തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസിൽ വീണ്ടും വഴിത്തിരിവ്. ആസുപത്രിയിലെത്തി പെൺകുട്ടി സ്വാമിയെ കണ്ടതും അതിന് ശേഷം കാമുകനെതിരെ പരാതി നൽകി എന്നതുമാണ് ഇന്നുണ്ടായ സംഭവ വികാസങ്ങൾ. തന്റെ സുഹൃത്തെന്ന് കേസിന്റെ ആദ്യ നാളുകളിൽ വിശേഷിപ്പിച്ച അയ്യപ്പദാസിനെതിരെയാണ് പെൺകുട്ടി പരാതിയുമായി എത്തിയത്.

വിവാഹ വാഗ്ദാനം നൽകി അയ്യപ്പദാസ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പുതിയ പരാതി. തന്റെ കുടുംബത്തിൽ നിന്നും സ്വാമിയിൽ നിന്നുമായി 14 ലക്ഷം രൂപ അയ്യപ്പദാസ് തട്ടിയെടുത്തുവെന്നും യുവതി പേട്ട പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മാതാപിതാക്കളിൽ നിന്ന് ആറ് ലക്ഷവും ഗംഗേശാനന്ദയിൽ നിന്ന് എട്ട് ലക്ഷവും വാങ്ങിയെന്നാണ് ഇംഗ്ലീഷിൽ നൽകിയ പരാതിയിൽ പറയുന്നത്. ഗംഗേശാനന്ദക്കെതിരെ ആദ്യം പരാതി നൽകിയ യുവതി ആദ്യമായാണ് കാമുകനെന്ന് പറയപ്പെടുന്ന അയ്യപ്പദാസിനെതിരെ പരാതി നൽകുന്നത്.

അതേസമയം താൻ വീട്ടു തടങ്കലിൽ അല്ലെന്നും പൊലീസിനെ യുവതി അറിയിച്ചു. യുവതി വീട്ടുതടങ്കലിലാണ് എന്ന് ആരോപിച്ച് അയ്യപ്പദാസ് നൽകിയ ഹർജിയിൽ നിലപാട് അറിയിക്കാൻ കോടതി പൊലീസിനോട് അവശ്യപ്പെട്ടിരുന്നു. പേട്ട സിഐ ഓഫീസിൽ എത്തിയാണ് പെൺകുട്ടി രാതി നൽകിയത്. എന്നാൽ സിഐ സ്ഥലത്തില്ലാത്തതിനാൽ പരാതി സ്വീകരിച്ചുവെന്ന രസീത് പെൺകുട്ടിക്ക് നൽകിയില്ല. പരാതി ഓഫീസിൽ നൽകിയ പെൺകുട്ടിയും അഭിഭാഷകനും മടങ്ങുകയായിരുന്നു. പരാതിയുമായി എത്തുന്നതിന് മുമ്പ് ആശുപത്രിയിൽ കഴിയുന്ന സ്വാമിയെയും പെൺകുട്ടി കണ്ടിരുന്നു.

ദുരൂഹതകൾ തുടരുന്ന സ്വാമികേസിൽ പെൺകുട്ടി മൊഴിമാറ്റിയ സാഹചര്യത്തിലാണ് പൊലീസ് ശാസ്ത്രീയപരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാൽ കേസിൽ യുവതിക്ക് നുണപരിശോധനയും ബ്രെയിൻ മാപ്പിങ്ങും നടത്തണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഇതിനുള്ള അനുമതിയും കോടതി നൽകി. ഈ മാസം 22ന് യുവതി നേരിട്ട് കോടതിയിൽ ഹാജരായി നിലപാട് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. യുവതിയുടെ സമ്മതമുണ്ടെങ്കിലേ നുണ പരിശോധന നടക്കൂ. ഗംഗേശാനന്ദ നിരന്തരം പീഡിപ്പിച്ചുവെന്ന് ആദ്യം മൊഴി നൽകിയ യുവതി പിന്നീട് ഇത് തിരുത്തിപ്പറഞ്ഞിരുന്നു.

ഗംഗേശാനന്ദയുടെ ജാമ്യ ഹർജി ഇന്നാണ് പോക്‌സോ കോടതി തള്ളിയത്. ആരോഗ്യനില വഷളായതിനാൽ ജാമ്യം നൽകണമെന്നായിരുന്നു ഗംഗേശാനന്ദയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ജാമ്യം നൽകുന്നത് ഇതിനെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പെൺകുട്ടി വീട്ടുകാരുടെ തടങ്കലാണെന്ന ചൂണ്ടികാട്ടി അയ്യപ്പദാസ് ഹെബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ താൻ മാതാപിതാക്കൾക്കൊപ്പം സുരക്ഷമായി വീട്ടിൽ താമസിക്കുകയാണെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.

അതിനിടെ ഫോറൻസിക് പരിശോധനയിൽ പീഡനം നടന്നതായി തെളിവൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവ സമയത്ത് പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങൾ പരിശോധിച്ചതിൽ ലൈംഗിക പീഡനം നടന്നതിന്റേതായ സൂചനകളൊന്നും കണ്ടെത്താനായിട്ടില്ല. എന്നാൽ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാൻ പൊലീസ് തീരുമാനിച്ചിരുന്നെങ്കിലും പെൺകുട്ടി അതിന് തയ്യാറാകാത്തത് പൊലീസിനെ വിഷമവൃത്തത്തിലാക്കുന്നുണ്ട്.

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ് വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണിപ്പോൾ. അന്വേഷണം നടത്തുന്ന പേട്ട പൊലീസിനെതിരെ പെൺകുട്ടി ആക്ഷേപം ഉന്നയിക്കുകയും മജിസ്ട്രേറ്റിന് നൽകിയ മൊഴി മാറ്റിപ്പറയുകയും ചെയ്യുന്ന സാഹചര്യത്തിൽ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു കൊണ്ട് സർക്കാർ ഉത്തരവിട്ടിരുന്നു. ബലാൽസംഗം ശ്രമം ചെറുക്കുന്നതിനിടെ ജനനേന്ദ്രിയം മുറിച്ചുവെന്നായിരുന്നു പെൺകുട്ടിയുടെ രഹസ്യമൊഴി. എന്നാൽ എല്ലാം പൊലീസ് കഥയാണെന്നും സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നും ചൂണ്ടികാട്ടി പെൺകുട്ടി നൽകിയ കത്തും പ്രതിഭാഗം അഭിഭാഷകനുമായി നടത്തിയ ഫോൺ സംഭാഷണവും പുറത്തായതോടെയാണ് ദുരൂഹതകൾ വർദ്ധിക്കുന്നത്. പെൺകുട്ടിയെ സ്വാമിയുടെ ഇടനിലക്കാർ സ്വാധീനിച്ചുവെന്നാണ് പൊലീസിന് ലഭിക്കുന്നവിവരം.