തിരുവനന്തപുരം: കേരളത്തിൽ നിന്നും ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ട വാർത്തായായിരുന്നു ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സ്വാമിയുടെ ലിംഗം ധീരയായ പെൺകുട്ടി മുറിച്ചെടുത്തു എന്നത്. അതിവേഗം കാട്ടുതീപോലെ പടർന്ന ഈ വാർത്തക്കൊപ്പം പെൺകുട്ടിയുടെ ധീരതയെ പ്രശംസിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും ശ്രദ്ധയിൽപ്പെട്ടു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൾ കേസിനെ കുറിച്ചും സംഭവത്തെ കുറിച്ചും പല വിധത്തിലുള്ള വാർത്തകളും പടർന്നു. പരാതിക്കാരിയായ പെൺകുട്ടിയെ നിഷേധിച്ച് അമ്മ തന്നെ രംഗത്തെത്തി. സ്വാമിക്ക് അനുകൂലമായ നിലപാടും അവർ സ്വീകരിച്ചു. സ്വാമിയുടെ അമ്മ പറഞ്ഞതും തന്റെ മകൻ ഒരിക്കലും ലൈംഗിക അതിക്രമത്തിന് മുതിരില്ല എന്നതായിരുന്നു. ഇന്ന് പെൺകുട്ടി സ്വാമിയുടെ ലിംഗം മുറിച്ചത് താനല്ലെന്ന് കാണിച്ച് പെൺകുട്ടി കത്തെഴിതിയതും ഈ കത്ത് കോടതി മുമ്പാകെ എത്തിയതും കേസിലെ നിർണായക വഴിത്തിരിവായി മാറിയിരിക്കായാണ്.

നിയമ വിദ്യാർത്ഥിനി കൂടിയായ പെൺകുട്ടി ഇംഗ്ലീഷിൽ എഴുതിയ കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കത്തിൽ പറയുന്ന വിവരങ്ങൾ ഇതുവരെ സ്വാമിയെ പ്രതിക്കൂട്ടിൽ നിർത്തിയ കാര്യങ്ങളിൽ നിന്നെല്ലാം ക്ലീൻ ചിറ്റ് നൽകുന്നതാണ്. ജൂൺ 12 ഡേറ്റ് വെച്ച് എഴുതിയ കത്തിൽ പെൺകുട്ടി സ്വാമി ഗംഗേശാനന്ദയെ പിന്തുണച്ചു കൊണ്ടും സ്വാമിയുടെ സഹായങ്ങൾ എണ്ണിപ്പറഞ്ഞും ഉള്ളതാണ്. പെൺകുട്ടി പറഞ്ഞതെന്ന് പൊലീസ് പറഞ്ഞ കാര്യങ്ങളെ ഖണ്ഡിച്ചു കൊണ്ടുള്ള കത്തിൽ പ്രധാനമായും പറയുന്നത് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്നാണ്. മറിച്ച് പെൺകുട്ടിയുടെ കാമുകനായ വ്യക്തിക്കെതിരെ ആരോപണം ഉന്നയിക്കുന്നുമുണ്ട്. സ്വാമി തന്നെ കണ്ടിരുന്നത് മകളെ പോലെയാണെന്നും ഒരിക്കലും ലൈംഗികമായി തന്നെ സമീപിച്ചിട്ടില്ലെന്നും പെൺകുട്ടി വ്യക്തമാക്കുന്നു.

കത്തിലെ വിശദാംശങ്ങൾ ഇങ്ങനെയാണ്

സ്വാമിജിയുമായി ദ്വീർഘകാല ബന്ധം തനിക്കും കുടുംബത്തിനുമുണ്ട്. അദ്ദേഹം മകളെ പോലെയാണ് തന്നെ കണ്ടിരുന്നത്. സൗമ്യനായി പെരുമാറിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. പഠിക്കാനും മറ്റ് ആവശ്യങ്ങൾക്കും അദ്ദേഹം തന്നെ സഹായിച്ചിരുന്നു. 16ാം വയസ്സ് മുതൽ പീഡിപ്പിച്ചെന്ന ആരോപണം പൊലീസിന് മുന്നിൽ താൻ ഉന്നയിച്ചിട്ടില്ല. താൻ പറയാത്ത കാര്യം പൊലീസ് മൊഴിയിൽ എഴുതിച്ചേർത്തതാണ്.

അയ്യപ്പദാസ് എന്നയാളെ തനിക്കും കുടുംബത്തിനുമെന്ന പോലെ ഗംഗേശാനന്ദയ്ക്കും പരിചയമുണ്ട്. ഗംഗേശാനന്ദ പണം അപഹരിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അയ്യപ്പാദാസാണ് തന്നെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. എന്നാൽ, അയ്യപ്പദാസും മനു എന്ന മനോജ് മുരളിയും അജി എന്ന അജിത് കുമാറും ചേർന്നുള്ള പദ്ധതിയാണെന്ന് പിന്നീടാണ് മനസിലായത്. ഗൂഢാലോചനയുടെ ഭാഗമായി സമീപവാസിയായ എഡിജിപി ബി.സന്ധ്യയുമായി ബന്ധപ്പെടാനും കാര്യങ്ങൾ പറയാനും അയ്യപ്പദാസ് പറഞ്ഞിരുന്നു. എന്നാൽ, സന്ധ്യയ്ക്ക് തന്റെ കുടുംബത്തോടും ഗംഗേശാനന്ദയോടും ശത്രുതയുള്ളതിനാൽ അവരുമായി ബന്ധപ്പെട്ടില്ല.

സംഭവദിവസം കത്തി നൽകിയതും ജനനേന്ദ്രിയം മുറിക്കാൻ തന്നോട് നിർദ്ദേശിച്ചത് അയ്യപ്പദാസ് ആണ്. എന്നാൽ, രാത്രി ഗംഗേശാനന്ദയുടെ അടുത്ത് പോയെങ്കിലും തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് ഗംഗേശാന്ദയുടെ നിലവിളി കേട്ട് താൻ വീടിന് പുറത്തക്കോടുകയായിരുന്നു. അയ്യപ്പദാസ് നിർദ്ദേശിച്ചപ്രകാരം ബി.സന്ധ്യയുടെ വീട്ടിലെത്തി കോളിങ് ബെൽ അമർത്തിയെങ്കിലും തുറക്കാത്തതിനാൽ 100ലേക്ക് വിളിക്കുകയായിരുന്നു.

എന്നാൽ പൊലീസ് സ്‌റ്റേഷനിൽ എത്തിയതോടെ കഥമാറി. ആകെ തകിടം മറിയുന്ന അവസ്ഥയാണ് ഉണ്ടായത്. മൊഴി പലതവണ പൊലീസ് തിരുത്തിയെഴുതി. മലയാളം വായിക്കാൻ കഴിയാത്തതുമൂലം എന്താണ് എഴുതിവെച്ചതെന്ന് പരിശോധിക്കാനും സാധിച്ചില്ല. തന്നെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ സമയത്താണ് ഉദ്യോഗസ്ഥർ മൊഴി എഴുതിയത്. തിരിച്ചെത്തിയപ്പോൾ തന്റെ ഒപ്പ് രേഖപ്പെടുത്തുക മാത്രമായിരുന്നു.

അതേ ദിവസം തന്നെ പൊലീസ് ഉദ്യോഗസ്ഥർ മാറി മാറി തന്നെ കണ്ട് കെട്ടിച്ചമച്ച കഥ അംഗീകരിക്കാനും അമ്മയും ഗംഗേശാനന്ദയും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് പറയാനും ആവശ്യപ്പെട്ടെന്നും കത്തിൽ യുവതി ആരോപിക്കുന്നു. വീട്ടുകാരെ കാണാൻ അനുവദിച്ചതുമില്ല. മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലും കഥ ആവർത്തിക്കാൻ നിർബന്ധിച്ചെന്നും കത്തിൽ പറയുന്നു.

എൽഎൽബി പഠിക്കാൻ തനിക്ക് പ്രചോദനമായതും സ്വാമിയായിരുന്നു എന്നും കത്തിൽ യുവതി പറയുന്നുണ്ട്. താൻ കത്തിൽ സൂചിപ്പിച്ച കാര്യങ്ങൾ ശരിയാണെന്നും അതുവഴി സ്വാമിക്ക് തനിക്കെതിരായ ആരോപണങ്ങളിൽ നിന്നും പുറത്തുകടക്കാൻ കഴിയട്ടെ എന്നും യുവതി ആശംസിക്കുന്നുണ്ട്.