ്മാനന്ദയിൽനിന്നു സന്യാസദീക്ഷ സ്വീകരിച്ചു. ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയാണ്. ഒട്ടേറെ പുണ്യസ്ഥലങ്ങളിലേക്കു നഗ്‌നപാദനായി തീർത്ഥാടനം നടത്തിയ സ്വാമി അമൃതാനന്ദ, ശിവഗിരി മഠത്തിന്റെ കുറിച്ചിക്കര, തൃത്താല, ചെന്നൈ എന്നിവിടങ്ങളിലെ ആശ്രമങ്ങളിൽ സേവനം അനുഷ്ഠിച്ചു.