- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊങ്കാലയും വിഡ്ഢിത്തരങ്ങളും- ആറ്റുകാൽ പൊങ്കാലയെക്കുറിച്ച് സ്വാമി ഭദ്രാനന്ദ എഴുതുന്നു
പറയാനുള്ളത് പറയ്യാതെ വയ്യ, ഇതിന്റെ പേരിൽ കാവി കുരങ്ങന്മാർ എന്ത് പറഞ്ഞാലും എനിക്കതൊരു വിഷയമല്ല. എന്തൊരു വിഡ്ഢിത്തരമാണ് ആറ്റുകാൽ പൊങ്കാലയുടെ പേരിൽ അരങ്ങേറുന്നത്. പരമപവിത്രമായ ആറ്റുകാൽ അമ്മക്ക് പൊങ്കാല അർപ്പിക്കുന്നത് പട്ടിയും പൂച്ചയും പിച്ചക്കാരും പറക്കികളും പെടുക്കുന്നതും തുപ്പുന്നതുമായ റോഡിന്റേയും മലിന ജലം ഒഴുകുന്ന ഓടകളുട
പറയാനുള്ളത് പറയ്യാതെ വയ്യ, ഇതിന്റെ പേരിൽ കാവി കുരങ്ങന്മാർ എന്ത് പറഞ്ഞാലും എനിക്കതൊരു വിഷയമല്ല. എന്തൊരു വിഡ്ഢിത്തരമാണ് ആറ്റുകാൽ പൊങ്കാലയുടെ പേരിൽ അരങ്ങേറുന്നത്. പരമപവിത്രമായ ആറ്റുകാൽ അമ്മക്ക് പൊങ്കാല അർപ്പിക്കുന്നത് പട്ടിയും പൂച്ചയും പിച്ചക്കാരും പറക്കികളും പെടുക്കുന്നതും തുപ്പുന്നതുമായ റോഡിന്റേയും മലിന ജലം ഒഴുകുന്ന ഓടകളുടേയും അരുകിൽ. അമ്മയോടുള്ള ഭക്തിയും വിശ്വാസവും നല്ലതാണ്, അമ്മയുടെ ശക്തിയും കരുണയും സ്‌നേഹവും വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ സാധിക്കില്ല. ഞാനും അമ്മയുടെ പുത്രൻ തന്നെയാണ്, പക്ഷേ അമ്മക്ക് മക്കൾ നൽക്കുന്ന നിവേദ്യം ഇത്തരം നാറിയ സ്ഥലങ്ങളിൽ നൽകുന്നത് ശരിയായ നടപടിയല്ല.
പൊങ്കാല പരിസരത്ത് അരങ്ങേറുന്ന മറ്റൊരു തമാശ, ഒരു വശത്ത് അമ്മേയെന്ന് വിളിക്കുന്നു, മറുവശത്ത് സ്ഥലത്തിന് വേണ്ടി പരസ്പരം തള്ളക്ക് വിളിക്കുന്നു. ചുട്ടുപഴുത്ത വെയിലത്ത് പൂജാരി വിയർത്തൊലിച്ച് കൊണ്ടുവന്നു തളിക്കുന്ന വെള്ളത്തെ പുണ്യതീർത്ഥമെന്ന് അപ്പാടെ പറയാനും പ്രയാസമാണ്. ഞാൻ താന്ത്രിക കർമ്മം പഠിച്ചവാനാണ്, ആചാരങ്ങളെ മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു, അതേസമയം ഇത്തരം ശക്തി തെളിയിക്കൽ മത്സരത്തിനോട് യോജിക്കുന്നില്ല. ഹൈന്ദവ ആചാര കർമ്മങ്ങൾ നിർവഹിക്കുമ്പോൾ മനസ്സും ശരീരവും മാത്രം ശുദ്ധിയായാൽ പോര പരിസര ശുദ്ധിയും അനിവാര്യമാണ്.
എന്റെ പ്രിയ അമ്മ പെങ്ങമാരേ, സത്യത്തിൽ ഇങ്ങനെ ഒന്നുമുള്ളതല്ല യഥാർത്ഥ ആത്മീയത. അമ്പലം പ്രാർത്ഥിക്കാനുള്ള സ്ഥലമല്ല, മറിച്ച് ഊർജ്ജം സ്വീകരിക്കാനുള്ള സ്ഥലമാണ്. പെട്രോൾ പമ്പിൽ ചെന്ന് ചായ ചോദിക്കുന്ന പോലെയാണ് അമ്പലങ്ങളിൽ ചെന്ന് വരം ചോദിക്കുന്നത്. നിങ്ങൾ ലഹരിയിൽ നിന്നും ഉണരണം, ലഹരിയിൽ നടത്തുന്ന പ്രാർത്ഥനകൾക്ക് ഫലം ഉണ്ടാവില്ല. ഭൗതികമായ ആഗ്രഹങ്ങൾക്ക് വേണ്ടി ആശ്രയിക്കാനുള്ള സ്ഥലമല്ല അമ്പലം. സനാതന സംസ്‌കാരം കൃത്യമായി പഠിക്കാത്തതിന്റെ കുറവാണ് സർവ്വ കുഴപ്പങ്ങൾക്കും ആധാരം. നിങ്ങൾ ഭക്തിയുടെ ലഹരിയിലാണ്, ഹിന്ദു മതം എന്നത് ഒരു അവിയൽ മതമാണ്. അത് ഒരു ഘോര വനമാണ്. അതിനുള്ളിൽ സർവ്വ വന്യ മൃഗങ്ങളും പഴങ്ങളും വിഷചെടിയും ഔഷധങ്ങളും എല്ലാമുണ്ട്, ആ വനത്തെ കുറിച്ച് അറിവുള്ള ഒരു വഴിക്കാട്ടി നിങ്ങൾക്കരികിൽ ഇല്ലെങ്കിൽ തീർച്ചയായും നിങ്ങൾ അകപ്പെട്ടുപോകും.
സ്ത്രീകളുടെ ശബരിമല എന്ന പദത്തെ ചോദ്യം ചെയ്യാൻ ആരും ഇതേവരെ ഉണ്ടായില്ല. സ്ത്രീകളെ പൊതുവേ പറ്റിക്കാൻ എളുപ്പമാണ്. കേട്ടപടി കേൾക്കാത്ത പാതി ഭക്തിയുടെ ലഹരിയിൽ സ്ത്രീകളുടെ ശബരിമലയെന്ന പദം എല്ലാവരും അപ്പാടെ സ്വീകരിച്ചു. ശബരി എന്ന സന്യാസിനി വസിച്ചിരുന്ന സ്ഥലമാണ് ശബരിമല. ലങ്കയിലേക്ക് യുദ്ധത്തിന് പോയ ശ്രീരാമനെ തന്റെ തപശക്തിയാൽ ആകർഷിച്ച് അരുകിൽ വരുത്തി മോക്ഷപ്രാപ്തി നേടിയ ചരിത്രത്തെ വളച്ചൊടിച്ച് സ്ത്രീജനങ്ങളെ കബളിപ്പിക്കുന്ന വാക്കാണ് സ്ത്രീകളുടെ ശബരിമല എന്ന പദം. എല്ലാം പോട്ടെ, ആറ്റുകാൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഒരു മലയുടെ മുകളിൽ ആയിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു. യുക്തിയില്ലാതെ ഭക്തിയുടെ ഭ്രാന്ത് മൂത്ത് ഓരോന്നും വിളിച്ചു കൂവും അതുകേട്ട് ഓരിയിടാൻ കുറേ സാധനങ്ങൾ വേറേയും. ഈ നാടും നാട്ടുക്കാരും ഒരിക്കലും നന്നാവില്ല.
മറ്റൊരു മുറ്റൻ തമാശ അവിടുത്തെ പ്രാർത്ഥനയാണ്. സ്ത്രീ ജനങ്ങളുടെ പ്രാർത്ഥന കേട്ടാൽ ചിരിച്ച് പണ്ടാരമടങ്ങും. അമ്മേ ദേവി എനിക്ക് ലോൺ ശരിയാക്കിതരണേ, എന്റെ ചിട്ടിയുടെ ആദ്യ കുറി എനിക്ക് തന്നെ ലഭിക്കണേ, അയൽക്കാരി പുതിയ മാരുതി കാർ എടുത്തു എനിക്ക് ഇത്തവണ പുതിയ ഹോണ്ട കാർ ലഭിക്കേണേ, എന്റെ കടയിൽ കൂടുതൽ വരുമാനം തരണേ, എന്റെ കടം മാറ്റി എന്നെ ഒരു പണക്കാരിയാക്കി തരേണേ, എന്റെ റിയൽ എസ്‌റ്റേറ്റ് കച്ചവടം വിജയിപ്പിച്ചു തന്നാൽ കിട്ടുന്ന ലാഭത്തിന്റെ ഒരു പങ്ക് അമ്മയ്ക്കും തന്നു കൊള്ളാമേ, എന്റെ ഭർത്താവിന്റെ മറ്റവളുടെ തലയിൽ ഇടിതീ വീഴണേ, ഞാൻ ആഗ്രഹിക്കുന്ന ആ പാച്ചു അണ്ണനെ ചുക്കറകണ്ണി ചെല്ലമ്മക്ക് കിട്ടാതെ എനിക്ക് തന്നെ ലഭിക്കണേ ഇങ്ങനെ പോകും അവിടുത്തെ പ്രാർത്ഥനകൾ.
നിങ്ങളുടെ ഭവനങ്ങളിൽ ആറ്റുകാൽ പൊങ്കാല ദിവസം പൊങ്കാല ഇടുക. ഭൗതികമായ വസ്തുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുകയല്ല ചെയ്യേണ്ടത്, മറിച്ച് പ്രയത്‌നിക്കുകയാണ് വേണ്ടത്. നിങ്ങൾ അമ്മയുടെ സൃഷ്ടികളെയാണ് കാണുന്നത്, മറിച്ച് അമ്മയെ അല്ല. സൃഷ്ടാവായ അമ്മ നിങ്ങളുടെ ഉള്ളിലും അമ്മയുടെ സൃഷ്ടികൾ പുറത്തുമാണ്. നിങ്ങൾ ഒരിക്കലും അമ്മയെ അറിയുന്നില്ല, അറിയാൻ ശ്രമിക്കുന്നുമില്ല. നിങ്ങൾ എല്ലാവരും അബോധാവസ്ഥയിലാണ്. നിങ്ങളെ നിങ്ങളുടെ മത നേതാക്കൾ ഭക്തിയെന്ന ലഹരി നൽകി ബോധരഹിതരാക്കിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയും ഐശ്വര്യവും സ്ത്രീയാണ്.
നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകാൻ വേണ്ടി ഒരിക്കലും സ്വാർത്ഥരായി നിങ്ങൾ പൊങ്കാലയിടരുത., അതേസമയം ഒന്നും പ്രതീക്ഷിക്കാതെ, ആഗ്രഹിക്കാതെ നിർമ്മലമായ ഹൃദയത്തോടെ വേണം പൊങ്കാല അർപ്പിക്കാൻ. അങ്ങനെ ആരും ചെയ്യാറില്ല. അവിടെ തിളച്ചു തൂകുന്നത് നിങ്ങളുടെ ആഗ്രഹങ്ങളും സ്വാർത്ഥതയുമാണ്. ഒന്നും പ്രതീക്ഷിക്കാതെ നിർമ്മലമായ മനസോടെയുള്ള സ്‌നേഹ പൊങ്കാലവേണം അമ്മക്ക് അർപ്പിക്കാൻ. ഇന്ന് മുതൽ ഞാൻ ധർമ്മം പാലിക്കുമെന്നുള്ള പ്രതിജ്ഞ എടുത്തു കൊണ്ടുള്ള ഒരു ധർമ്മ പൊങ്കാല അർപ്പിക്കണം. നിങ്ങളുടെ ശരീരമായ കുടത്തിൽ ആഗ്രഹങ്ങളായ അരിയും മോഹങ്ങളായ ശർക്കരയും കൊണ്ട് ധ്യാനമായ അഗ്‌നിയിൽ വേണം പൊങ്കാല അർപ്പിക്കാൻ. അതാണ് യഥാർത്ഥ പൊങ്കാല. അതിൽ നിന്നും ഉണ്ടാവുന്ന മധുരമായ പ്രസാദം വേണം അമ്മക്ക് അർപ്പിക്കാൻ.
സമൂഹത്തിൽ നടക്കുന്ന തിന്മകൾക്കും രാഷ്ട്രീയ തെമ്മാടിത്തരങ്ങൾക്കും എതിരെയോ അല്ലെങ്കിൽ നമ്മുക്കിടയിൽ രോഗത്താൽ ദുരിതമനുഭവിക്കുന്നവർക്കും പീഡനങ്ങൾക്ക് ഇരയായി നരകിക്കുന്നവർക്കും വേണ്ടിയോ ഇത്തരമൊരു കൂട്ടായ്മ നിങ്ങൾ നടത്തിയിരുന്നെങ്കിൽ ആറ്റുകാൽ അമ്മ നിങ്ങളുടെ പ്രാർത്ഥന കേട്ടേനെ. സ്വന്തം കാര്യം കാണാൻ വേണ്ടി ഭക്തിയുടെ ലഹരി തലയ്ക്കു പിടിച്ച് അടിച്ച് പിമ്പിരിയായി ഇടുന്ന ഈ പൊങ്കാല കണ്ട് അമ്മ ചിരിക്കുകയാണ്. പാർട്ടിക്കാർ മദ്യം നൽകി സമരത്തിന് ആളെ കൂട്ടുന്നപോലെയാണ് മതങ്ങൾ ഭക്തി നൽകി ആളെ കൂട്ടുന്നതും. പൊങ്കാല അർപ്പിച്ചും, പെരുന്നാൾ കൊണ്ടാടിയും പണം വരിയെറിഞ്ഞതുകൊണ്ടൊന്നും നിങ്ങൾക്ക് ആത്മീയ അനുഭൂതി ലഭിക്കാൻ പോകുന്നില്ല.
മോടിയായി വസ്ത്രം ധരിച്ചാൽ ഒരിക്കലും നരേന്ദ്ര മോദിയാകില്ല. ഹിന്ദുക്കൾ വാക്കും ചൊല്ലും കേൾക്കാത്ത വവ്വാലുകളാണ്. അതുകൊണ്ട് ഒരുതരത്തിലും ഉപദേശിക്കാതിരിക്കുന്നതാണ് നല്ലത്. ഞാൻ ഒന്നും പറഞ്ഞതുമില്ല, നിങ്ങൾ ഒന്നും കേട്ടതുമില്ല... ഞാൻ ഈ നാട്ടുക്കാരനേ അല്ല ! നിങ്ങൾക്ക് ജ്ഞാനം ലഭിക്കാൻ അമ്മ അനുഗ്രഹിക്കട്ടെ.
അമ്മക്ക് പ്രണാമം.
(ഈ ലേഖനത്തിൽ പറയുന്ന അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രമാണ്. മറുനാടൻ മലയാളിയുടേതല്ല.)